കൊടപ്പനക്കൽ തറവാട്ടിലെ നോമ്പോർമ
text_fieldsറമദാൻ മാസമുറപ്പിക്കലിന്റെ കേന്ദ്രമായി മാറുന്ന തറവാട്ടു വീട്ടിലെ ഓർമകളും പിതാവിനും മാതാവിനുമൊപ്പമുള്ള നോമ്പുകാലവും ഓർത്തെടുക്കുന്നു
കുട്ടിക്കാലത്തെ നോമ്പിനെ ഓർത്തെടുക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റമദാൻ മാസപ്പിറവിയുടെ ഒരുക്കങ്ങളാവും. ശഅബാനിലെ അവസാന ദിവസത്തിൽ ഉച്ച മുതൽ തന്നെ ഞങ്ങളുടെ കൊടപ്പനക്കൽ തറവാട്ടുവീട്ടിൽ മാസപ്പിറവിയുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ തുടങ്ങിക്കാണും.
പിതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഖാദി സ്ഥാനം വഹിക്കുന്ന വിവിധ മഹല്ലുകളുടെ പ്രതിനിധികൾ നാടിന്റെ പലദിക്കിൽനിന്നും ജീപ്പിൽ എത്തിത്തുടങ്ങും. വൈകീട്ടായാൽ ഫോണിനും വിശ്രമമുണ്ടാവില്ല. ബാപ്പയും സമസ്തയുടെ നേതാക്കളുമെല്ലാം എവിടെയെങ്കിലും മാസപ്പിറവി കണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാവും.
ആകെ ബഹളവും ഉദ്വേഗവും നിറഞ്ഞ ആ ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾക്കും എളാപ്പമാർക്കുമെല്ലാം പ്രധാന ചുമതല റമദാൻ ഉറപ്പിച്ചുകഴിഞ്ഞാൽ അത് കത്തുകളാക്കി എഴുതലാണ്. ‘മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാൽ അടുത്ത ദിവസം റമദാൻ ഉറപ്പിച്ചിരിക്കുന്നു...’ എന്ന് തുടങ്ങുന്ന കത്ത് ഞങ്ങൾ എഴുതി തയാറാക്കും. ഇതിൽ ബാപ്പ ഒപ്പുവെച്ചാകും ഓരോ മഹല്ലിലേക്കുമായി ബന്ധപ്പെട്ടവർക്ക് നൽകുന്നത്.
ഒപ്പം, നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വരുന്ന ഫോണിന് മറുപടി നൽകലും ഞങ്ങളുടെ ജോലിയാണ്. മാസം കണ്ടോ, റമദാൻ ആയോ എന്നു തുടങ്ങിയുള്ള ഫോൺ വിളികളാൽ സജീവമാകും ആ ദിവസം. സമസ്തയുടെ പണ്ഡിതരും, മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടന നേതാക്കളുമെല്ലാം വിളിച്ച് റമദാൻ ഉറപ്പിക്കുന്നതിൽ ഒരു ഏകോപനവുമുണ്ടാകും.
മാസം കണ്ടു കഴിഞ്ഞാൽ, ആദ്യ നോമ്പെടുക്കുക എന്നത് ഞങ്ങൾ കുട്ടികൾക്കും ആവേശമാണ്. ഒന്നാം നോമ്പിന് ക്ഷീണം കൂടുമ്പോൾ ഉമ്മയുടെ സ്നേഹം കൂടുതലായും ലഭിക്കും. നോമ്പ് മുറിയാതെ മഗ്രിബ് വരെ എത്തിക്കാൻ ഉമ്മ കരുതലോടെയുണ്ടാകും.
ബാപ്പ അതിരാവിലെ വിളിച്ചുണർത്തി, ഒന്നിച്ച് അത്താഴം കഴിച്ച് സുബ്ഹിക്ക് പള്ളിയിലേക്ക് പോകുന്നതും ഇമ്പമുള്ള ഓർമയാണ്. പതിവായി കറുത്ത തൊപ്പിയിടുന്ന ബാപ്പ റമദാനിൽ വെളുത്ത തൊപ്പിയിലേക്ക് മാറും. ഞങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും ബാപ്പയുടെ സാമീപ്യം കൂടുതലായി കിട്ടുന്ന കാലമാണ് റമദാൻ.
പുറത്തെ പരിപാടികളോ മറ്റോ റമദാനിൽ അധികമുണ്ടാവില്ല. അത് ഞങ്ങൾ വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ചെലവഴിക്കാനാവും ബാപ്പ ഏറ്റവും കൂടുതൽ നീക്കിവെക്കുന്നത്.
പഴയകാല ഓർമകളും കൂട്ടുകാരുടെ വിശേഷവും വല്ല്യുപ്പാക്ക് (പി.എം.എസ്.എ പൂക്കോയ തങ്ങൾ) ഒപ്പമുള്ള കഥകളുമെല്ലാം ബാപ്പ ഞങ്ങളുമായി പങ്കുവെക്കും. അവധിയായതിനാൽ റമദാനിലെ പകലും രാത്രിയുമെല്ലാം ബാപ്പക്കൊപ്പമാവും. രണ്ടാമത്തെ ഇഫ്താർ എളാപ്പമാരുടെ വീട്ടിലാവും, പിന്നെ അടുത്ത ബന്ധുവീട്ടിലും. അപ്പോഴെല്ലാം ബാപ്പക്കൊപ്പം ഞങ്ങളുമുണ്ടാകും.
ഉമ്മ വീടായ കൊയിലാണ്ടിയിലും നോമ്പുതുറക്കാനെത്തും. കസിൻ സഹോദരങ്ങൾക്കൊപ്പം വൈകുന്നേരങ്ങളിൽ കൊയിലാണ്ടിയിലെ കടൽതീരത്തേക്കുള്ള യാത്രയും, അവർക്കൊപ്പമുള്ള നാളുകളുമെല്ലാമാണ് കുട്ടിക്കാലത്തെ നോമ്പുകൾ....
ഓരോ നോമ്പുകാലവും ബാപ്പക്കും ഉമ്മക്കുമൊപ്പമുള്ള ഒരായിരം ഓർമകളുടെ തിരിയടികൾ കൂടിയാണ്. അവരുടെ സ്വർഗീയ ജീവിതത്തിനായി പ്രാർഥനകൾ.
തയാറാക്കിയത്: കെ. ഹുബൈബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.