വലിയ പ്രതീക്ഷയുടെ മാസം
text_fieldsറമദാൻ എന്ന വാക്കിന്‍റെ ഒരു വിവക്ഷ കടുത്ത വേനലിനുശേഷം വരുന്ന ഋതുഭേദ ആഗമനത്തിന്‍റെ സൂചന എന്നാണ്. റമദാൻ വലിയ പ്രതീക്ഷയുടെ മാസമാണ്. കൊച്ചുകേരളത്തിൽ ഈ വർഷം ഈസ്റ്ററും വിഷുവും റമദാൻ മാസത്തിൽതന്നെ ആചരിക്കപ്പെട്ടു എന്നത് മതസൗഹാർദത്തിന്‍റെ സൂചന മാത്രമാണ്. ഈ റമദാൻ മതസൗഹാർദത്തിന്‍റെയും മതമൈത്രിയുടെയും സാഹോദര്യത്തിന്‍റെയും വലിയ സന്ദേശം കൂടി നൽകുന്നുണ്ട്.
ഇഫ്താർ വിരുന്നുകൾ മതമൈത്രിയുടെയും സാഹോദര്യത്തിന്‍റെയും സംഗമവേദികൾ തന്നെയാണ്. നിരവധി ഇഫ്താർ സംഗമങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും എടുത്തുപറയാൻ ആഗ്രഹിക്കുന്നത് വർഷങ്ങൾക്കുമുമ്പ് തിരുവല്ലയിൽ ഞാൻ ശുശ്രൂഷ ചെയ്യുന്ന യാക്കോബായസഭയുടെ നിരണം ഭദ്രാസനം നടത്തിയ ഇഫ്താർ വിരുന്നും മതമൈത്രീ സംഗമവുമാണ്. ഒരു ക്രൈസ്തവ പുരോഹിതൻ നേതൃത്വം നൽകി സഭയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ അങ്ങനെ ആദ്യമായായിരുന്നു ഇഫ്താർ സംഗമവും വിരുന്നും സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉൾപ്പെടെ പങ്കുചേർന്ന ആ ഇഫ്താറും മതമൈത്രീ സംഗമവും ഇന്നും പച്ചയായ ഓർമയാണ്.
രണ്ടാമതായി ഞാൻ കൂടി ഭാഗമായ തിരുവല്ലയിലെ സമന്വയ മതസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കുറേ മുമ്പ് തിരുവല്ലയിൽ ഇഫ്താറും മതമൈത്രീ സംഗമങ്ങളും നടത്തിയിരുന്നു. പൊതു സമൂഹത്തിന്‍റെ വലിയ അംഗീകാരത്തോടെയായിരുന്നു അതെല്ലാം. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യരെല്ലാവരും ഒന്നാണ്, നാം എല്ലാവരും സഹോദരങ്ങളാണ്, ഒരു ദൈവത്തിന്‍റെ മക്കളാണ് എന്ന വലിയ ചിന്തയാണ്.
ജാതിയുടെയും മതത്തിന്‍റെയും വർണ വർഗ ഭേദങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ മനുഷ്യർ കൂടുതൽ ഇന്ന് വിഭാഗീയമായി ചിന്തിക്കുകയും സംഘടിക്കുകയും അങ്ങനെ ജീവിക്കാനൊക്കെ പഠിക്കുകയും ചെയ്യുന്ന ഒരു കാലത്ത് മത മൈത്രിയുടെയും സൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടെയും പ്രഭാവങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനും മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കാനും ഇഫ്താർ സംഗമങ്ങൾ നമ്മളെ പ്രചോദിപ്പിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.
ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.