ഖുർആന്റെ മാസം
text_fieldsഖുർആൻ അവതരണമാരംഭിച്ചതിന്റെ വാർഷിക ഓർമയാണ് റമദാനിലെ വ്രതാനുഷ്ഠാനം. ''മനുഷ്യർക്കാകമാനം മാർഗദർശകമായും സുവ്യക്തമായ സന്മാർഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേർതിരിച്ചുകാണിക്കുന്ന ഉരകല്ലായും ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ" (ഖുർആൻ 2:185). ഖുർആൻ മുഴുവൻ മനുഷ്യസമൂഹത്തിനും സന്മാർഗമായി അല്ലാഹു അവതരിപ്പിച്ചതാണ്. അതിനാൽ റമദാന്റെ നന്മ മുഴുവൻ മനുഷ്യർക്കും ലഭിക്കണം.
ഖുർആൻ വരച്ചുകാണിക്കുന്ന സന്മാർഗം പ്രകൃതിയിൽനിന്ന് വായിച്ചെടുക്കാം. പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ കണക്കും വ്യവസ്ഥയുമനുസരിച്ചാണ് സൃഷ്ടിക്കപ്പെട്ടതും സഞ്ചരിക്കുന്നതും. വിവിധ വസ്തുക്കളുടെ ദൗത്യം തീരുമാനിക്കപ്പെട്ടതും അവയുടെ അവസാനവും ദൈവഹിതാനുസരണമാണ്. ഇതിൽനിന്ന് ഭിന്നമല്ല മനുഷ്യന്റെ കാര്യവും. എന്നാൽ, ഇതര സൃഷ്ടികളിൽനിന്നു വ്യത്യസ്തമായി നൽകിയ കഴിവുകൾ ഉപയോഗിച്ച് എന്തു ചെയ്യാം, ചെയ്യാതിരിക്കാം എന്ന് തീരുമാനിക്കാനും തദനുസൃതം പ്രവർത്തിക്കാനുമുള്ള ശേഷി ദൈവം മനുഷ്യന് നൽകി. സ്വാധികാരമുള്ള അത്തരം രംഗങ്ങളിലും ദൈവകൽപനക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നാണ് ദൈവഹിതം. സൃഷ്ടിച്ചതും ജീവിതം പരിപാലിക്കുന്നതും ദൈവമാകയാൽ അവനാകുന്നു സകല പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ഉടമസ്ഥൻ. അതിനാൽ മനുഷ്യജീവിതം ഭൂമിക്കു മുകളിൽ എങ്ങനെ പുലരണമെന്നു നിർണയിക്കാനുള്ള അധികാരം അവനുണ്ട്. അല്ലാഹുവിന്റെ കൽപനയനുസരിച്ചാൽ മരണാനന്തരം ശാശ്വതസ്വർഗത്തിൽ വസിക്കാം. ഈ ജീവിതത്തിൽ സകല ദുരിതങ്ങളിൽനിന്നും വിമോചിതരാവുകയും ചെയ്യാം. അല്ലാഹുവിന്റെ കൽപനകൾക്ക് വിരുദ്ധമായാണ് ജീവിതമെങ്കിൽ മരണശേഷം നരകശിക്ഷയാവും ഫലം. ഈ ജീവിതം ദുരിതപൂർണമാവുകയും ചെയ്യും. ഇതിനകം ഇത്തരം ജീവിതം നയിച്ചവർക്ക് പശ്ചാത്തപിച്ച് വിശുദ്ധ ജീവിതം നയിക്കാൻ അവസരവുമുണ്ട്. ഇതാണ് ഖുർആൻ മനുഷ്യന്റെ മുന്നിൽ വെക്കുന്ന ആകെ സാരം.
റമദാൻ എല്ലാവരുടെയും ശ്രദ്ധ ഖുർആനിലേക്ക് ക്ഷണിക്കുന്നു. ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഗ്രന്ഥമാണത്. ലോകത്ത് അനീതി പുലരണമെന്നും സ്വാർഥതാൽപര്യങ്ങൾ നടപ്പിലാകണമെന്നും ആഗ്രഹിച്ചവരാണ് അതിനെ തെറ്റിദ്ധരിപ്പിച്ചത്. അതിൽ ഭരണകൂടങ്ങൾ, മാധ്യമങ്ങൾ, വംശീയ, വർഗീയ ചിന്താഗതിക്കാർ, ബുദ്ധിജീവികൾ എല്ലാവരുമുണ്ട്. അവർ സൃഷ്ടിച്ച മറകൾ നീക്കി സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഖുർആൻ മുന്നിൽവെക്കുന്ന ആശയപ്രപഞ്ചത്തിലൂടെ കടന്നുപോകാനാണ് റമദാൻ നിർദേശിക്കുന്നത്. "യാഥാർഥ്യമിതത്രെ: ഈ ഖുർആൻ, ഏറ്റവും ശരിയായ മാർഗം കാണിച്ചുതരുന്നു" (ഖുർആൻ 17:9).
ഖുർആന്റെ സന്ദേശത്തിലേക്ക് ആളുകളുടെ ശ്രദ്ധയെത്തിക്കുക എന്നത് അല്ലാഹു മുസ്‌ലിം സമുദായത്തെ ഏൽപിച്ച ഉത്തരവാദിത്തമാണ്. അക്കാര്യം റമദാൻ അവരെ ഓർമിപ്പിക്കുന്നു. ഖുർആൻ അധ്യാപനങ്ങൾ ജീവിതത്തിലുടനീളം പകർത്തി മാതൃകകളായി ജീവിക്കാനാണ് മുസ്ലിംകൾക്കുള്ള കൽപന. ഖുർആനെ അറിയാനും മനസ്സിലാക്കാനും എല്ലാവർക്കും ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.