ചന്ദ്രപ്പിറവിയും കാപ്പാടൻ പെരുമയും
text_fieldsകാലങ്ങൾക്കു മുമ്പേതന്നെ, മലയാളികളുടെ ഭൂരിഭാഗം നോമ്പും പെരുന്നാളും തുടങ്ങുന്നത് കാപ്പാടൻ കാഴ്ചയിൽനിന്നാണ്. റമദാൻ മാസപ്പിറവി കാണുന്നത് മുതൽ പെരുന്നാൾ വരെ അതിന്റെ തലയെടുപ്പ് കാലങ്ങളായി കാപ്പാടുകാർക്കുണ്ട്. മുൻകാലങ്ങളിൽ നോമ്പിന്റെ വരവറിയാൻ റേഡിയോകളെ ആശ്രയിച്ചിരുന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് കാപ്പാടൻ മാനത്തെ ചന്ദ്രക്കലയുടെ പോരിശ.
ചന്ദ്രപ്പിറവി കണ്ടയാൾ കാപ്പാട് ജുമുഅത്ത് പള്ളി വലിയ ഖാദിയെ അറിയിക്കുന്ന വിശ്വാസയോഗ്യമായ വിവരങ്ങൾ, അദ്ദേഹം പാണക്കാട് തങ്ങളെ അറിയിക്കുകയും ശേഷം, തങ്ങൾ ഔദ്യോഗികമായി വിശ്വാസികളിലേക്ക് എത്തിക്കുകയുമാണ് പതിവ്.
കാപ്പാട്ടെ ചാന്ദ്രദർശനം പോലെ പേരുകേട്ടതാണ് മാസക്കോയ എന്ന കെ.ടി. കോയയുടെ പേരും. ഇന്ന് ദഫ് മുട്ടിലെന്നപോലെ കാപ്പാടിന്റെ കുത്തകയാണ് മാസപ്പിറവി കാണലും. ഇത് രണ്ടും ഒരഹങ്കാരമായി ഇന്നും ഞങ്ങൾ ലോകം മുഴുവൻ തലയിലേറ്റി നടക്കാറുണ്ട്.
മുൻകാലങ്ങളിൽ പാനീസിന്റെ വെട്ടത്തിൽ നാട്ടിടവഴികളിലൂടെ ദഫ്മുട്ടിന്റെ താളത്തിനൊപ്പം ദിക്റ് ചൊല്ലി റമദാനിന്റെ വരവറിയിച്ചുള്ള യാത്രയുടെ ചിത്രം മനസ്സിലെവിടെയോ ഇപ്പോഴും പതിഞ്ഞിരിപ്പുണ്ട്. ഇന്ന് റേഡിയോയും ടി.വിയും കഴിഞ്ഞ് വാട്സ്ആപ് കാലത്തെത്തി നിൽക്കുന്നു.
ആദ്യത്തെ പത്തിൽ പള്ളികൾ കുട്ടികളുടെ ഉച്ചത്തിലുള്ള ആമീൻ പറയലും തറാവീഹ് നമസ്കാരത്തിന്റെ ഇടയിലുള്ള സ്വലാത്തും ഒപ്പം കലപിലയുംകൊണ്ട് ശബ്ദമുഖരിതമാകും.
ആദ്യമൊക്കെ കൃത്യമായി വന്നവർ പിന്നീട് പകുതിക്ക് കയറാനും ഇടക്ക് മുങ്ങാനും തുടങ്ങും. അതിൽ ഏറ്റവും രസകരം കൈ കെട്ടുമ്പോൾ കൂടെനിന്നവനെ സലാംവീട്ടുമ്പോൾ ഒപ്പം കാണില്ല എന്നതാണ്. ഈ സമയമാണ് അവരുടെ അങ്ങാടി സഞ്ചാരം. നാട്ടുകാരണവന്മാരൊക്കെ പള്ളികളിലായിരിക്കുമ്പോൾ കുട്ടികൾക്ക് ‘നല്ല സമയ’മാണിത്.
ചില ദിവസങ്ങളിൽ ആ കറക്കം തുവ്വപ്പാറ ബീച്ചിലാണ് അവസാനിക്കുന്നത്. ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത, ചുരുങ്ങിയ ചുറ്റളവിനുള്ളിൽ വ്യത്യസ്ത ഭൂപ്രകൃതിയുള്ള പള്ളികളെക്കൊണ്ട് അനുഗ്രഹീതമാണ് എന്നതാണ്.
അതിപുരാതന കാപ്പാട് വലിയ ജുമുഅത്ത് പള്ളി മുതൽ, മാഖാം പള്ളിയും കളത്തിൽ പള്ളിയും പാറപ്പള്ളിയും കഴിഞ്ഞ് കടപ്പുറത്തെ ഏരൂൾ പള്ളിവരെയുള്ള നിരവധി വ്യത്യസ്തങ്ങളായ ചുറ്റുപാടുകളെക്കൊണ്ട് നിറഞ്ഞ പ്രദേശമാണ്. ഇതിന്റെ ഇടക്ക് പണ്ടുകാലത്തെ ചീനക്കോളനി എന്നറിയപ്പെട്ട ചീനച്ചേരി നേർച്ചപ്പള്ളി മുതൽ നിരവധി സ്രാമ്പിയ പള്ളികൾ വരെ ഇന്നാട്ടിലുണ്ട്.
വീണ്ടും പള്ളി നിറയണമെങ്കിൽ 27ാം രാവാകണം. അന്ന് രാത്രി തറാവീഹിനും ഖിയാമുല്ലൈലിനും ശേഷം പ്രത്യേക പ്രാർഥനക്കും ഭക്ഷണത്തിനും പള്ളികൾ നിറയും. കൂട്ടത്തിൽ, ഖബർ സിയാറത്തിനുള്ള ആളുകളെക്കൊണ്ട് പള്ളിപ്പറമ്പും. മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ ഓരോ വീട്ടിൽനിന്നും കൊണ്ടുവരുന്ന പലതരം വിഭവങ്ങളോട് കൂടിയ പള്ളിയിലെ നോമ്പ് തുറക്കാണ് കൂടുതൽ പ്രിയം. ശേഷം വീട്ടിലെ ഭക്ഷണവും കൂടെയാവുമ്പോൾ കുശാലായി.
പതിവുപോലെ ചെറിയുള്ളിയിട്ട് താളിച്ച തരിക്കഞ്ഞിയും ഏലക്കയിട്ട് വറ്റിച്ച കുവ്വ കാച്ചിയതും നോമ്പിന്റെ പ്രധാന പാനീയങ്ങളാണെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് ഉപ്പിലിട്ടതും ഫുൾ ജാർ സോഡയുമൊക്കെയാണ്. പക്ഷേ, ഇന്നുകാണുന്നതൊന്നുമായിരുന്നില്ല അത്.
നേരത്തെ ഫ്രീസറിൽവെച്ച് ഐസ് ആക്കിയ സോഡയിൽ ചെറുനാരങ്ങയോ ഉപ്പിലിട്ടതിന്റെ നീരോ ഒഴിച്ചായിരിക്കും പതപ്പിക്കുക. സോഡ മുൻകൂട്ടി വാങ്ങി വെച്ചില്ലെങ്കിൽ ഫ്രീസർ തൊട്ടടുത്ത വീടുകളിലെ തണുപ്പിക്കാൻ വെച്ച വെള്ളത്തിന്റെ പാത്രങ്ങൾകൊണ്ട് നിറയും.
പകൽസമയത്ത് വുളുവിന്റെ ഇടക്ക് കാണാതെ കുടിക്കുന്ന തേനിനേക്കാൾ മധുരമുള്ള വെള്ളവും കടകളിൽനിന്ന് അറിയാത്ത ഭാവേന കഴിക്കുന്ന അരിയുടെയും പഞ്ചസാരയുടെയും രുചിയും മധുരവും മറ്റൊന്നിനുമില്ല. മുൻകാലങ്ങളിൽ വാസ്കോഡഗാമക്കും ചീനക്കാർക്കും പറങ്കികൾക്കും ആതിഥ്യമേകിയ നാടിന്റെ പേരിൽ വ്രതശുദ്ധിയുടെ കാലവും അടയാളപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.