എത്രീസണ്ട്മ്മ പെരുന്നാളിന്?
text_fieldsഓർമകൾ എന്ന് വെറുതെ പറയുമ്പോഴേക്ക് മനസ്സ് കുട്ടിക്കാലത്തേക്ക് ഓടിപ്പോകും. എപ്പോഴും അങ്ങനെയാണ്. അത്രയും മനോഹരമായൊരിടം വേറെവിടെയാണ്. സ്കൂളിൽനിന്ന് വന്ന് കുപ്പായം മാറുന്നതിനിടയിൽ എന്നത്തേയുംപോലെ അന്നും ചോദിക്കും; ഇനി എത്രീസണ്ട്മ്മ പെരുന്നാളിന്? ചോദ്യത്തിൽ അൽപം കുസൃതിയും കൂടിയുണ്ട്. നോമ്പിന്റെ അവസാനം പെരുന്നാളുണ്ടെന്ന് കുഞ്ഞുന്നാൾ മുതൽതന്നെ പറഞ്ഞുകേട്ട അറിവുണ്ടല്ലോ.
എന്നും 29ാമത്തെ നോമ്പുതുറക്ക് ലേശം കൗതുകം കൂടുതൽ കാണും. എങ്ങാനും മാസം കണ്ടാലോ. ശവ്വാൽ മാസപ്പിറവി കണ്ടാൽ പിറ്റേന്നു പെരുന്നാള് ആണല്ലോ. ഏറെനേരം പുറത്തെ കോലായില് കാത്തിരിക്കും. അന്ന് ഇന്നത്തെപ്പോലെ നൂതന സാങ്കേതികവിദ്യകൾ ഒന്നുമില്ലാത്തതുകൊണ്ട് പള്ളിയിലെ തക്ബീർവിളി കേൾക്കണം പെരുന്നാൾ ഉറപ്പിക്കാൻ. പക്ഷേ, ഇശാ ബാങ്കുവിളി വരെ ഒന്നും കേട്ടില്ലെങ്കിൽ വീണ്ടും ഒരു ദിവസംകൂടി കാത്തിരിക്കേണ്ടി വരും. 30ാമത്തെ നോമ്പിന് പിന്നെ മാസം കാണേണ്ട കാര്യമില്ലല്ലോ.
അന്ന് ആ ഒരു കാരക്കമാത്രം മതിയാവും വയറു നിറയാൻ. നോമ്പ് തുറന്നാൽ പിന്നെ കടയിൽ പോയി മൈലാഞ്ചി, കുപ്പിവളകൾ, ബലൂൺ, മിഠായി ഒക്കെ വാങ്ങിവരും. പള്ളിയിൽനിന്ന് തക്ബീർ ചൊല്ലി മോല്ല്യാരുട്ടികൾ വരുന്നതും നോക്കി ഇരിക്കും. വന്ന് കഴിഞ്ഞ് മിഠായി, ബലൂൺ, പുത്തൻ ഉടുപ്പ് ഒക്കെ അവർക്ക് കൊടുത്തു പറഞ്ഞയച്ചാൽ ഒരു സന്തോഷമാണ്.
പിന്നെ മൈലാഞ്ചി ഇടൽ മേളം പുലർച്ചെ വരെ കാണും. ഉറക്കം ഒന്നും ഉണ്ടാവില്ല. നേരം വെളുത്താൽ ആദ്യം ആരുടെ മൈലാഞ്ചി കൂടുതൽ ചുവപ്പ് എന്ന് നോക്കുന്ന തിരക്കാവും. അടുത്തത് ഈദ് ഗാഹ്. അതിന് പോണതോ, ആരുടെ ഡ്രസ് ആണ് ഭംഗി എന്ന് നോക്കാനും. അതും കഴിഞ്ഞ് മടങ്ങിവരുമ്പോൾ തന്നെ ബിരിയാണിയുടെ മണം അടിക്കും. എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിച്ച് കഴിഞ്ഞാൽ പിന്നെ ഊരു ചുറ്റലാണ്.
എല്ലാവരെയും കണ്ട് അവിടന്നും ഇവിടന്നും എല്ലാം കണ്ടതൊക്കെ കഴിച്ച് നടക്കാൻപോലും പറ്റാത്ത അവസ്ഥയാകും. എന്നാലും, എന്ത് രസമുള്ള ആചാരങ്ങൾ. ഇന്നത്തെ തലമുറക്ക് അനുഭവിക്കാൻ കഴിയാത്ത രസകരമായ ആചാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.