ആദ്യ വെള്ളിയുടെ നിർവൃതിയിൽ വിശ്വാസികൾ
text_fieldsമസ്കത്ത്: റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകൾ നിറഞ്ഞുകവിഞ്ഞു. ബാങ്ക് വിളിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പുതന്നെ പള്ളികളിലെത്തിയ വിശ്വാസികൾ ഖുർആൻ പാരായണവും പ്രാർഥനയുമായി കഴിച്ചുകൂട്ടി. സ്വദേശികളും വിദേശികളുമടക്കം പലരും കുടുംബവുമായാണ് നമസ്കരിക്കാനെത്തിയത്. റമദാനിലെ ആദ്യ ജുമുഅക്കെത്തിയ വിശ്വാസികൾ മനമുരുകിയാണ് പ്രാർഥനകളിൽ പങ്കുചേർന്നത്. കൂടുതൽ ആളുകൾ എത്തുന്നത് മുന്നിൽകണ്ട് പല മസ്ജിദുകളിലും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ആദ്യ ബാങ്ക് വിളിക്കുമ്പോഴേക്കും പള്ളിയുടെ അകവും അങ്കണവും നിറഞ്ഞുകവിഞ്ഞു. ബാക്കിയുള്ളവർ റോഡിലും ഇടവഴികളിലുമായാണ് നമസ്കാരം പൂർത്തിയാക്കിയത്.
റമദാനിൽ നേടിയെടുക്കേണ്ട പുണ്യങ്ങളെ കുറിച്ചും ജീവിതത്തിൽ കൈവരിക്കുന്ന നേട്ടങ്ങളെ കുറിച്ചും ഇമാമുമാർ ഖുതുബയിൽ ഉണർത്തി. ജുമുഅ പ്രാർഥനക്ക് ശേഷം ഖുർആൻ പാരായണത്തിലും മറ്റും മുഴുകി കൂടുതൽ സമയം മസ്ജിദിൽ ചെലവഴിച്ചാണ് അധികപേരും വീടുകളിലേക്കും മറ്റും മടങ്ങിയത്.
മസ്കത്ത് നഗരത്തിലെ ഖാബുസ് മസ്ജിദ്, അൽ ഫലാഹ് മസ്ജിദ്, വൽജയിലെ ബുഖാരി മസ്ജിദ്, സലാല, സൂർ, ബർക്ക, ബുറൈമി, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലെ മസ്ജിദുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.47 വർഷത്തിന് ശേഷം ജമുഅ ആരംഭിച്ച റൂവി മച്ചി മാർക്കറ്റ് മസ്ജിദിലെ ആദ്യ റമദാൻ വെള്ളിയാഴ്ച കൂടിയായിരുന്നു ഇന്നലത്തേത്. മലയാളികൾ കൂടുതലായി പങ്കെടുക്കുന്ന മസ്ജിദുകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം ഖുതുബയുടെ മലയാള പരിഭാഷയും നടന്നു. പള്ളികളിൽ ഔദ്യോഗിക തറാവീഹിനു പുറമെ മലയാളികൾ അടക്കമുള്ള നിരവധി മത സംഘടന കൂട്ടായ്മകളുടെ തറാവീഹും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.