നോമ്പ്: വേണം ആരോഗ്യകാര്യത്തിൽ ജാഗ്രത
text_fieldsആത്മീയമായും ഭൗതികമായും വിശ്വാസി ലോകം സംസ്കരിക്കപ്പെടുന്ന വിശുദ്ധമാസത്തിന് തുടക്കമായിരിക്കുന്നു. നോമ്പ് മനുഷ്യശരീരത്തിന് സുരക്ഷാ കവചവും ആത്മാവിന് സംസ്കരണവുമാണ്. അതിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ഒത്തിരിയാണ്. അതിൽ പലതും ശാസ്ത്രം ഇന്നു കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്. മനസ്സിന്റെ നിയന്ത്രണം പോലെ ശരീര നിയന്ത്രണവും ഒരുപോലെ സാധ്യമാക്കുന്ന ഒരു അനുഷ്ഠാന കലയാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം .
നോമ്പുകാരൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ നോമ്പു കാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ചും കടുത്ത വേനലിലാണെന്നതുതന്നെ. നോമ്പു കാലത്ത് മൂന്ന് ഭക്ഷണങ്ങളാണ് കഴിക്കുന്നത്. സുഹര്‍ അഥവ രാവിലെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഏറ്റവും പ്രധാനമായി കഴിക്കേണ്ടത്. നോമ്പ് തുറന്നതിന് ശേഷമുള്ള ഭക്ഷണം നിയന്ത്രിക്കണം. ഈ സമയത്ത് കൂടുതല്‍ കഴിക്കുന്നവരാണ് പലരും. ഈ സമയത്തെ ഭക്ഷണം ആരോഗ്യകരവും മിതവുമാക്കുക. വയറിനും ദഹനത്തിനും ആരോഗ്യകരമായവ കഴിക്കാം. രാവിലെ തലേന്ന് രാത്രിയിലെ മാംസഭക്ഷണവും മറ്റും ചൂടാക്കി കഴിക്കുന്നവരുണ്ട്. ഇതൊരിക്കലും ചെയ്യരുത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ ഇഡ്ഢലി, ദോശ, പുട്ട് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പ്രാതലുകള്‍ പെട്ടെന്നു വിശക്കാനും ക്ഷീണം തോന്നാനും കാരണമാകും. ഓട്സ് കാച്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. പാല് ചേര്‍ത്ത് കഴിച്ചാല്‍ ഉത്തമമാണ്. ഇതു പോലെ നേന്ത്രപ്പഴം, ആപ്പിള്‍, തണ്ണിമത്തന്, പേരക്ക എന്നിവ കഴിക്കാം. ഇവയിലെ പൊട്ടാസ്യം, സോഡിയം എന്നിവ ശരീരത്തിനുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും.
പ്രമേഹരോഗികളെങ്കില്‍ പച്ചക്കറികള്‍ ചേര്‍ത്ത ഓട്സ് ഉപ്പുമാവും ഈത്തപ്പഴം പോലുള്ളവയും കഴിക്കാം. പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം ഒഴിവാക്കി മറ്റുള്ള പഴങ്ങൾ തിന്നാം. നോമ്പ് തുറക്കുമ്പോഴുള്ള ഭക്ഷണം വലിച്ചു വാരി കഴിക്കരുത്. ഇത് വയറിന്റെ ആരോഗ്യത്തിനും ശരീരത്തിനും ദോഷമെ വരുത്തൂ. പാലും വെള്ളവും ഈത്തപ്പഴവും കഴിക്കാം. ഇതുപോലെ നാരങ്ങാവെള്ളം കുടിക്കാം. അസിഡിറ്റി പ്രശ്നങ്ങളെങ്കില്‍ പുളിയുള്ളവ ഒഴിവാക്കണം. നാരങ്ങാവെള്ളമെങ്കില് അധികം പുളിയുള്ളത് എടുക്കരുത്. നാരങ്ങവെള്ളത്തില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് ക്ഷീണം മാറാനും സോഡിയം, പൊട്ടാസ്യം അളവ് നില നിര്‍ത്താനും അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്. രാത്രിയില്‍ തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഇറച്ചി ഒഴിവാക്കുക. ഇതില്‍ അപകടകാരിയായ ചില ഘടകങ്ങളുണ്ട്. ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും കുടല് പ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇവ കറിയാക്കി കഴിക്കാം. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ഇതുപോലെ ബേക്കറി പലഹാരം ഒഴിവാക്കുക
പ്രമേഹമില്ലാത്തവരെങ്കില്, നല്ലതു പോലെ പകല്‍ ജോലി ചെയ്യുന്നവരെങ്കില്‍ 10 ഈത്തപ്പഴം വരെ തിന്നാം. മുട്ടവെള്ളയും നട്സും കഴിക്കാം. പ്രമേഹമുള്ളവര്‍ പാല് രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ പുളിയുള്ള ഫ്രൂട്സ്, മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയും രാവിലെ ഭക്ഷണത്തില്‍നിന്ന് വർജിക്കണം. രാവിലെ ഒരു ലിറ്റര്‍ വെള്ളം കുടിക്കണം. ഗോതമ്പ് കഴിക്കുന്നവരെങ്കില്‍ ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുറയുന്നത് ക്ഷീണം തോന്നാനും യൂറിനറി ഇന്‍ഫെക്ഷനുകള്‍ക്കും മലബന്ധത്തിനുമെല്ലാം കാരണമാകും. മത്സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നത് നല്ലതാണ്. അയണും കലോറിയും ധാരാളം അടങ്ങിയ കാരക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം. അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അത്താഴത്തിന് അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്, പച്ചക്കറി വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.