സ്വലാത്ത് നഗർ: റമദാന്‍ 27ാം രാവ് പ്രാർഥന സമ്മേളനം ഇന്ന്
text_fieldsമലപ്പുറം: റമദാന്‍ 27ാം രാവ് പ്രാർഥന സമ്മേളനത്തിനൊരുങ്ങി മഅ്ദിൻ സ്വലാത്ത് നഗർ. വ്യാഴാഴ്ചയിലെ പ്രാർഥന സമ്മേളനത്തിന്‍റെ ഒരുക്കം പൂര്‍ത്തിയായതായി മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അറിയിച്ചു.
പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പുതുറ -അത്താഴ -മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്ര്‍ മജ്‌ലിസ്, വൈകീട്ട് നാലിന് അസ്മാഉല്‍ ഹുസ്‌ന റാത്തീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്താര്‍ സംഗമവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
രാത്രി ഒമ്പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥന സമ്മേളന ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ബുധനാഴ്ച തുടക്കമായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
മലപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം
മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാർഥന സമ്മേളനത്തിനോടനുബന്ധിച്ച് വ്യാഴാഴ്ച മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ-കോഴിക്കോട് റൂട്ടിലുള്ള യാത്ര ബസുകളല്ലാത്ത ഹെവി വാഹനങ്ങള്‍ വൈകീട്ട് ആറുമുതൽ തിരൂര്‍ക്കാട്-ആനക്കയം-മഞ്ചേരി വഴിയും കോഴിക്കോട്-പെരിന്തല്‍മണ്ണ റൂട്ടിലുള്ളവ വള്ളുവമ്പ്രം മഞ്ചേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.
പ്രാർഥന സമ്മേളനത്തിലേക്ക് വിശ്വാസികളുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ കാവുങ്ങല്‍ ബൈപ്പാസ് വഴി വന്ന് മുണ്ടുപറമ്പ് ഭാഗത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യണം. തിരൂര്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ളവ വാറങ്കോട് ആളുകളെ ഇറക്കി പരിസരത്തുള്ള പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ മേല്‍മുറി നോര്‍ത്ത് മുതല്‍ പാര്‍ക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.