അറിവിന്റെ പൊരുൾ
text_fieldsഅറിവിന്റെ ഉറവ ഭൂമിലോകത്തേക്ക് കിനിഞ്ഞിറങ്ങിയ മാസമാണ് റമദാന്. അമ്പരപ്പിക്കുന്ന അറിവുകളുടെ അറ്റമില്ലാത്ത അലകടലാണ് പരിശുദ്ധ ഖുര്‍ആന്‍. അറിവ് നേടുന്നതിനെ ഏറ്റവും ഉന്നതമായ ആരാധനയെന്നാണ് പ്രവാചകന് പഠിപ്പിച്ചത്. അറിവിന്റെയും,ആരാധനയുടെയും പരമമായ ലക്ഷ്യം അല്ലാഹുവിനെ അറിയുകയെന്നതാണ്.
പ്രമുഖ സൂഫിവര്യനായ അല്ലാമാ ശംസി തിബ്രീസി സഞ്ചാര മധ്യേ റോമിലെത്തി. അന്നവിടത്തെ മുഖ്യ ഖാദിയും പ്രധാനാധ്യാപകനുമായിരുന്നു മൗലാനാ ജലാലുദ്ദീനു റൂമി. തന്റെ ഹൃദയത്തില്‍ പ്രപഞ്ചനാഥന് നിറച്ചിട്ടുള്ള ആത്മജ്ഞാനത്തിന്റെ കലവറകള്‍ തുറന്ന് നല്കാന് പ്രാപ്തിയുള്ള ഒരു ഗുരുവിനെ ഏറെ നാളായി തിരയുകയായിരുന്നു തിബ്രീസി.
മൗലാനാ റൂമിയില്‍ അതിനുള്ള യോഗ്യതകള്‍ കണ്ട അദ്ദേഹം അവര്‍ തമ്മിലെ ആദ്യ കൂടിക്കാഴ്ചയില്‍ ഒരു ചോദ്യം ഉന്നയിച്ചു, അറിവിന്റെ ലക്ഷ്യം എന്താണ്.? റൂമി പറഞ്ഞു, മതനിയമങ്ങളെ സൂക്ഷിക്കലാണ്. തിബ്രീസി പറഞ്ഞു, ''അറിവിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിയലാണ്''
ജീവിതത്തിലാദ്യമായി ഈ മറുപടി കേട്ട റൂമിയുടെ അന്തരംഗം ഇളകിമറിഞ്ഞു. തന്റെ ഉള്ളകത്തില്‍ പെട്ടെന്ന് ഉറവപൊട്ടിയ ദൈവികാഭിവാഞ്ജയോടെ റൂമി തിബ്രീസിയോട് അപേക്ഷിച്ചു, അവിടുത്തേക്ക് നല്കപ്പെട്ട ആത്മീയജ്ഞാനങ്ങള് ഈ വിനീതന് കൂടി പകര്‍ന്നുതന്നാലും.... അങ്ങനെ ഒരു മുറിക്കുള്ളില്‍ അവര്‍ രണ്ടുപേരും മാത്രമായി 40 ദിവസം ആത്മജ്ഞാനത്തിന്റെ അകക്കാമ്പിലെ മധുനുകര്‍ന്നുകൊണ്ട് കഴിഞ്ഞു.
അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് അനുഷ്ഠിക്കുന്ന ആരാധന കർമങ്ങള്‍ മാത്രമേ ചൈതന്യപൂര്ണമാവുകയുള്ളൂ. ആരാധനകള്‍ കൂടുതല്‍ അധികരിപ്പിക്കുന്നതിനെക്കാള്, കുറഞ്ഞവയാണെങ്കിലും അത് ജീവിതത്തിലുടനീളം സ്വാധീനിക്കണമെന്നാണ് അല്ലാഹുവും പ്രവാചകനും താൽപര്യപ്പെടുന്നത്.
ഒരിക്കല്‍ പ്രവാചകന്റെ സമീപത്ത് ഒരു സ്ത്രീയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടു, അവര്‍ എല്ലാ ദിവസവും പകല്‍ വ്രതമനുഷ്ഠിക്കുകയും രാത്രികളില്‍ ധാരാളം നമസ്കരിക്കുകയും ചെയ്യുന്നു, എന്നാല്‍, അവരുടെ നാവുകൊണ്ട് അയല്‍വാസിയെ ഉപദ്രവിക്കുന്നുണ്ട്. ആ വനിതയെ സംബന്ധിച്ച് പ്രവാചകന് ഉടന്‍ പ്രതികരിച്ചത് ഇപ്രകാരമാണ്, ''അവളില്‍ ഒരു നന്മയുമില്ല, അവള് നരകത്തിലാണ്''
ആത്മസംസ്കരണത്തിന് ഹേതുവാകാത്ത ആരാധനകൾ കേവലം ബാഹ്യപ്രകടനമായി മാത്രമാണ് വിശേഷിപ്പിക്കപ്പെടുക. ആരാധനകളുടെ ആത്മാവറിയാത്തവൻ റമദാനിനെ പാഴാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.