ഹൃദയം നവീകരിക്കുക
text_fieldsവ്രതാനുഷ്ഠാനത്തിന്റെ പുണ്യദിനങ്ങൾ വിട പറയാനായി. ആരുടെ ഹൃദയത്തെയാണോ അല്ലാഹു ഇസ്‍ലാമിലേക്കു തുറന്നുകൊടുത്തത്, അവൻ രക്ഷിതാവിന്റെ ഭാഗത്തുനിന്നും നിരന്തര തേജസ്സിനെ സ്വീകരിക്കുന്നു. എന്നാൽ, അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് മുക്തമായ ഹൃദയം കഠിനവും നാശോന്മുഖവുമായിത്തീരുമെന്ന് ഖുർആൻ പറയുന്നു.
പാപബോധത്താൽ നീറുന്ന ഹൃദയാവസ്ഥയുണ്ട്. ഖുർആൻ പ്രശംസിച്ച ഹൃദയമാണത്. നിരന്തരം പാപത്തെക്കുറിച്ച് ആലോചിക്കുകയും സ്വയം വിചാരണ ചെയ്യുകയും ചെയ്യുന്ന ഹൃദയാവസ്ഥയെ ഖുർആൻ സ്വാഗതം ചെയ്യുന്നു. നന്മയുടെ മുഴുവൻ ജാലകങ്ങളും അടച്ചിട്ട്, ഹൃദയം സങ്കുചിതമായി മാറുന്ന ദൗർഭാഗ്യകരമായ അവസ്ഥയുണ്ട്.
എന്തു തെറ്റു ചെയ്താലും ഹൃദയം അവയെ സ്വീകരിക്കുകയെന്ന മാരകമായ അവസ്ഥ. അത്തരമൊരു അവസ്ഥക്കെതിരെയായി ഹൃദയം തന്നെ പ്രതിഷേധിക്കുമ്പോഴാണ് വ്യക്തിത്വത്തിന്റെ ആന്തരിക തേജസ്സ് വർധിക്കുക.
ആത്മവിമർശനം നടത്തുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. ആത്മവിമർശനം നോമ്പുകാരന്റെ സവിശേഷതയാകണം. പാപങ്ങളുടെ കുറ്റബോധം കൊണ്ട് ഹൃദയം നീറണം. കണ്ണീർ തീർഥത്താൽ പാപങ്ങളെ ശുദ്ധീകരിക്കാനാവണം. അങ്ങനെ സ്വയം ശുദ്ധീകരിക്കുന്ന, അടിമകൾ നീറിപ്പുകയുന്ന ദിനരാത്രങ്ങളാണ് റമദാനിലൂടെ കഴിഞ്ഞുപോകുന്നത്.
പാപമോചനത്തിനായുള്ള പ്രാർഥനകൾ നടത്തുന്നവന്‍റെ ഹൃദയം പ്രകാശമാനമാകുമെന്നും വ്യക്തിത്വ വികാസത്തിനും കരുത്തിനും കാരണമാകുമെന്നും ഖുർആൻ വ്യക്തമാക്കുന്നു. നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക, നിങ്ങൾക്ക് അവൻ മേഘങ്ങളെ അയച്ച് മഴ വർഷിപ്പിക്കുകയും നിങ്ങളുടെ ആന്തരികമായ കരുത്തിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.
ഹൃദയത്തെ തരളിതവും കരുണാർദ്രവുമാക്കി മാറ്റുന്നതിനാണ് അല്ലാഹു പാപമോചനം തേടാനാവശ്യപ്പെടുന്നത്. അതിലൂടെ ലഭ്യമാകുന്ന ഹൃദയത്തിന്റെ ശാന്തത അത്ഭുതകരമാണ്. അലയടങ്ങിയ സമുദ്രത്തെപ്പോലെ സമാധാനപൂരിതവും. ദയ, സഹജീവി സ്നേഹം എന്നിവയാൽ സംതൃപ്ത ഹൃദയമാകുമത്.
സംപ്രീതമായ ആത്മാവ്, ( നഫ്സ് മുത്മഇന്ന ) എന്ന് ഖുർആൻ വിശേഷിപ്പിച്ച ആന്തരിക ശോഭയാണ് നമുക്കാവശ്യം. മനുഷ്യരുടെ ഹൃദയ ശുദ്ധീകരണം നടത്തുകയെന്ന വലിയ ലക്ഷ്യമാണ് ഖുർആനിനുള്ളത്. ഹൃദയത്തിന്റെ മൂന്നാം ഘട്ടമാണ് പാപത്തിൽ നിന്നും ശുദ്ധീകൃതമായ ശാന്തമനസ്സ്. അതുതന്നെയാണ് നരകമോചിത ഹൃദയവും. കരുണാർദ്രവും അപൂർവ ശാന്തതയാൽ ഭദ്രവുമായ മനസ്സിനുടമയാകാൻ നമുക്കായാൽ ഈ വിശുദ്ധ മാസത്തിൽ നരകമോചനം സുനിശ്ചിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.