സഹനത്തെ ആഹ്ലാദത്തോടെ വരവേൽക്കുന്ന കാലം
text_fieldsശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന വലിയ ദിനങ്ങളാണ് റമദാനിലേത്. നോമ്പനുഭവങ്ങളെ ദൂരെനിന്ന് മാത്രം നോക്കിക്കാണാനെ എനിക്ക് അവസരം ലഭിച്ചിട്ടുള്ളൂ. മാനസികമായി കരുത്ത് നേടാനുള്ള അവസരം കൂടിയായാണ് ഞാൻ നോമ്പിനെ വിലയിരുത്തുന്നത്.
എല്ലാ മതങ്ങളിലും നോമ്പ് അനുഷ്ഠാനമുണ്ട്. മനുഷ്യനെ വിശുദ്ധീകരിക്കുകയെന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. കഠിനവ്രതത്തിലൂടെ നേടിയെടുക്കുന്ന വിശുദ്ധി സമൂഹത്തിലേക്ക് പകരണം. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന മാസംകൂടിയാണ് റമദാൻ.
ഈ വിശാലതയാണ് നോമ്പിന്‍റെ വലിയ പുണ്യമായി ഞാൻ കരുതുന്നത്. ഈ നാളുകളിലെ പ്രാർഥനയുടെ ഫലം ഒരാൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും ലഭിക്കുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു, സാഹോദര്യത്തിന്‍റെ വലിയ സാക്ഷ്യം.
സ്വയം അർപ്പിക്കുകയും ദൈവത്തെ ചേർത്തുപിടിക്കുകയും ചെയ്യുകയാണ് ഈ നാളുകളിൽ. ഉള്ളിലുള്ള തെറ്റുകുറ്റങ്ങളെല്ലാം വിശ്വാസികൾ ഇല്ലാതാക്കുന്നുണ്ട്. അത്രമാത്രം പരിശുദ്ധി നേടുന്നുണ്ട്. ഇത് നിലനിർത്തി നല്ല മനുഷ്യരായി മുന്നോട്ടുപോകാനുള്ള വിളി ഏറ്റെടുക്കുന്ന മാസം കൂടിയാണിത്.
പകൽ മുഴുവൻ അന്നപാനീയങ്ങൾ ത്യജിച്ച് ശാരീരികവും മാനസികവുമായ ഈ സഹനത്തിൽ വിശ്വാസികൾ സ്വമനസ്സാലെ പങ്കുചേരുന്നു. സഹനത്തെ ആഹ്ലാദത്തോടെ വരവേൽക്കുന്നു. ഈ സന്തോഷമാണ് നോമ്പിന്‍റെ ഭംഗി. നോമ്പുകാലത്തിനായി കാത്തിരിക്കുന്നുവെന്നത് പലപ്പോഴും ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. നല്ല മനുഷ്യനാകണമെന്ന സന്ദേശമാണ് റമദാൻ സമൂഹത്തിന് പകരുന്നത്. ഓരോ മനുഷ്യർക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതിനെ മുറുകെപ്പിടിച്ച് കലഹങ്ങളും തർക്കങ്ങളും ഇല്ലാതെ മുന്നോട്ടുപോകട്ടെയെന്നാണ് പ്രാർഥന.
തയാറാക്കിയത്: എബി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.