ഭോപാലിലെ നോമ്പുകാലം
text_fieldsറമദാൻ കാലത്തെക്കുറിച്ചുള്ള എന്റെ ഓർമകൾ അൽപം വ്യത്യസ്തമാണ്. ഞാൻ ഉത്തരേന്ത്യയിൽ 1955ലാണ് എത്തുന്നത്. ഗ്വാളിയോറിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ കഴിഞ്ഞതിനു ശേഷം ഭോപാലിൽ ജോലിക്കെത്തിയത് 1960ലാണ്. ഞങ്ങളുടെ ഓഫിസ് മുസ്ലിംകൾ ഏറെ താമസിക്കുന്ന പ്രദേശത്തിന് നടുവിലാണ്.
അവിടെ ഓഫിസിൽ സൂപ്രണ്ടായിട്ടായിരുന്നു എന്റെ ജോലി. എന്റെ സെക്ഷനിൽ പകുതിയിലധികവും മുസ്ലിം സുഹൃത്തുക്കളായിരുന്നു. റമദാൻ കാലത്ത് ഞങ്ങൾ തമ്മിൽ വലിയ ഐക്യമുണ്ടായിരുന്നു. ഇസ്ലാം, ഹിന്ദു വിശ്വാസങ്ങളിൽ അടിയുറച്ച് ജീവിക്കുന്നവരായിരുന്നു ഈ ഐക്യകൂട്ടായ്മയിലുള്ളവർ. ഒരുപക്ഷേ, ഈ ഐക്യം നമ്മുടെ വാർത്തകളിൽ ആരും കണ്ടിട്ടുണ്ടാകില്ല. അപകടങ്ങളും അത്യാഹിതങ്ങളും മറ്റു വീഴ്ചകളും മാത്രമാണല്ലോ കൂടുതലും വാർത്തകളാവുക.
നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സുഹൃത്തുക്കളോട് ഹിന്ദുമത വിശ്വാസികളായ ആളുകൾ ജോലിക്കിടെ പറയും, ‘നിങ്ങളവിടെ പോയി കുറച്ച് വിശ്രമിക്ക്... ആ ജോലി ഞാൻ ചെയ്തോളാം’ എന്ന്. നോമ്പ് അനുഷ്ഠിക്കുന്നവരുടെ ഒപ്പം നിൽക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതൊക്കെ സ്നേഹക്കാഴ്ചകളായിരുന്നു.
ഇത്തരം മനോഹര കാഴ്ചകൾ എത്രയോ ഞാൻ കണ്ടു. നോമ്പ് തുറക്കുമ്പോൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും, പങ്കുവെക്കും. എതിർപ്പുകളൊന്നും അവിടെ കാണാനേയുണ്ടായിരുന്നില്ല. നമ്മളറിയാത്ത ഒരു ഐക്യം ഇന്ത്യയിൽ അന്നുമിന്നും നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ് ഇതൊക്കെ.
ജോലി ചെയ്യുമ്പോഴും ശേഷവും സ്നേഹപൂർവം ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു. ഇസ്ലാം എന്ന ആശയത്തിന്റെ പൂർണതയാണ് ഞാൻ ഭോപാലിലെ മുസ്ലിം ജനവിഭാഗത്തിലൂടെ കണ്ടിരുന്നത്. ഇപ്പോഴും അത് അവർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് എന്റെ അന്വേഷണങ്ങളിൽ അറിയുന്നുണ്ട്. രാജ്യത്ത് എല്ലാവരുടെയും മനസ്സ് ഒന്നാണ്.
തയാറാക്കിയത് ഷംനാസ് കാലായിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.