വേനൽ കാഠിന്യം മറികടക്കും നോമ്പ് അനുഭവങ്ങളുമായി മുഹമ്മദ്കുഞ്ഞ് ലബ്ബ
text_fieldsവള്ളികുന്നം: വേനൽ കാഠിന്യത്തിന്റെ വ്രതാനുഷ്ഠാന പകലിനെ 90ാം വയസ്സിൽ ഖുർആൻ പാരായണത്തിലൂടെ മറികടക്കുകയാണ് മുഹമ്മദ് കുഞ്ഞ് ലബ്ബ. കാഠിന്യമുള്ള റമദാൻ കാലങ്ങളെ അതിജയിച്ച അനുഭവങ്ങളാണ് കോയിക്കൽ കുടുംബത്തിലെ കാരണവരായ കാഞ്ഞിപ്പുഴ യു. മുഹമ്മദ് കുഞ്ഞ് ലബ്ബക്ക് പങ്കുവെക്കാനുള്ളത്. നോമ്പുതുറന്നാലും വിശപ്പടക്കാൻ മതിയായത് കിട്ടാതിരുന്ന ബാല്യവും കൗമാരവുമൊക്കെ ഇന്നത്തെ തലമുറക്ക് ഓർക്കാനെ കഴിയില്ല. ബാല്യം മുതൽ തുടങ്ങിയ നോമ്പെടുക്കൽ മുടക്കമില്ലാതെ ഇന്നും തുടരുന്നു.
കണ്ണടയുടെ സഹായം ഇല്ലാതെ ഇപ്പോഴും ഖുർആൻ പാരായണം ചെയ്യാനും കഴിയുന്നു. ഓരോ റമദാനിലും മൂന്ന് തവണയെങ്കിലും ഖുർആൻ പൂർണമായി പാരായണം ചെയ്യാറുണ്ട്. ആത്മീയ പശ്ചാത്തലം നിറഞ്ഞുനിന്ന വീട്ടിലാണ് ജനിച്ചത്. കുഞ്ഞുനാളിലെ നോമ്പിന്റെ ആത്മീയ ചൈതന്യം മനസ്സിലാക്കിയിരുന്നു. പഠനവും ജോലിയുമായി ജീവിതത്തിന്റെ യൗവനകാലത്തെ നോമ്പുകൾ പലനാടുകളിലായിരുന്നു. ഇതിനാൽ രുചി വൈവിധ്യങ്ങളുടെ അനുഭവങ്ങളും ഏറെയാണെന്ന് പറയുന്നു.
12ാം വയസ്സ് മുതൽ പഠനം പള്ളി ദർസുകളിലേക്ക് മാറിയിരുന്നു. തുടക്കം കോട്ടക്കര ഇബ്രാഹിംകുട്ടി മൗലവിയുടെ അടുത്തായിരുന്നു. തുടർന്ന് കറ്റാനം ഇലിപ്പക്കുളം ജുമാമസ്ജിദിലെ മൂപ്പർ മുസ്ലിയാരുടെ ദർസിലേക്ക് മാറി. പള്ളികളിൽ അന്ന് നോമ്പുതുറയുണ്ടായിരുന്നില്ല. പച്ചവെള്ളമായിരുന്നു പ്രധാന നോമ്പുതുറ വിഭവം. ചായ കിട്ടിയെങ്കിലായി. ദീൻ പഠിക്കാൻ എത്തുന്ന കുട്ടികൾക്കുള്ള ഭക്ഷണം ഓരോ വീട്ടുകാരായി ഏറ്റെടുക്കുകയായിരുന്നു. 12 വർഷത്തോളം ദർസുകളിൽ പഠിച്ചു. വടുതല നദ്വത്തിലും പാണാവള്ളിയിലുമാണ് മദ്റസ അധ്യാപകനായി ആദ്യം കടന്നുവന്നത്.
തുടർന്ന് ഈരാറ്റുപേട്ട മിഫ്ത്താഹുൽ ഉലൂം, കോട്ടയം താഴത്തങ്ങാടി, കൊല്ലം അമ്പലംകുന്ന്, പനച്ചമൂട്, പൂന്തുറ എന്നിവിടങ്ങളിൽ ഇമാമായും മദ്റസ അധ്യാപകനെയും ജോലി ചെയ്തു. കാഞ്ഞിപ്പുഴയിലും സദർ മുഅല്ലിമായി അവസരം ലഭിച്ചിരുന്നു. അറബിക് ലോവർ പരീക്ഷ എഴുതി അധ്യാപക ജോലിയിലും പ്രവേശിച്ചു. തൊടുപുഴ ഗവ. സ്കൂളിൽ നിന്നായിരുന്നു തുടക്കം. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെൻട്രൽ കൗൺസിൽ അംഗമായും ദീർഘകാലം മുഫത്തിഷായും പ്രവർത്തിച്ചു.
അറബിക് മുൻഷീസ് അസോസിയേഷനിൽ രൂപവത്കരണ കാലം മുതൽ അംഗമായിരുന്നു. സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നിപ്പോൾ വാർധക്യ അവശതകൾ ഏറെയാണ്. എന്നാൽ, വ്രതാനുഷ്ഠാനം മുടക്കാറില്ല. 11 മക്കളിൽ ഒരാൾ മരണപ്പെട്ടു. മറ്റ് മക്കളും മരുമക്കളുമെല്ലാം ആത്മീയ പ്രവർത്തന വഴിയിലാണ് എന്നതും ഇദ്ദേഹത്തെ ഏറെ സന്തോഷിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.