ആഴക്കടലിലും ആടിയുലയാത്ത നോമ്പ്
text_fieldsആറാട്ടുപുഴ: ചുട്ടുപൊള്ളുന്ന വേനലിൽ ഏറെ ത്യാഗം നിറഞ്ഞതാണ് മത്സ്യത്തൊഴിലാളികളുടെ നോമ്പ്. പകൽ മുഴുവൻ കടലിൽ കഴിയുന്ന ഇവർ വിശ്വാസദാർഢ്യം സമ്മാനിച്ച കരുത്തിലാണ് പ്രതികൂല കാലാവസ്ഥയിൽ നോമ്പ് അനുഷ്ഠിക്കുന്നത്. കടലിൽ ഉപജീവനം തേടി പോകുന്നവർക്ക് തണലിന്റെ ആശ്വാസംപോലും ഇല്ല.
അസഹനീയ ചൂട് പ്രയാസം സൃഷ്ടിക്കുമ്പോഴും നോമ്പിനെ കൈവിടാൻ അവർ ഒരുക്കമല്ല. റമദാനിൽ നോമ്പില്ലാതെ പകൽ കഴിയുകയെന്നത് മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തും. അതുകൊണ്ടാണ് എത്ര വലിയ കഠിനാധ്വാനമുള്ള പണിയാണെങ്കിലും നോമ്പ് ഉപേക്ഷിക്കാൻ മനസ്സ് വരാത്തതെന്ന് മത്സ്യത്തൊഴിലാളിയായ ആറാട്ടുപുഴ മേലെടുത്ത് കാട്ടിൽ അബ്ദുൽ വാഹിദ് പറയുന്നു. മതത്തിൽ ഇളവ് നൽകുന്നുണ്ടെങ്കിലും വർഷത്തിൽ ഒരിക്കലെത്തുന്ന റമദാനെ കൈവിടാൻ തോന്നില്ല. മത്സ്യബന്ധനത്തിന് പുലർച്ച രണ്ടിനാണ് കടലിലേക്ക് പുറപ്പെടുക.
ഇടയത്താഴം അതിനുമുമ്പ് വീട്ടിൽനിന്ന് കഴിക്കും. കടലിനെപ്പോലും തിളപ്പിക്കുന്ന നട്ടുച്ചനേരത്തെ ചൂടിൽ ഇവർ കടലിലായിരിക്കും. ഈ സമയത്ത് ശരീരം തളർന്നുപോകുമെങ്കിലും ആത്മീയമായി ലഭിക്കുന്ന ഉന്മേഷം ശരീരത്തിന്റെ അവശതയെ അതിജീവിക്കും. ചെറുപ്പത്തിലേ നോമ്പ് ശീലിച്ചതിനാലാകും ഒരു സാഹചര്യത്തിലും നോമ്പ് ഒഴിവാക്കാൻ തോന്നാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. തീരമണയുന്നതിന് കൃത്യമായ സമയമില്ല.
കാര്യമായി പണി ലഭിച്ചില്ലെങ്കിൽ ഉച്ചകഴിയുമ്പോൾ കരയിലെത്തും. പണിയുണ്ടെങ്കിൽ നോമ്പ് തുറക്കുന്ന സമയത്താകും തീരമണയുക. ചില ദിവസങ്ങളിൽ വള്ളത്തിലെ പരിമിത സൗകര്യത്തിലാകും നോമ്പ് തുറക്കുക. പുണ്യങ്ങൾക്കായി ദൈവം തമ്പുരാൻ പൂക്കാലം തീർക്കുമ്പോൾ ത്യാഗം സഹിച്ചായാലും അത് നേടിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. ആഹാരത്തിന്റെ വിലയും പട്ടിണിയുടെ നോവും അറിയാൻ കിട്ടുന്ന ഒരു അവസരം കൂടിയാണിത്. പ്രതിസന്ധികൾ അതിജീവിക്കാനുള്ള മാനസികവും ശാരീരികവുമായ കരുത്തും നോമ്പിന്റെ പേരിൽ ത്യാഗമനുഷ്ഠിക്കുമ്പോൾ കൈവരുമെന്നും തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.