‘നോമ്പ് തുറന്നാൽ എനിക്ക് രണ്ടു മുട്ടപൊരിച്ചത് തരുമോ ഉമ്മാ’
text_fieldsഉമ്മാ...എന്താ മോനെ. ലേശം വെള്ളം തരുമോ? അള്ളോഹ് !!! എന്റെ മോനിക് നോമ്പല്ലേ ....ഉമ്മാ എനിക്ക് നല്ലോണം ദാഹിക്കുന്നു ലേശം മതി. മോനെ.. ലേശം കുടിച്ചാലും നോമ്പ് മുറിയും. അസറ് ബാങ്ക് കൊടുത്തു. ഇനി അത്ര നേരമല്ലേ ഉള്ളൂ മഗ്രിബ് ബാങ്ക് കൊടുക്കാൻ... മോൻ പോയിട്ട് ദിക്റ് ചൊല്ലൂ.....
ഉമ്മാ ദിക്റ് ഞാൻ ചൊല്ലും. എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം തന്നില്ലെങ്കിൽ ഞാൻ മരിച്ചുപോവും... എന്റെ പൊന്നു മോനെ നോമ്പ് തുറക്കാനുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടില്ലേ. നിനക്ക് ഇഷ്ടപ്പെട്ട മുട്ട പൊരിച്ചത് ഉണ്ടാക്കുന്നുണ്ട് ... എന്നാൽ ഉമ്മാ എനിക്ക് രണ്ടു മുട്ടപൊരിച്ചത് തരുമോ...
ആരോടും പറയണ്ട; ഉമ്മ മോനിക്ക് രണ്ടു പൊരിച്ച മുട്ട തരും... വിശന്ന വയറുമായി ഞാൻ വാതിൽക്കൽ കോനായിൽ പോയിരുന്നു ദിക്റു ചൊല്ലാൻ തുടങ്ങി....ലാഹിലാഹാ ഇല്ലല്ലാഹ് ലാഹിലാഹ ഇല്ലല്ലാഹ്..
എന്താണ് ദിക്റ്.... എന്തിനാണ് നോമ്പ് നോക്കുന്നത് എന്നൊന്നും എനിക്ക് അറീല്ല.... എനിക്ക് ആകെ അറിയുന്നത് നോമ്പ് തുറക്കാൻ നല്ല വിഭവങ്ങൾ ഉണ്ടാവും എന്ന് മാത്രമാണ്... ഇഷ്ടപ്പെട്ട വിഭവങ്ങൾ നന്നായിട്ട് തട്ടാം. നോമ്പെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു എന്റെ വീട്ടിൽ. ഉപ്പാപ്പ ജോലിയും കഴിഞ്ഞു രാത്രി വീട്ടിൽ എത്തിയാൽ ഒരു ചോദ്യം ഉണ്ട്. ആരെല്ലാ ഇന്ന് നോമ്പ് നോറ്റത് എന്ന്. അത് കേട്ടാൽ... ഞാൻ ആവേശത്തോടെ പറയും ഉപ്പാപ്പാ എനിക്ക് ഇന്ന് നോമ്പായിരുന്നു. എന്ന് അപ്പോൾ ഉപ്പാപ്പാന്റെ മുഖത്ത് കാണുന്ന സന്തോഷം... ഇപ്പോഴും കണ്ണിൽ കാണുകയാണ് ഞാൻ .. ഉപ്പാപ്പാക്ക് നല്ല സന്തോഷമാവും. മാത്രമല്ല ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. ചില ദിവസങ്ങളിൽ നോമ്പ് എടുത്തിട്ട് ദാഹം വന്നാൽ ആരും കാണാതെ കുളുമുറിയിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കും...
ഒരുദിവസം ഇങ്ങനെ വെള്ളം കുടിക്കുന്നത് ഉമ്മാന്റെ അനുജത്തി കണ്ടു. ഇതെന്തു പണിയാ നീ എടുക്കുന്നത് നിനക്ക് നോമ്പല്ലേ.... ഞാൻ വെള്ളം കുടിച്ചതല്ല മുഖം കഴുകിയതാണ് എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ തെളിവ് സഹിതം ആണല്ലോ പിടികൂടിയത്. ഞാൻ വെള്ളം കുടിച്ചത് നിങ്ങൾ ഉമ്മാനോട് പറയല്ലേ എന്ന് പറഞ്ഞപ്പോൾ അവര് പറയുകയാ. ഉമ്മാനെ നിനക്ക് പറ്റിക്കാൻ പറ്റും, പക്ഷേ അള്ളാഹു ഇതെല്ലാം കാണുന്നുണ്ട് എന്ന്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു അതിന് അള്ളാഹു ഇവിടെ ഇല്ലാലോ പള്ളിയിൽ അല്ലേ അള്ളാഹു ഉണ്ടാവുക എന്ന്.
മോനെ അള്ളാഹു പള്ളിയിൽ മാത്രമല്ല എല്ലാ സ്ഥലത്തും ഉണ്ടാവും.അള്ളാഹു നമ്മളെ കാണും നമ്മള് അള്ളാഹുവിനെ കാണൂല. റോഡിലും ബസിലും പറമ്പിലും ഒക്കെ അള്ളാഹു ഉണ്ടാവും. ഇത് കേട്ടപ്പോഴാണ് അള്ളാഹു എന്ന അദൃശ്യശക്തിയെ പറ്റി എനിക്ക് ആദ്യമായിട്ട് ബോധ്യം വന്നത്. പിന്നീട് ഞാൻ നോമ്പ് എടുത്തിട്ട് വെള്ളം കുടിക്കാൻ നിക്കാറില്ല. കാരണം അള്ളാഹു കാണുമല്ലോ എന്നൊരു ഭയം മനസ്സിൽ ഉണ്ടായിരുന്നു.
നോമ്പും സകാത്തും ഒക്കെ കുട്ടിക്കാലത്തെ നിറമുള്ള ഓർമകളാണ്. സകാത്ത് കിട്ടുന്ന പൈസക്ക് കുത്തി പൊട്ടാസ് വാങ്ങിച്ചിട്ട് പൊട്ടിക്കും. അതൊക്കെ ഒരു രസം തന്നെ ആയിരുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കുട്ടിക്കാലത്തേക്ക് വീണ്ടും തിരിച്ചു പോവണം എന്ന് ആഗ്രഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.