വിശപ്പിന്റെ വിലയറിയുന്ന വ്രതം
text_fieldsനാട്ടിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലാണ് താമസം. വർഷങ്ങളായി മസ്കത്തിൽ താമസിക്കുന്ന ഒരു പ്രവാസി എന്ന നിലയിൽ ഇവിടെയുള്ള മുസ്ലിം സഹോദരന്മാർ സംഘടിപ്പിക്കുന്ന ഒട്ടേറെ നോമ്പ് തുറകളിലും സംഘടനകൾ ഒരുക്കുന്ന ഇഫ്താർ മീറ്റുകളിലും പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രതീക്ഷ ഒമാൻ എന്ന സംഘടനയിൽ എക്സിക്യൂട്ടീവായി ചേർന്ന ശേഷം റുസൈൽ പാർക്കിന്റെ ടാക്സി സ്റ്റാൻഡിനടുത്ത് കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന നോമ്പ് തുറയിൽ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. നോമ്പും നോമ്പ് തുറയുമെല്ലാം മസ്കത്തിൽ വന്ന ശേഷമാണ് വിശദമായി ഞാൻ അറിയുന്നത്. നാട്ടിൽ മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെങ്കിലും റമദാൻ നോമ്പും സാമൂഹ നോമ്പ് തുറകളും അതിലുള്ള മുസ്ലിംകളുടെ വിശ്വാസവുമൊന്നും ഇത്രത്തോളം എനിക്കറിയില്ലായിരുന്നു.
ഒരു നേരത്തേ വിശപ്പ് അനുഭവിക്കാത്തവന് ഒരു ദിവസത്തെ വിശപ്പ് അറിയിക്കുകയാണ് ദൈവം. ഭക്ഷണം ഉണ്ടായിട്ടും കഴിക്കാതെയിരുന്ന് അത് തന്റെ അടുത്തുള്ളവർക്ക് എടുത്ത് കൊടുക്കുന്ന വിശ്വാസം. അർഹതപ്പെട്ട, പാവപ്പെട്ടവരെ കണ്ടെത്തി സഹായിക്കാൻ ഒരു ദിവസത്തെ ഫിത്ർ സക്കാത്ത് ആഹാരം നൽകണമെന്നത് നല്ല ഒരു ആരാധന അനുഭവമായി തോന്നി. പിന്നെ, ചിട്ടയായ ക്രമത്തിലൂടെ റമദാൻ നോമ്പ് ഓരോരുത്തരിൽ വരുത്തുന്ന മാറ്റത്തെ മനസിലാക്കാനും സാധിച്ചു. ഹൈന്ദവ വിശ്വാസിയായിരിക്കെതന്നെ റമദാൻ നോമ്പെടുത്ത ഒരാളെന്ന നിലയിൽ എനിക്ക് പറയാൻ കഴിയും; നോമ്പ് നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന ശാരീരികവും, മാനസികവുമായ മാറ്റം തികച്ചും വ്യത്യസ്തമാണെന്ന്.
മുസ്ലിം സഹോദരന്മാരോടൊപ്പം മറ്റു മതസ്ഥരും ചേർന്നുള്ള നോമ്പ് തുറയും ഹൃദ്യമായ ഒരനുഭവം തന്നെയാണ്. പ്രതീക്ഷ ഒമാൻ റുസൈലിൽ സംഘടിപ്പിച്ച നോമ്പ് തുറകളിലേക്ക് ഒമാനികൾ ഭക്ഷണവുമായി എത്തുന്നത് ഒരു അറിയിപ്പുമില്ലാതെയായിരിക്കും. നോമ്പ് തുറക്കുള്ള ഫ്രൂട്ട്സ്, ഖജൂർ, ജ്യൂസ്, വെള്ളം ഇവ എത്തിച്ചു തന്നിരുന്നത്, നിങ്ങളുടെ നോമ്പ് തുറക്ക് ഒപ്പം ഇതും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞായിരിക്കും. വെള്ളിയാഴ്ചകളിൽ നടത്തിയിരുന്ന ഈ നോമ്പ് തുറ യാത്രക്കാർക്കും, അല്ലാത്തവരുമായ ഒട്ടേറെ പേർക്ക് ഉപകാരപ്രദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.