ഞാനങ്ങനെ നോമ്പുകാരനായി...
text_fieldsകേരളത്തിൽ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലെ ഒരു ഗ്രാമത്തിൽ മുസ്ലിം, ഹിന്ദു സമുദായങ്ങൾ ഇടകലർന്നിടത്ത് വളർന്ന എനിക്ക് നോമ്പോർമകൾ ഒത്തിരിയുണ്ട്. പൊന്നാനിക്കാരനായ ഞാൻ സലാലയിലെത്തിയിട്ടാണ് നോമ്പ് തുടങ്ങുന്നത്. 2007ൽ ആണ് ആദ്യമായി നോമ്പെടുക്കുന്നത്.
ഒമാനിലെ എന്റെ പ്രവാസം തുടങ്ങി പത്തു മാസത്തോളമായിക്കാണും; ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുതിയ ഒരു ശാഖ സലാലയിൽ തുടങ്ങുന്നതിന്റെ തൊട്ടു തലേദിവസമാണ് ഞാനവിടെ എത്തിയത്. രണ്ടു മാസം കഴിഞ്ഞാൽ നോമ്പാണെന്ന് കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളായ ബാബുവും ഷംസുവും പിന്നെ മുസ്തഫയുമെല്ലാം പറഞ്ഞിരുന്നു. മതചിന്തകൾക്കപ്പുറം മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി വളർത്തിയ എന്റെ മാതാപിതാക്കൾ എല്ലാ മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കാനും കുഞ്ഞുനാളിലേ പഠിപ്പിച്ചിരുന്നു.
അങ്ങനെ റമദാനിലെ ആദ്യ ദിനം വന്നെത്തിയപ്പോൾ പുലർച്ചതന്നെ നോമ്പെടുക്കുന്ന മുസ്ലിം സുഹൃത്തുക്കളോടൊപ്പം എഴുന്നേറ്റ് ഇടയത്താഴം കഴിച്ചു. നോമ്പ് ആരംഭിച്ചു. ജോലിസ്ഥലത്ത് കൂടുതൽ ഇസ്ലാംമത വിശ്വാസികൾ ആയതുകൊണ്ടുതന്നെ അവരിൽ ഒരാളായി ആദ്യത്തെ രണ്ടു നോമ്പ് വിജയകരമായി പൂർത്തിയാക്കി. പക്ഷേ, മൂന്നാം നാൾ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ. നാട്ടിൽനിന്ന് കൂടെ കൊണ്ടുവന്ന ‘മൈഗ്രേൻ’ കുഴപ്പമുണ്ടാക്കാൻ തുടങ്ങിയിരുന്നു. ഉച്ചയോടടുത്തപ്പോൾ ഷോപ്പിൽ തന്നെ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസിയല്ലാത്ത സുഹൃത്താണ് നോമ്പെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എന്റെകൂടെ വന്നാൽ ഭക്ഷണം കിട്ടുന്ന സ്ഥലത്ത് കൊണ്ടുപോകാമെന്നു പറഞ്ഞത്.
ഞങ്ങൾ ഷോപ്പിൽനിന്ന് ഇറങ്ങി. ഒരുപക്ഷേ, നട്ടുച്ചനേരത്തെ ആ യാത്രയാണ് എന്നിൽ തിരിച്ചറിവുണ്ടാക്കിയത്. ഷോപ്പിനു തൊട്ടുമുന്നിൽ പണി നടന്നുകൊണ്ടിരിക്കുന്ന വലിയ പള്ളിയുടെ ജോലിക്കാരിൽ പലരും നോമ്പെടുത്തുകൊണ്ടാണ് ഭാരിച്ച ആ ജോലി ചെയ്തുകൊണ്ടിരുന്നതെന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു. പിന്നെ പോകുന്ന വഴിയിലെല്ലാം കണ്ട ചില കാഴ്ചകൾ, അന്നവും വെള്ളവുമുപേക്ഷിച്ച് പ്രപഞ്ചനാഥന്റെ നിർദേശമനുസരിച്ച് എന്നാൽ, പതിവു ജോലികളൊന്നും മുടങ്ങാതെ, നോമ്പെടുക്കുന്ന വിശ്വാസികളെയാണ്. മൂന്നാം നോമ്പ് മൈഗ്രേൻ കാരണം മുറിക്കേണ്ടിവന്നുവെങ്കിലും പിന്നീടങ്ങോട്ട് മുഴുവൻ നോമ്പും ഞാനെടുത്തു. 2008 മുതൽ മസ്കത്തിലെ റൂവിയിൽ തന്നെയായിരുന്നു എന്റെ റമദാൻ നോമ്പുകൾ.
ഒമാനിൽ വന്നിറങ്ങിയതു മുതൽ കൂടെ ജോലിചെയ്യുന്ന ഒരുപാട് പേരുമായി നല്ല സ്നേഹസൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു എന്നത് കൊണ്ടുതന്നെ സഹപ്രവർത്തകരായ ഒമാനികളുടെ വീട്ടിൽനിന്ന് കൊണ്ടുവരുന്ന വിഭവങ്ങളുമായിട്ടായിരുന്നു ഞാനും കൂട്ടുകാരായ ഷംസുക്കയും മുഹമ്മദ് ഇക്കയും വർഷങ്ങളോളം നോമ്പു തുറന്നിരുന്നത്. കൂട്ടത്തിൽ സഹോദര സമുദായക്കാരനായതു കൊണ്ടുതന്നെ ഒരു പ്രത്യേക പരിഗണന എപ്പോഴും കിട്ടിയിരുന്നതും പറയാതെ വയ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.