ചോലയില്‍ ഉസ്താദിന്റെ ഖുര്‍ആന്‍ പാരായണവും ഉമ്മയുടെ വിളിച്ചുണര്‍ത്തലും
text_fieldsറമദാന്റെ പുണ്യമാക്കപ്പെട്ട ദിനങ്ങളാണ് കടന്നുപോകുന്നത്. ഓരോ റമദാന് വരുമ്പോഴും ഓരോ പ്രവാസിയുടെയും മനസ്സിലേക്ക് ഓടിവരുക നാട്ടിലെ കുടുംബത്തോടൊപ്പമുള്ള നോമ്പോര്‍മകളും ചെറുപ്പത്തിലെ നോമ്പുകാലവുമാണ്. അതിന് തിളക്കമേറെയാണ്. അതില്‍ കുട്ടിക്കാലത്തേത് ആദ്യം വിവരിക്കാം.
ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പുകാലം ഹരമായിരുന്നു. ആര് കൂട്ടത്തില്‍ കൂടുതല്‍ നോമ്പുപിടിച്ചു എന്നതിനുള്ള മത്സരമാവും. കുട്ടികളായതിനാല്‍ ഒരു ദിവസം പകുതി നോറ്റാല്‍ മതിയെന്ന് ഉമ്മമാര് പറയും. അതുകൊണ്ട് പകുതി ദിവസമേ നോമ്പെടുക്കൂ. അതില്‍ അറിയാതെ വെള്ളം കുടിച്ചാല്‍ നോമ്പ് മുറിയൂലെന്ന് ഉമ്മ പറഞ്ഞുതന്നതിനാല്‍ വെള്ളം അറിഞ്ഞുകുടിച്ച് അറിയാതെ കുടിച്ചതാണെന്ന് പറയുന്ന വെളവന്മാരും കൂട്ടത്തിലുണ്ടായിരുന്നു.
വിഭവസമൃദ്ധമായ ഭക്ഷണമാവും ഓരോ നോമ്പുതുറക്കുമുണ്ടാവുക. നോമ്പ് തുറന്നതിനുശേഷം ബാപ്പയോടൊപ്പം കൈപിടിച്ച് തറാവീഹ് നമസ്കാരത്തിന് പോകും. പിറകിലും മുന്നിലും ജേഷ്ഠന്മാരുടെ അകമ്പടിയുള്ളതിനാല്‍ മടിയനായിരുന്ന ഞാന്‍ മുഴുവന്‍ നമസ്കരിച്ചതും നോമ്പോര്മയാണ്. നമസ്കാരം കഴിഞ്ഞ് വന്നാല്‍ ഉമ്മയുണ്ടാക്കിയ നെല്ലുത്തേരി കഞ്ഞികുടിച്ചേ ഉറങ്ങാന്‍ അനുവദിക്കൂ. രാവിലെ ഞങ്ങളുടെ ഉസ്താദ്, ചോലയില്‍ ഉസ്താദിന്റെ (ഇന്നദ്ദേഹമില്ല) ഖുര്‍ആന്‍ ക്ലാസുണ്ടാവും. അതിനുപോവാതെ മടിപിടിച്ചുറങ്ങുന്ന എനിക്ക് ബാപ്പയുടെ ചൂരല്‍ പ്രയോഗത്തിന് ഇരയാവേണ്ടിവന്നിട്ടുണ്ട്. ആ കാലം മനോഹരമായിരുന്നു. പിന്നീട് അതൊക്കെ നഷ്ടമായത് പ്രവാസ ലോകത്തേക്ക് വന്നപ്പോഴാണ്.
അത്താഴത്തിന് വേണ്ടിയുള്ള ഉമ്മയുടെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങാറുണ്ട്. ‘‘എടാ നീച്ച് ചോലേലെ ഉസ്താദ് ഓത്ത് നിര്‍ത്താനായി...’’കീഴ്മുറി മഹല്ലില്‍ ദീര്‍ഘകാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ച ചോലയില്‍ ഉസ്താദിന്റെ ഖുര്‍ആന്‍ പാരയണത്തോടെയാണ് അന്നത്തെ നോമ്പുകാലം തുടങ്ങുക. സുബ്ഹി ബാങ്കിനുമുമ്പേ സ്പീക്കറില്‍ 15 മിനിറ്റ് അദ്ദേഹത്തിന്റെ മനോഹരമായ ഖുര്‍ആന്‍ പാരായണമുണ്ടാവും. നിയ്യത്ത് വെക്കാത്തവര്‍ വെച്ചോളു എന്ന ഉമ്മയുടെ അറിയിപ്പുണ്ടാവും. ഉമ്മക്ക് പകരം അത്താഴത്തിന് വിളിച്ചുണര്‍ത്തുന്നത് സുഹൃത്തുക്കളായ റഹീമും ഷിബിലിയുമൊക്കെയാണ്.
നോമ്പുതുറക്കാന്‍ ഉമ്മയുണ്ടാക്കുന്ന പത്തിരിയും ഇറച്ചിക്കറിയുടെയും, അത്താഴത്തിന് മുമ്പുണ്ടാക്കുന്ന നെല്ലുത്തേരി കഞ്ഞിയുടെയും ടേസ്റ്റ് ഓര്‍മയായി. എന്നാലും നോമ്പുകാലത്ത് ‘‘എടാ ഇന്നെന്താ ഭക്ഷണം. നിങ്ങള്‍ക്ക് ഇപ്പോള്‍ ഇറച്ചീം പത്തിരീം ഒന്നും കിട്ടൂലല്ലെ’’എന്നുപറഞ്ഞ് സങ്കടപ്പെട്ട് ഉമ്മയുടെ വാക്കിടറുന്നതും കേള്‍ക്കാം. അതവരുടെ നിഷ്കളങ്കതയാണ്. ഇവിടെ എല്ലാം കിട്ടുമെന്ന് അവര്‍ക്കറിയില്ലല്ലോ.
വിളിക്കുമ്പോള്‍ ഉമ്മയുടെ സംസാരം മനസ്സിനെ വല്ലാതുലക്കും. ഇല്ല ഉമ്മാ, നിങ്ങളും ബാപ്പയുമൊക്കെ ആരോഗ്യത്തോടെ ഇരിക്കുന്നതാണ് ഞങ്ങളുടെ സന്തോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.