അമ്മ പറഞ്ഞറിഞ്ഞ നോമ്പ്
text_fieldsറമദാൻ നോമ്പ് മനസ്സിലടയാളപ്പെട്ടു കിടക്കുന്നത് എന്റെ കുട്ടിക്കാലത്തെ ഒരു സംഭവവുമായിട്ടാണ്. ജനിച്ചു വളർന്ന ചെന്ത്രാപ്പിന്നി ഗ്രാമം കേരളത്തിലെ മറ്റേത് ഗ്രാമ പ്രദേശത്തേയും പോലെ, ബാങ്കൊലികളും അമ്പലമണികളും കൊണ്ട് സുപ്രഭാതം നേരുന്ന സ്ഥലമാണ്.
ആ ഓർമകളിലേക്കാണ് എന്റെ ഐഷു ഉമ്മയും, ഹംസാക്കയും പിന്നെ എന്റെ ചങ്ങാതി റാഫിയുമൊക്കെ ഓടിയെത്തുന്നത്. നോമ്പിനെ കുറിച്ച് ഒന്നും അറിയാത്ത എന്റെ ചെറുപ്രായത്തിൽ ഞാൻ അമ്മയോട് ഇടക്കിടക്ക് ചോദിക്കുമായിരുന്നു ‘എന്താ അമ്മേ... റാഫി നമ്മുടെ വീട്ടിൽ നിന്നും ഇപ്പോ, ഭക്ഷണം കഴിക്കാത്തതെന്ന്’.. ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ ഒരു ദിവസം പറഞ്ഞതാണ് റമദാനിനെ കുറിച്ചുള്ള ആദ്യത്തെ അറിവ്. "മോനേ, ഇത് അവരുടെ പുണ്യമാസമാണ്. അവരെല്ലാവരും പകൽ ഒന്നും കഴിക്കാറില്ല.
സന്ധ്യ സമയത്തെ ബാങ്ക് വിളിക്ക് ശേഷമാണ് ഭക്ഷണം കഴിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക’.... ഒന്നും കഴിക്കാത്ത, ഒരു ഗ്ലാസ് വെള്ളം കുടിക്കാത്ത ഒരു പകൽ ദിവസം എന്റെ മനസ്സിൽ ഏറെ കൗതുകം നിറഞ്ഞ അവിശ്വസനീയമായ കാര്യം തന്നെയായിരുന്നു. റാഫിയോടൊപ്പമിരുന്ന് ഉച്ച ഭക്ഷണം കഴിക്കാനാവാത്തതിന്റെ വിഷമമായിരുന്നു അതുവരെ ഉണ്ടായിരുന്നതെങ്കിൽ, എന്തിനാണ് ഒരു ദിവസം റാഫി ഒന്നും കഴിക്കാതെയിരിക്കുന്നതെന്ന ചിന്തയാണ് പിന്നീട് മനസ്സിലുണ്ടായത്.
ആ പ്രായമൊക്കെ കഴിഞ്ഞപ്പോഴാണ് നോമ്പിന്റെ ആത്മീയവശത്തെപ്പറ്റി അറിഞ്ഞത്. ദൈവത്തിന്റെ കൽപന അനുസരിക്കാനും വിശക്കുന്നവന്റെ പ്രയാസമറിയാനുമാണ് ഈ പ്രാർഥനയെന്ന തിരിച്ചറിവുണ്ടായി. കഴിക്കാനുള്ള ആഹാരപദാർഥങ്ങൾ കൈവശമുള്ള സമ്പന്നനും ഒന്നുമില്ലാത്ത ദരിദ്രനും ഒരുപോലെ പകൽ മുഴുവൻ പട്ടിണി അനുഭവിക്കുക എന്ന ത്യാഗം മനോഹര സങ്കൽപം തന്നെ. ഉപവാസം എന്ന വാക്കിന്, അടുത്ത് ഇരിക്കുക, ചേർന്ന് ഇരിക്കുക എന്നൊക്കെയാണല്ലോ അർഥം. അതായത് ഈശ്വരനോട് (അല്ലാഹുവിനോട്) നമ്മൾ ഏറ്റവും അടുത്തിരിക്കുന്ന അവസരമാണ് നോമ്പുകാലം. വിശ്വാസികളുടെ മാനസിക നൈർമല്യത്തിന് ഇതിൽപരമെന്തു വേണ്ടൂ..
പ്രവാസിയായശേഷം ഒരുപാട് സമൂഹ നോമ്പുതുറകളിൽ പങ്കെടുക്കാൻ അവസരമുണ്ടായി. നന്മകളുടെ കൊടുക്കൽ വാങ്ങലിലൂടെയാണല്ലോ എല്ലാ സമൂഹവും പരസ്പരം ആദരിക്കപ്പെടുന്നത്. ആ നിലക്കെല്ലാം സമൂഹ നോമ്പുതുറ എന്നും മാനവ സൗഹൃദ സംഗമവേദി കൂടിയാണ്. ജാതി മത ദേശ ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും ഇതില് പങ്കാളികളാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.