പരിവർത്തനം സാധ്യമാക്കുന്ന വസന്തം
text_fieldsനന്മയുടെ സുഗന്ധം വിശ്വാസികൾ ഏറ്റവും കൂടുതൽ അനുഭവിച്ചറിയുന്ന മാസമാണിത്. ആത്മീയബോധം പകർന്നുതരുന്നതുപോലെ പട്ടിണിപ്പാവങ്ങളുടെ വേദന അനുഭവിച്ചറിയാനുള്ള പാഠശാലയാണ് റമദാൻ. ആ ഒരു അനുഭവത്തിൽനിന്നാണ് കാരുണ്യത്തിന്റെ ചിന്താധാരകൾ മനുഷ്യമനസ്സുകളിൽ സന്നിവേശിപ്പിക്കപ്പെടുന്നത്. ഏതൊരു ആചാരത്തെക്കുറിച്ചോർക്കുമ്പോഴും നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിൽ ഒരുപാട് ഓർമകൾ എന്നും തുടികൊട്ടിക്കൊണ്ടിരിക്കും. എന്നും ഓർമ വരുന്ന ഒരു ദിവസത്തേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.
കാസർകോട് അറബി കോളജിൽ അഫ്ദലുൽ ഉലമ കോഴ്സിന് പഠിക്കുന്ന സമയം. ഹോസ്റ്റലിൽ താമസിച്ചുവരുകയായിരുന്നു. മറക്കാനാവാത്ത നല്ല നിമിഷങ്ങൾ മാത്രം കിട്ടിയ വിദ്യാർഥിജീവിതം. ഹോസ്റ്റൽ എന്നു പറയുന്നത് വെവ്വേറെ സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല. എല്ലാവരും ഒന്നിച്ച് ഒരു വലിയ ഹാളിൽ കട്ടിലിട്ട് കിടക്കും. തമാശയായി പറഞ്ഞാൽ മത്തി ഫ്രൈ ചെയ്യാൻ ഇട്ടപോലെ ഉണ്ടാകും. അതൊക്കെ ഒരു കാലം. പഠനവും കളിയും ചിരിയും ചെറിയ കുസൃതികളുമായി ചെലവഴിച്ച കാലഘട്ടം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു ഗുരുനാഥന്മാരെ വരദാനംപോലെ എനിക്കു ലഭിച്ചത് അവിടെനിന്നാണ്. ബഹുമാന്യ അധ്യാപകരായിരുന്ന കദീജ ടീച്ചറും ഹാഷിം മാഷും.
അവിടെ ഭക്ഷണമൊക്കെ ഉണ്ടാക്കുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളും ടീച്ചർമാരും ഒരുമിച്ചും സഹകരിച്ചുകൊണ്ടായിരുന്നു. അവിടെനിന്നാണ് പാചകകല ശരിയായവിധം ഞങ്ങളെല്ലാവരും പഠിക്കുന്നതുതന്നെ. ഒരു ദിവസം ഞങ്ങൾ തറാവീഹ് നമസ്കാരവും കഴിഞ്ഞ് പഠനത്തിന്റെയും കഥപറച്ചിലിന്റെയും തിരക്കിനിടയിൽ അതിൽ മൂന്നു പേർ ( പേർ വെളിപ്പെടുത്തിയാൽ ചിലപ്പോൾ കോളജ് ഗ്രൂപ്പിൽ കയറാൻ പറ്റാത്തതുകൊണ്ട് അത് വെളിപ്പെടുത്തുന്നില്ല) ബാത്റൂമിൽ ഫ്രഷ് ആകാൻ വേണ്ടി പോയതാണ്.
രണ്ടു പേരുടെ പേടിപ്പെടുത്തുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി. പേടിയോടെ പോയി നോക്കിയപ്പോൾ അവർ അവിടെനിന്നു തിരിച്ച് ഓടിവരുന്നു. അടുക്കളയിൽ കള്ളനായിരുന്നു വിഷയം. ആരാണ് പാതിരാത്രിയിൽ കട്ടുതിന്നാൻ നോക്കിയ കള്ളൻ എന്ന് ധൈര്യപൂർവം നോക്കാൻതന്നെ തീരുമാനിച്ചു. കൂട്ടത്തിൽ കുറച്ചെങ്കിലും ധൈര്യമുള്ള ഞാനും എന്റെ രണ്ടു സഹപാഠികളുംകൂടി അടുക്കളയിലേക്കു കയറുമ്പോൾ അതാ കുറെ പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം. ധൈര്യം സംഭരിച്ച് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എന്റെ കൂടെ വന്ന രണ്ടു സഹപാഠികളുടെയും നിഴൽപോലും കാണുന്നില്ല. പിന്നെ ഓടിയ വഴിയിൽ പുല്ലുപോലും മുളക്കാൻ സാധ്യത ഇല്ലാത്തവിധം ഞാനും തിരിച്ചോടി. എന്തായാലും രാവിലെ നോക്കാം എന്ന സമാധാനത്തിൽ കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ എഴുന്നേറ്റ് അടുക്കളപ്പണിയിൽ ചുമതലയുള്ള പഠിതാക്കളാണ് ആ സംഭവം കാണുന്നത്. വേഗം ഞങ്ങളെ തട്ടിയുണർത്തി കിച്ചണിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കണ്ട് ഞങ്ങളുടെ ബോധം പോയില്ല എന്നു മാത്രം. പൂച്ചയും കുഞ്ഞുങ്ങളും അടുപ്പിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നു. എന്തായാലും ഞങ്ങൾക്ക് ധീരതക്കുള്ള അവാർഡ് കിട്ടിയേ തീരൂ. പൂച്ചയെ കള്ളനാക്കിയ ആൾക്കാർക്ക് വേറെ എന്തു കിട്ടിയാലാണ് മതിയാവുക. പിന്നെ ഓർത്തുചിരിക്കാൻ നേരമില്ലാത്തതുകൊണ്ട് വേഗം അത്താഴം കഴിച്ച് തഹജ്ജുദ് നമസ്കരിക്കാൻ വേണ്ടി എല്ലാവരും പള്ളിയിലേക്കു പ്രവേശിച്ചു.
പാപമോചനം, വ്യക്തിത്വ സംസ്കരണം, ലൈലത്തുൽ ഖദ്ർ, സ്വർഗപ്രവേശനം എന്നീ വിലപ്പെട്ട പരിവർത്തനങ്ങളുമായി വർഷത്തിൽ മാത്രം കടന്നുവരുന്ന അതിഥിയെ ആതിഥേയ മര്യാദയോടെ നമുക്ക് വരവേൽക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.