Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഎബിലിറ്റി കുന്നിലെ...

എബിലിറ്റി കുന്നിലെ റമദാൻ കാറ്റ്...

text_fields
bookmark_border
എബിലിറ്റി കുന്നിലെ റമദാൻ കാറ്റ്...
cancel
രണ്ടുവർഷം മുമ്പ് എബിലിറ്റിയിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാനെത്തി ഇപ്പോൾ ഇവിടെ തന്നെ ജോലിചെയ്യുന്ന സഫീനക്ക് റമദാനിലെ ഇവിടത്തെ സന്തോഷ കൂട്ടായ്മകളെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. റമദാൻ മാസത്തിൽ ഉച്ചയോടെ ജോലി അവസാനിച്ചാൽ വൈകീട്ട് എല്ലാവരും നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലാവും ഇവിടെ. റമദാൻ വിഭവങ്ങളൊരുക്കാൻ എല്ലാവരും ഒരുമിച്ചുകൂടും

‘‘ആഗ്രഹങ്ങൾ എല്ലാ മനുഷ്യർക്കുമുണ്ട്. എന്നാൽ, വീൽചെയറിൽ ജീവിതം ഉന്തിത്തീർക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ ചെറിയ ആഗ്രഹങ്ങൾക്കുപോലും വലിയ പ്രയാസമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഈ സ്നേഹ കൂട്ടായ്മയിലെത്തിയപ്പോൾ ജീവിതത്തിന് അതിജീവനത്തി​ന്റെ വലിയ വഴികളുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് തോന്നിച്ച സ്വപ്നങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയാണ് ഞങ്ങളിവിടെ.

റമദാൻ മാസത്തിൽ ഇവിടത്തെ കൂട്ടായ്മകളും പ്രവർത്തനങ്ങളുമെല്ലാം മനസ്സിന് മുമ്പില്ലാത്തവിധം കുളിർമയാണ് ചൊരിയുന്നത്’’; ഭിന്നശേഷി ശാക്തീകരണ മേഖലയിലെ മികച്ച സേവനത്തിന് ഇപ്രാവശ്യത്തെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ച മലപ്പുറം ജില്ലയിലെ പുളിക്കൽ എബിലിറ്റി ഫൗണ്ടേഷനിലെ പൊന്നാനി സ്വദേശി സഫീനയുടെ വാക്കുകളാണിത്. ജനിച്ച് ഒരു വയസ്സിനുള്ളിൽ പോളിയോ ബാധിച്ച് ജീവിതം തുടങ്ങിയ സഫീന ഇന്ന് ത​ന്റെ 34ാം വയസ്സിൽ വീൽചെയറിൽ ജീവിതയാത്ര തുടരുകയാണ്.

രണ്ടുവർഷം മുമ്പ് എബിലിറ്റിയിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാനെത്തി ഇപ്പോൾ ഇവിടെ തന്നെ ജോലിചെയ്യുന്ന സഫീനക്ക് റമദാനിലെ ഇവിടത്തെ സന്തോഷ കൂട്ടായ്മകളെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. റമദാൻ മാസത്തിൽ ഉച്ചയോടെ ജോലി അവസാനിച്ചാൽ വൈകീട്ട് എല്ലാവരും നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലാവും ഇവിടെ. റമദാൻ വിഭവങ്ങളൊരുക്കാൻ എല്ലാവരും ഒരുമിച്ചുകൂടും.

ചേർത്തുപിടിച്ച് പുണ്യമാസം

ഒറ്റപ്പെടലി​ന്റെയും അവഗണനയുടെയും നിരാശയുടെയു പടുകുഴിയിൽനിന്ന് പ്രതീക്ഷയുടെ ചുവടുകൾ കയറാൻ പലരും തുടങ്ങിയത് ഇവിടെ നിന്നാണ്. കാഴ്ച പരിമിതരും ശ്രവണ പരിമിതരും മാനസിക വെല്ലുവിളിയുള്ളവരും അരക്കു താഴെ തളർന്നവരുമെല്ലാം ഒരു കുടക്കീഴിൽ ജീവിതസ്വപ്നം നെയ്യുകയാണിവിടെ. കോവിഡ് കാലത്തും സേവനങ്ങൾ തുടർന്നുപോന്ന ഈ സ്ഥാപനം പുണ്യങ്ങളുടെയും സാഹോദര്യത്തിന്‍റെയും റമദാനിലും ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുകയാണ്. ഇവർക്കെല്ലാം റമദാൻ കാലത്തും എല്ലാ സൗകര്യങ്ങളും ഒരുക്കി കൂടെ നിർത്തുകയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം നന്മ മരങ്ങൾ.

ഞങ്ങൾക്കിവിടെ സന്തോഷ റമദാൻ

നോമ്പിന് നാട്ടിൽ പോവുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ എബിലിറ്റിയിലെ അന്തേവാസികളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. ഞങ്ങളുടെ സന്തോഷ റമദാൻ ഈ മുറ്റത്താണ്. ഓരോ നോമ്പുദിനവും പെരുന്നാളാണിവിടെയെന്ന് അവരുടെ നിഷ്കളങ്കമായ വാക്കുകളിലുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങളോടെ എല്ലാവരും ഒന്നിച്ചിരുന്ന് വിശിഷ്ട വ്യക്തികളോടൊപ്പം സമഭാവനയോടെയുള്ള നോമ്പ് തുറയുടെ സന്തോഷ നിമിഷത്തിലാണ് അവർ. ബ്രെയിൽ ഖുർആൻ പഠനം, അറബിക് സൈൻ ഭാഷാ പഠനം എന്നിവക്കും നോമ്പ് കാലത്ത് ഏറെ അവസരമുണ്ട്. കൂടാതെ മറ്റു സമുദായത്തിലെ കുട്ടികളോടൊത്തുള്ള നോമ്പ് സാമുദായിക ഐക്യത്തിനും പ്രയോജനപ്പെടുന്നു.

ഒരുമയുടെ ഇഫ്താർ സംഗമങ്ങൾ

എബിലിറ്റി അങ്കണത്തിലെ ദീപാലംകൃതമായ പന്തലിൽ പരിശുദ്ധ റമദാനിൽ എല്ലാ ദിവസവും നടന്നുവരുന്ന ഇഫ്താർ സംഗമങ്ങൾ ഭിന്നശേഷിക്കാർക്കും വിരുന്നുകാരായെത്തുന്നവർക്കും സന്തോഷ സംഗമങ്ങളാണ്. അടുക്കളയിലെ ജോലിക്കാരെ സഹായിച്ച് വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നത്, തീൻമേശയിൽ പലഹാരങ്ങളും പഴങ്ങളും പാനീയങ്ങളും ഭംഗിയായി നിരത്തുന്നത് എന്നിവയെല്ലാം അവർ സ്വയം ഏറ്റെടുത്തിരിക്കയാണ്. 120 മുതൽ 150 പേർ വരെയുണ്ടാവുന്ന ഇവിടത്തെ ഇഫ്താർ സംഗമങ്ങൾക്ക് ഏറെ പ്രത്യേകതകൾ ഉണ്ട്. സ്ത്രീ, പുരുഷ, ജാതി, മത, ഭേദമന്യേ നാം ജീവിക്കുന്ന ബഹുസ്വര സമൂഹത്തിന്റെ ഒരു പരിപ്രേക്ഷ്യമാണിവിടെ കാണുന്നത്. ഞങ്ങളുണ്ട് കൂടെ എന്ന മനസ്സുമായി സമൂഹത്തിലെ ഉന്നതരടക്കം കുടുംബസമേതം ഇവിടത്തെ മാലാഖമാരായ ഭിന്നശേഷിക്കാരോടൊപ്പം ഇഫ്താറിൽ പങ്കെടുക്കാൻ എത്തുന്നു. നന്മ മനസ്സുള്ള നിരവധിപേരാണ് ഈ ഇഫ്താറുകൾ സ്പോൺസർ ചെയ്യുന്നത്.

ജീവനക്കാരും ഭിന്നശേഷിക്കാർ

ഈ സ്ഥാപനത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ, ഫ്രണ്ട് ഓഫിസുകളിൽ, ലൈബ്രറികളിൽ, അധ്യാപകരിൽ എല്ലാം ഭിന്നശേഷിക്കാരാണ് ഭൂരിഭാഗവും. ‘പരിമിതികൾ അല്ല മികവുകളാണ് പരിഗണിക്കപ്പെടേണ്ടത്’ എന്ന കമ്മിറ്റിയുടെ ദർശനം ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നു. ഭിന്നശേഷിക്കാരിലെ സർഗാത്മക, കായികശേഷികളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ഇവരെ ഉയരങ്ങളിൽ എത്തിക്കുന്നതിനുമായി എബിലിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു പാരാ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമിയും പ്രവർത്തിച്ചുവരുന്നു.

അന്തർ സംസ്ഥാന വീൽചെയർ ക്രിക്കറ്റ് മത്സരങ്ങൾ, കാഴ്ചപരിമിതരുടെ സൗത്ത് ഇന്ത്യൻ ചെസ് ടൂർണമെന്റ് എന്നിവ ഏറ്റെടുത്തു നടത്തുന്നതോടൊപ്പം വിശാലമായ ഗ്രൗണ്ടിൽ വിവിധ കായിക പരിശീലനങ്ങൾ പ്രത്യേകമായി നടത്തിവരുന്നു. ഇവിടത്തെ കലാപ്രതിഭകളുടെ വീൽചെയർ ഒപ്പന, വീൽചെയർ സൂഫി ഡാൻസ്, കാഴ്ച പരിമിതരുടെ കോൽക്കളി എന്നിവയെല്ലാം കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ പൊതുജനങ്ങൾ കണ്ടറിഞ്ഞിട്ടുണ്ട്. റമദാന് ശേഷം ദുബൈയിൽ ഒരു പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ കലാപ്രതിഭകൾ.

കാരുണ്യത്തടായി

ഏഴ് ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ സുന്ദര കുന്നിൻ തടായിക്ക് മുമ്പ് കാഞ്ഞിരത്തടായി എന്നായിരുന്നു പേര്. ഇന്നത് ‘കാരുണ്യത്തടായി’യാണെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. ഭിന്ന ശേഷിക്കാരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് എല്ലാപ്രവർത്തനങ്ങളിലും ഭാഗഭാക്കാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന പുതിയ അനേകം പദ്ധതികളുടെ പ്രവർത്തനങ്ങളും ഇവിടെ തുടങ്ങിയിട്ടുണ്ടെന്ന് പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ് ചെയർമാൻ കെ. അഹമ്മദ് കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ability Foundation
News Summary - Ramadan Specials at Ability Foundation
Next Story