തമ്പുകളിൽ വീണ്ടും നോമ്പുതുറക്കാലം
text_fieldsദോഹ: കോവിഡിന്റെ വരവോടെ മുടങ്ങിപ്പോയ റമദാൻ ടെന്റുകൾ മൂന്നു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തുറന്നപ്പോൾ ഒഴുകിയെത്തി വിശ്വാസികൾ. റമദാൻ വ്രതാരംഭം കുറിച്ച വ്യാഴാഴ്ചയോടെ തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നോമ്പുതുറ വിഭവങ്ങളുമായി റമദാൻ ടെന്റുകൾ തുറന്നു. കോവിഡ് മഹാമാരി എത്തുന്നതിന് മുമ്പുവരെ വിശ്വാസികൾക്കെല്ലാം വലിയ ആശ്വാസമായ റമദാൻ തമ്പുകൾ 2020, 2021, 2022 വർഷങ്ങളിലാണ് പൂർണമായും മുടങ്ങിയത്. മൂന്നു വർഷത്തെ ഇടവേളക്കു ശേഷം, ഇത്തവണ പുനരാരംഭിക്കുകയായിരുന്നു. മുൻവർഷങ്ങളിൽ ഇസ്ലാമിക മതകാര്യ മന്ത്രാലയവും ഖത്തർ ചാരിറ്റിയും വിവിധ സ്വകാര്യ ഏജൻസികളും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം കിറ്റുകളായാണ് വിതരണം ചെയ്തത്. പൊതുസമ്പർക്കം ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.
എന്നാൽ, ഈ വർഷം മുതൽ റമദാൻ തമ്പുകളിലെ നോമ്പുതുറകൾ വീണ്ടും സജീവമായി. ഔഖാഫിനു കീഴിൽ 10 റമദാൻ തമ്പുകളാണ് ഒരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തമ്പുകൾ വഴി ദിനേന 10,000 പേർക്ക് നോമ്പു തുറക്കാൻ സൗകര്യമുണ്ട്. ഇതിനു പുറമെ ഖത്തർ ചാരിറ്റിയുടെയും വിവിധ പള്ളികൾ കേന്ദ്രീകരിച്ചും റമദാൻ ടെന്റുകൾ സജീവമായിക്കഴിഞ്ഞു.
മൂന്നു വർഷത്തെ ഇടവേളക്കു ശേഷം റമദാൻ ടെന്റിലെത്തിയ സന്തോഷമായിരുന്നു മലപ്പുറം സ്വദേശി സിദ്ദീഖിന് പങ്കുവെക്കാനുണ്ടായിരുന്നത്. ഷഹാനിയയിലെ വലിയ പള്ളിക്ക് തൊട്ടരികിലെ ടെന്റിലായിരുന്നു വ്യാഴാഴ്ച നോമ്പു തുറന്നതെന്ന് സിദ്ദീഖ് പറയുന്നു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബഷീർ അൽ മെസ്സില മെട്രോ സ്റ്റേഷന് അരികിലെ ഖത്തർ ചാരിറ്റി റമദാൻ ടെന്റിലെത്തി നോമ്പു തുറന്നതിന്റെ സന്തോഷമാണ് ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചത്. മൂന്നു വർഷത്തിനു ശേഷം ലഭിച്ച അവസരം ഏറെ ഹൃദ്യമായിരുന്നുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ജോലിയും കഴിഞ്ഞ് വൈകീട്ട് നാലരയോടെ തന്നെ സുഹൃത്തിനൊപ്പം ഇവിടെയെത്തിയിരുന്നു. ആയിരത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ടെന്റാണ് ഒരുക്കിയത്. ജ്യൂസും വെള്ളവും ഈത്തപ്പഴവും ചിക്കൻ-മട്ടൻ മന്തിയും ലഭ്യമായ ടെന്റ് നിരവധി പേർക്ക് അനുഗ്രഹമായിരുന്നു. വലിയ തളികയിൽ വിളമ്പിയ ഭക്ഷണം പല നാട്ടുകാരായവർ ഒന്നിച്ചു കഴിച്ച്, നോമ്പുതുറന്ന് പ്രാർഥനയോടെ മടങ്ങുമ്പോൾ പരീക്ഷണ കാലങ്ങളിൽനിന്നും വിജയിച്ച് ദൈവത്തിനോടുള്ള നന്ദി പ്രകടിപ്പിക്കുകയായിരുന്നു ഓരോരുത്തരും.
ബാച്ചിലർ റൂമുകളിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ പ്രവാസികൾക്കാണ് സമൃദ്ധമായ നോമ്പുതുറ വിഭവങ്ങൾ ലഭ്യമാക്കുന്ന ടെന്റുകൾ അനുഗ്രഹമാവുന്നത്. കുറഞ്ഞ വരുമാനക്കാർ, തൊഴിൽ തേടുന്നവർ ഉൾപ്പെടെയുള്ളവരും നോമ്പു തുറക്കാൻ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.