ഹൃദയം രുചിച്ചറിഞ്ഞ സ്നേഹത്തിന്റെ നോമ്പുതുറ
text_fieldsഓരോ റമദാൻ കാലവും വിരുന്നെത്തുമ്പോൾ കഴിഞ്ഞുപോയ നോമ്പുകാല ഓർമകളിലേക്ക് മനസ്സ് കൂട്ടിക്കൊണ്ടുപോകും. അബൂദബിയിലായിരുന്നപ്പോൾ മറക്കാനാവാത്ത കുറെ നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു നോമ്പുകാലം ഉണ്ടായിരുന്നു. പ്രവാസ ജീവിതത്തിൽനിന്ന് ഏറെ പ്രിയപ്പെട്ടവരായി മാറിയ റിയാസ്കയും കുടുംബവുമൊത്തുള്ള നോമ്പുതുറയും, തറാവീഹും,യാത്രകളും ഒരു കുടുംബാംഗം പോലെ അവരോടൊന്നിച്ചുള്ള ഓരോ നിമിഷങ്ങളും മരുഭൂമിയിലെ ഉദ്യാനം പോലെ മനസ്സിൽ മനോഹര സ്മരണകളായി നിറഞ്ഞുനിൽക്കുന്നു.
നോമ്പ് തുറന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞു റൂമിലേക്ക് പോയാലും നിർബന്ധപൂർവം റിയാസ്ക വീട്ടിലേക്ക് എന്നെ വിളിച്ചുവരുത്തും.റിയാസ്കയുടെ ഭാര്യ ജെബിത്താത്ത ഉണ്ടാക്കിത്തരുന്ന നല്ല ചൂടുള്ള ഉഗ്രൻ പാൽചായ നോമ്പ് തുറന്നാൽ ഉണ്ടാവുന്ന ക്ഷീണത്തിന് ഉണർവേകുന്നതായിരുന്നു.ആ ചായയുടെ ചൂടും ചൂരും ഓർമകളായി വീണ്ടും ഇന്നും നാവിൻതുമ്പിൽ മധുരം പുരട്ടുന്നുണ്ട്. തറാവീഹിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം,നാടൻ പലഹാരങ്ങൾക്കൊപ്പം നോമ്പുകാലത്ത് സുലഭമായി ലഭിക്കുന്ന അറേബ്യൻ വിഭവമായ അലീസയും ഉണ്ടാവാറുണ്ടായിരുന്നു... അറേബ്യൻ വിഭവങ്ങൾ ഏറെ ഇഷ്ടമാണെങ്കിലും അലീസയോട് എനിക്ക് അപ്രിയമായിരുന്നു.പലപ്പോഴും എന്നെ നിർബന്ധിച്ചു കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പക്ഷേ ഞാൻ രുചിച്ചു നോക്കാൻ പോലും തയാറാവില്ല.
ഒരു ദിവസം അലീസയിൽ ഞാനറിയാതെ മറ്റു ചേരുവകൾ ചേർത്ത് രൂപമാറ്റം വരുത്തി കൊതിയോടെ തീറ്റിപ്പിച്ചു അടിപൊളിയാണെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച ഒരു ‘പറ്റിക്കൽ കഥ’ റിയാസ്കയുടെയും കുടുംബത്തിന്റെയും കലർപ്പില്ലാത്ത സ്നേഹത്തിന്റെ രുചിക്കൂട്ടായി മാറിയത് മറക്കാനാവാത്ത നോമ്പോർമയാണ്. ഇപ്പോൾ അഞ്ചു വർഷമായി ഒമാനിൽ. ഓരോ വ്രതക്കാലവും വിരുന്നെത്തുമ്പോൾ റിയാസ്കയെയും കുടുംബത്തെയും ഹൃദയം ഓർമകൾ കൊണ്ട് വരവേൽക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.