ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ കന്നി നോമ്പ്
text_fieldsപാച്ചുമോന് ഇന്ന് കന്നി നോമ്പായിരുന്നു. പള്ളിക്കൂടം വിട്ട് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ കലശലായ ദാഹം. കൂട്ടുകാരന്റെ വാട്ടർ ബോട്ടിലിൽ അനുഗ്രഹീത വ്രതം മുറിഞ്ഞുതീർന്നു എന്ന വാർത്ത. ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ കന്നി നോമ്പിനെ ഓർത്ത് സങ്കടവും ഒപ്പം, കുട്ടിക്കാലത്തെ നോമ്പ് ഓർമകളിലേക്കും മനസ്സ് യാത്രയായി...
എന്നും അത്താഴത്തിന് വിളിക്കാൻ ഏൽപിച്ച് ഉറക്കപ്പായയിലേക്ക് തലചായ്ക്കുമ്പോഴും മനസ്സ് മന്ത്രിക്കുമായിരുന്നു, വിളിക്കില്ലെന്ന്. ഒടുവിൽ സഹികെട്ട് വിളിച്ചുണർത്തിയാൽ അത്താഴത്തിന് മുന്നിലിരുന്ന് ഉറക്കം തൂങ്ങുമ്പോൾ ബാങ്ക് വിളിക്കാറായി കഴിഞ്ഞിരിക്കും. പിന്നീട്, നിയ്യത്ത് പിടിക്കാൻ പരക്കംപായും. ഒടുവിൽ ‘പള്ളിപ്പറിക്ക, എന്നെ പറിക്കാ’... എന്ന നിയ്യത്ത് മുതിർന്നവർ ചൊല്ലിത്തരും. ആദ്യനാളുകളിൽ നോമ്പിന്റെ ദൈർഘ്യം സൂര്യന് ചൂട് കൂടുന്നതുവരെയും പിന്നീട് ഉച്ചവരെയും. ഇതിനിടയിൽ തലേദിവസത്തെ ആവേശം പാടെ ചോർന്നു നോമ്പ് മുറിക്കാനുള്ള കാരണങ്ങൾ സ്വയം ഉണ്ടാക്കി തീർക്കും. വെള്ളിയാഴ്ച നോമ്പിന്റെ പുണ്യം മനസ്സിലാക്കിക്കൊണ്ടുതന്നെ കന്നി നോമ്പുകാരന്റെ നോമ്പ് നാലുമണി കഴിഞ്ഞ് പിന്നീടുള്ള മണിക്കൂറുകൾ ദാഹ, വിശപ്പിന്റെ മണിക്കൂറുകൾ ആയിരിക്കും. ഉപ്പയുടെ വിരലിൽ തൂങ്ങി പാടത്ത് മുഴുവൻ ചുറ്റിക്കറങ്ങിയശേഷം വീടിന് അടുത്തുള്ള നിത്യസന്ദർശനം നടത്തുന്ന കടയിലേക്ക് യാത്രയാകും. കടയിലെ മിഠായി ഭരണികൾ സഹതാപത്തോടെ നോക്കുന്നുണ്ടാകും. അവസാനം കടലാസിൽ പൊതിഞ്ഞ പൊതിയുമായി സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കും.
ബിയാള വീശി ഉഷ്ണം മാറ്റിയും ചൂട്ട് കത്തിച്ചു വെളിച്ചമാക്കി രാത്രി ആരാധനകൾക്ക് പള്ളിയിലേക്ക് യാത്രയാകുന്നതും കൂജയിലെ വെള്ളം കൊണ്ട് ദാഹം മാറ്റുന്നതും ഫജർ സമയത്ത് ബാങ്ക് കൊടുക്കുമ്പോൾ പള്ളിക്കടുത്തുള്ള പറമ്പിലെ കട്ക്കാച്ചി മാവിന്റെ ചുവട്ടിൽനിന്ന് പള്ളിയിലേക്ക് ഓടിക്കയറുന്നതും തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഞാവൽ പഴം ശേഖരിച്ചു വെക്കുന്നതും തണുത്ത വെള്ളം കുടിക്കാൻ രാവിലെതന്നെ കുപ്പിയിൽ വെള്ളം പിടിച്ച് പേരടയാളപ്പെടുത്തി അടുത്ത വീട്ടിലെ ഫ്രീസർ ലക്ഷ്യമാക്കി നീങ്ങുന്നതും...
രണ്ടാമത്തെ പത്തിലെ അവസാനത്തോട് അടുക്കുന്ന ഒരു ദിവസത്തിൽ ഉച്ച നിസ്കാരത്തിനു ശേഷം മദ്റസ ബോർഡിൽ റിസൾട്ട് പ്രത്യക്ഷപ്പെടും. ആകാംക്ഷയോടെ ആൾക്കൂട്ടങ്ങളുടെ തിരക്കിനിടയിലൂടെ സ്വന്തം പേരിനെ തിരയും. മൂന്നാമത്തെ പത്ത് കുട്ടികളെ സംബന്ധിച്ച് പ്രതീക്ഷകളുടെ പത്താണ്. പെരുന്നാൾ പടക്കവും ടൂറൂം മനസ്സിൽ മനക്കോട്ട തീർത്ത് കാത്തിരിക്കും. നോമ്പ് 27ന്റെ പൈസക്ക് രാവിലെതന്നെ ഒരുരൂപ കിട്ടുന്ന വീട് ലക്ഷ്യമാക്കി നീങ്ങും. അപൂർവമായി ലഭിക്കുന്ന അഞ്ച് രൂപയുടെ പച്ചനോട്ടുകൾ സന്തോഷ പുലരികൾ തീർക്കും.
റമദാനിലെ ദിനരാത്രങ്ങളിൽ സദാസമയവും ഖുർആൻ ഓതിക്കൊണ്ട് നടന്നുനീങ്ങുന്ന മമ്മുസ്താദ്, എല്ലാവരാലും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത നല്ലൂരിന്റ പ്രകാശമായി തീർന്ന അമ്മദ് ഉസ്താദും ഓർമകളിൽ ഇന്നലെകളെപോലെ മായാതെ ഓടിയെത്തുന്നു. ഗസ്സയിലെ കുഞ്ഞുമക്കൾക്കും പറയാനുണ്ടാകും ഒരു നോമ്പുകാലത്തെ കുറിച്ച്. ചോരക്കറ പുരണ്ട, രക്തത്തിന്റെ ഗന്ധമുള്ള, കാതിൽ ബോംബർ വിമാനങ്ങളുടെ ശബ്ദം മാത്രം മുഴങ്ങുന്ന, അട്ടഹാസങ്ങളുടെയും വാവിട്ടു കരച്ചലിന്റെയും നടുവിൽ പട്ടിണിയിൽ കുതിർന്ന ഒരു നോമ്പുകാലത്തെക്കുറിച്ച് ഇനിയൊരു കഥ പറയാൻ അവരുണ്ടാകുമോ. ഓർമിക്കാം, പ്രാർഥനകളിലൂടെ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.