‘ബാപ്പയില്ലാത്ത നോമ്പുകൾ’; റമദാൻ ഓർമകളുമായി അസീസ് നെടുമങ്ങാട്
text_fieldsഅസീസ് നെടുമങ്ങാട്
ഞാൻ ജനിച്ചത് തിരുവനന്തപുരം അമ്പലത്തറയാണെങ്കിലും ഓർമവെച്ച നാളിൽ ഉമ്മയുടെ നാടായ പെരുമാതുറയിലായിരുന്നു. മൂന്നാം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. പൂന്തുറ പുത്തൻപള്ളിയായിരുന്നു ഞങ്ങളുടെ ജമാഅത്ത്. അവിടെയാണ് നോമ്പുകളുടെ ഓർമ തുടങ്ങുന്നത്.
നോമ്പുകാലത്ത് തമിഴ്നാട്ടിൽനിന്ന് വന്ന ഉപ്പുപ്പ ഉണ്ടായിരുന്നു. അദ്ദേഹം രാത്രി രണ്ടരമണി മുതൽ എല്ലായിടത്തും നടന്ന് ദഫ് മുട്ടി അത്താഴത്തിന് എഴുന്നേൽക്കാൻ ആളുകളെ ഉണർത്തും. കുറച്ചു വലുതായതിൽ പിന്നെ ഞങ്ങളും എഴുന്നേറ്റ് അദ്ദേഹത്തിന്റെ കൂടെ ഉണർത്താൻ പോകും. അദ്ദേഹത്തിന് സുഖമില്ലാതായതിൽ പിന്നെ ഞങ്ങൾ അത് ഏറ്റെടുത്ത് സൈക്കിളിൽ നാടുനീളെ നടന്ന് കൊട്ടിയുണർത്താൻ തുടങ്ങി.
ദഫ് മുട്ട് കേട്ടുണർന്നവർ ഭക്ഷണം കഴിച്ച് നോമ്പ് നോറ്റ് കിടക്കും. നോമ്പുതുറകളായിരുന്നു രസങ്ങൾ. എല്ലാ കവലകളിലും സമൂസ, വടകൾ തുടങ്ങിയ നോമ്പുതുറ വിഭവങ്ങൾ ഉണ്ടാകുമായിരുന്നു. അതൊക്കെ വാങ്ങിക്കും. നോമ്പ് തുറക്കാൻ സമയമായി എന്ന് തോന്നിപ്പിക്കുന്നത് കച്ചവടക്കാർ ഐസ് കട്ടകൾ വാങ്ങി വെട്ടി ചെറിയ കഷണങ്ങളാക്കി 10 പൈസക്കും 20 പൈസക്കും ഒക്കെ വിൽക്കുമ്പോഴായിരുന്നു. അസർ നമസ്കാരത്തിന് ശേഷമാണ് ഐസ് വിൽപന. അപ്പോൾ ഞങ്ങൾ അത് വാങ്ങിക്കൊണ്ടുവന്ന് നാരങ്ങ വെള്ളത്തിൽ ഇടും. നോമ്പുതുറക്കാൻ പ്രധാനമായി ജീരകക്കഞ്ഞി ആയിരുന്നു ഉണ്ടായിരുന്നത്.
പെരുന്നാളിന് വലിയ ആഘോഷങ്ങളായിരുന്നു. ദഫ് മുട്ടി ഉണർത്തിയതിന് പെരുന്നാളിനോടനുബന്ധിച്ച് നാട്ടുകാർ പെരുന്നാൾ പടിയായി ഞങ്ങൾക്ക് പൈസ തരും. അങ്ങനെ 2000 മുതൽ 3000 രൂപവരെ ഒക്കെ കിട്ടുമായിരുന്നു. പുത്തൻപള്ളിയിൽതന്നെയാണ് പെരുന്നാൾ നമസ്കാരത്തിന് പോകുന്നത്. അതിനുശേഷം പള്ളിയുടെ മുമ്പിൽ വെച്ചിരിക്കുന്ന ഐസ്ക്രീമും മറ്റും വാങ്ങി കഴിക്കും. അതിനായും പെരുന്നാൾ പൈസകൾ എല്ലാവരും തരും. അതുകൊണ്ട് കുട്ടികളുടെ ഒരു ആഘോഷമാണ് അന്ന് പെരുന്നാൾ. ശേഷം ബന്ധുവീടുകളിലും മറ്റും പോകും.
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് നെടുമങ്ങാട്ടേക്ക് മാറിയത്. അവിടെ 160 ഓളം കുടുംബങ്ങളുണ്ടായിരുന്നു. പക്ഷേ, രണ്ട് ഫാമിലിയേ മുസ്‍ലിംകളായി ഉണ്ടായിരുന്നുള്ളൂ. അത് രണ്ടും രണ്ടറ്റത്താണ്. പരസ്പരം ഒരു ബന്ധവുമില്ല. അന്ന് രാജീവ്, സജീവ്, അഭിലാഷ്, സുമേഷ് ഒക്കെയാണ് എന്റെ കൂട്ടുകാർ. അവരൊക്കെ നോമ്പ് തുറക്കുന്ന സമയത്ത് പള്ളിയിൽ വരും. ചില സന്ദർഭങ്ങളിൽ അവരുടെ വീട്ടിൽനിന്നാകും ഞാൻ നോമ്പ് തുറക്കുക. ഞാൻ എന്റെ വീട്ടിൽ കിടന്നതിനെക്കാൾ കൂടുതൽ രാജീവിന്റെ വീട്ടിലായിരിക്കും നെടുമങ്ങാട്ട് വന്നതിനുശേഷം കിടന്നിട്ടുണ്ടാവുക. അവർ രണ്ടു മക്കളാണ്. എന്നാൽ, അവന്റെ അമ്മ എന്നെയും കൂടി കൂട്ടി പറയും; എനിക്ക് മൂന്ന് കുട്ടികളാണെന്ന്.
അന്ന് സകാത് വീടുകളിൽ എത്തി വാങ്ങുകയായിരുന്നു. 50 പൈസ, ഒരു രൂപയൊക്കെയാണ് കൊടുത്തിരുന്നത്. ഉമ്മ അതിനായി 100 രൂപ ചില്ലറ വാങ്ങിവെക്കുമായിരുന്നു. അങ്ങനെ നൂറും 200ഉം ഒക്കെ ആളുകൾ വീട്ടിൽ വന്ന് സകാത് വാങ്ങിപ്പോകുമായിരുന്നു. എന്നാൽ നെടുമങ്ങാട്ടേക്ക് താമസം മാറിയതോടെ സകാത് വാങ്ങാൻ ആളുകൾ വരുന്നതൊക്കെ കുറഞ്ഞു. നിലാവ് കാണുന്നതോടെ പെരുന്നാൾ തലേന്ന് ഫിത്ർ സകാതും കൊടുത്തിരുന്നു.
പിന്നെ പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്നതും സന്തോഷമായിരുന്നു. പെരുന്നാൾ വരുമ്പോൾ മാത്രമേ ഡ്രസ്സുകൾ എടുത്തിരുന്നുള്ളൂ. ആ ഡ്രസ്സ് ഇട്ടാണ് പള്ളിയിൽ പോകുന്നത്. പിന്നീട് വിരുന്നു പോകുമ്പോഴും ആ ഡ്രസ്സാണ് ഇട്ടിരുന്നത്. ഇപ്പോൾ എല്ലാവരും എപ്പോഴും ഡ്രസ്സെടുക്കുന്നു. പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുടെ മനോഹാരിത പോയത് ഡ്രസ്സെടുക്കുന്ന കാര്യത്തിലാണ്.
അമ്പലത്തറയിൽ ഉള്ള കാലത്ത് ഉമ്മയുടെ നാട്ടിലേക്ക് പെരുന്നാളിന് വിരുന്നുപോകും. അന്നൊക്കെ ബാപ്പ ഗൾഫിലായിരുന്നു. ഗൾഫിലുള്ള ബാപ്പ പെരുന്നാളിനൊന്നും വരില്ലായിരുന്നു. അന്ന് രണ്ടും മൂന്നും കൊല്ലങ്ങൾ കഴിയുമ്പോഴാണ് നാട്ടിൽ വന്നിരുന്നത്.
ഉമ്മയെക്കാൾ ബാപ്പയായിരുന്നു നല്ല പാചകക്കാരൻ. കുട്ടിക്കാലത്ത് ഉമ്മ പുട്ട് മാത്രമാണുണ്ടാക്കിയിരുന്നത്. ഞങ്ങൾ അതിൽ പാൽചായ ഒഴിച്ച് കുഴച്ച് കഴിക്കും. ബാപ്പ ഗൾഫിൽനിന്ന് വന്നതിനുശേഷമാണ് വൈവിധ്യമേറിയ കറികളൊക്കെ ഉണ്ടാക്കാൻ തുടങ്ങിയത്. മരുമക്കൾ വന്നതിനുശേഷവും ബാപ്പക്ക് പാചകം ചെയ്യുക ഇഷ്ടമായിരുന്നു. ബാപ്പ കുറച്ചുദിവസം മുമ്പാണ് മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ പാചകം ചെയ്തിരുന്നു. ഇത്തവണത്തെ നോമ്പും പെരുന്നാളും ബാപ്പയില്ലാത്തതാണ്.
ഇപ്പോഴത്തെ നോമ്പുകാലം വർക്കുണ്ടെങ്കിൽ സെറ്റുകളിലും മറ്റുമായിരിക്കും. ‘കണ്ണൂർ സ്ക്വാഡ്’ ഷൂട്ട് നടക്കുന്ന കാലത്ത് നോമ്പായിരുന്നു. അന്ന് മമ്മൂക്കയുടെ കൂടെ നോമ്പ് തുറക്കാനും അവസരം കിട്ടിയിട്ടുണ്ട്. നമസ്കരിക്കാറുണ്ടോ എന്നൊക്കെ മമ്മൂക്ക ചോദിക്കുമായിരുന്നു. ഞാൻ ഉണ്ടെന്ന് പറയും. അപ്പോൾ ‘നമസ്കരിച്ചാൽ നിനക്ക് കൊള്ളാം’ എന്ന് മമ്മൂക്ക പറയുകയും ചെയ്യും. വർക്ക് കൂടിയതിൽ പിന്നെ എല്ലാ നോമ്പുകാലത്തും ഷൂട്ടിങ് സ്ഥലത്തായിരിക്കും. കോവിഡ് കാലത്ത് മാത്രമാണ് വീട്ടിൽ നോമ്പുകാലത്തുണ്ടായിരുന്നത്.
തയാറാക്കിയത്: സിദ്ദീഖ് പെരിന്തൽമണ്ണ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.