17ാം രാവിൽ ബദ്ർ യുദ്ധസ്മരണയിൽ വിശ്വാസികൾ
text_fieldsമഖ്ബറ കാണാനെത്തിയവർ
ബദ്ർ: റമദാൻ 17 വിശ്വാസികൾ ബദ്ർ യുദ്ധസ്മരണകളിലൂടെ കടന്നുപോകുന്ന ദിവസമാണ്. വിശ്വാസത്തിന്റെ മനക്കരുത്തിൽ എതിരാളികളെ അതിജയിച്ച പ്രവാചകൻ മുഹമ്മദിന്റെയും അനുചരന്മാരുടെയും ജീവിതത്തെ ദീപ്ത സമരണകളോടെ അയവിറക്കുകയാണ് ലോക മുസ്ലിംകൾ. ഇസ്ലാമിക ചരിത്രത്തിൽ ഏറെ സുപ്രധാനമായ അധ്യായങ്ങളിലൊന്നാണ് ബദ്ർ യുദ്ധം.
ബദ്ർ യുദ്ധം നടന്ന താഴ്വരയിലെ ശേഷിപ്പുകൾ
മനുഷ്യചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഈ പോരാട്ടം നടന്ന സ്ഥലം മദീനയിൽനിന്ന് 148 കിലോമീറ്റർ അകലെയാണ്. മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഇന്നും അതിന്റെ പഴമ നിലനിർത്തി സംരക്ഷിക്കപ്പെടുന്നു. ഇസ്ലാമിന്റെയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനിൽപ്പ് ഉറപ്പുവരുത്തി മക്കയിലെ അറബ് ഗോത്രങ്ങളുമായി നടന്ന യുദ്ധമാണ് ബദ്ർ.
മദീന കേന്ദ്രമായി പ്രവാചകന്റെ നേതൃത്വത്തിലുള്ള 313 പേരടങ്ങുന്ന വിശ്വാസികളുടെ സംഘം ആയിരത്തോളം വരുന്ന അറബ് സൈന്യവുമായി ഹിജ്റ രണ്ടാം വർഷം റമദാൻ 17നാണ് ഏറ്റുമുട്ടിയത്. ഇസ്ലാമിക സൈന്യം ആധികാരികമായി തന്നെ ഖുറൈശി പടയാളികളെ പരാജയപ്പെടുത്തി. 1440 വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ചരിത്രശേഷിപ്പുകൾ കാണാൻ സന്ദർശകർ ധാരാളമായി ബദ്റിലെത്താറുണ്ട്.
ബദ്ർ യുദ്ധം നടന്ന താഴ്വരയിലെ ശേഷിപ്പുകൾ
ബദ്ർ രക്തസാക്ഷികളുടെ ഖബ്റിടത്തിന് ചാരത്ത് ചെല്ലാൻ ഇപ്പോൾ കഴിയില്ല. ചുറ്റുമതിലിനടുത്തുനിന്ന് ഖബറിടങ്ങൾ സന്ദർശകർക്ക് കാണാൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വിദേശികളായ തീർഥാടകരുടെ അമിതാവേശവും പുത്തൻ ആചാരവും നിമിത്തമാണ് ഖബ്റിന് അടുത്തേക്ക് നേരത്തേ ഉണ്ടായിരുന്ന പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
ഉംറ തീർഥാടകർക്കും സന്ദർശകർക്കും ചുറ്റുമതിലിനടുത്തുനിന്ന് ഏത് സമയവും ഇപ്പോൾ ബദ്ർ ശുഹദാക്കളുടെ ഖബ്റിടങ്ങൾ സന്ദർശിക്കുകയും അവർക്ക് സലാം പറയുകയും ചെയ്യാം.
മുഹമ്മദ് നബി മക്കയിൽ 13 വർഷം ഇസ്ലാമിക പ്രബോധനം നടത്തി. മക്കയിലെ അന്നത്തെ ഗോത്ര തലവന്മാർക്ക് അതൊട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. പ്രവാചകനെയും അനുയായികളെയും അവർ കഠിനമായി ഉപദ്രവിച്ചു. സാധ്യമാകുന്നതിലപ്പുറം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു. അപ്പോൾ ദൈവ കല്പന പ്രകാരം പ്രവാചകനും അനുയായികളും അന്നത്തെ യസ്രിബായ ഇന്നത്തെ മദീനയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇസ്ലാമിക രാഷ്ട്രം രൂപംകൊണ്ടപ്പോൾ മദീന അതിന്റെ ആസ്ഥാനമായി. ഇതിൽ അരിശം പൂണ്ട മക്കയിലെ ഖുറൈശിക്കൂട്ടം മദീനയെ തകർക്കാൻ ഗൂഢപദ്ധതികൾ മെനഞ്ഞു. വിവരമറിഞ്ഞ പ്രവാചകൻ അവരെ നേരിടാനൊരുങ്ങി. ഇതാണ് ബദ്ർ യുദ്ധത്തിന് നിമിത്തമായത്.
ബദ്ർ യുദ്ധ രക്തസാക്ഷികളായ 14 ധീരയോദ്ധാക്കളുടെ പേരുകൾ രേഖപ്പെടുത്തിയ ശിലാഫലകം
ഇസ്ലാമിക ചേരിയിലെ മൂന്നിരട്ടിയിലേറെയായിരുന്നു ശത്രുക്കൾ. ആയുധ സാമഗ്രികളും ആൾബലവും കൂടുതൽ ശത്രുപക്ഷത്തായിരുന്നു.
ദൈവ സഹായത്താൽ നിഷ്പ്രയാസം പ്രവാചകനും അനുയായികളും വിജയംവരിച്ചു. ഇസ്ലാമികപക്ഷത്തുനിന്ന് രക്തസാക്ഷികളായ 14 ധീരയോദ്ധാക്കളുടെ പേരുവിവരങ്ങൾ ഇവിടെ ശിലാഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ വിമോചന സമരങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും വിശ്വാസികൾക്കെന്നും പ്രചോദനമായി ഓരോ റമദാൻ 17നും ബദ്ർ ദിനത്തെ അനുസ്മരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.