പാരമ്പര്യ സ്മൃതികളെ തപ്പുകൊട്ടി പാടിയുണർത്തി ‘ബുത്ബേല’
text_fieldsദമ്മാം: രാവു തീരുവോളം ഉണർന്നിരിക്കുന്ന ദീപാലങ്കൃതമായ തെരുവുകളിലേക്ക് പാട്ടുപാടി അവരെത്തും. അൽ അഹ്സയുടെ റമദാൻ രാവുകളിലാണ് കാലം കടന്നെത്തിയ ബുത്ബേല സംഘം പാട്ടുമേളം തീർക്കുന്നത്. പഴമയുടെ ഇല്ലായ്മകളിലും അനുഗ്രഹം പെയ്തുനിറയുന്ന പുണ്യരാവുകളെ ആഘോഷമാക്കിയത് ഇവരുടെ പാട്ടുകളായിരുന്നു. അത്യാധുനികതയുടെ നെറുകയിൽ നിൽക്കുമ്പോഴും സൗദിയുടെ പാരമ്പര്യ സങ്കൽപങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും തിരസ്കരിക്കാതെ കൂടെക്കൂട്ടുന്ന പഴമയുടെ പാട്ടുകാർ. പാരമ്പര്യ സ്മൃതികളെ തപ്പുകൊട്ടി ഉണർത്തുകയാണവർ.
ഗ്രാമവഴികളിലുടെ പാരമ്പര്യവേഷങ്ങളണിഞ്ഞ് തബുൽ വാദ്യങ്ങൾ കൊട്ടി, താളത്തിൽ കൈയടിച്ച് ഈണത്തിൽ ൈബത്തുകളും സൂക്തങ്ങളും ആലപിച്ച് ചെറുസംഘങ്ങളായാണ് അവരെത്തുന്നത്. അൽ മസ്ഹറാതി റമദാൻ, ‘ബുത്ബെല’ എന്ന ഈ പൈതൃക അനുഷ്ഠാന രീതിക്ക് അൽ അഹ്സയുടെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട്. ഓരോ വർഷവും റമദാൻ ആഗതമാവുമ്പോൾ രാവുകൾ തോറും കൊട്ടുംപാട്ടും കൈയടികളുമായെത്തുന്ന ബുത്ബെല സംഘം പ്രായമായവർക്ക് ഗൃഹാതുരമാർന്ന ബാല്യകാലസ്മരണകളാണ്. പഴമയുടെ ഹൃദയധമനികളിൽ കലർന്ന അനുഷ്ഠാനവും സംഗീതവും പുതുതലമുറക്ക് പുതുമയും കൗതുകവും സമ്മാനിക്കുന്നു.
രാത്രി ഏറെ വൈകിയാണ് ഇവരുടെ വരവ്. ചെണ്ടപോലുള്ള ‘തബുൽ’ വാദ്യവും അറബന (തപ്പ് പോലുള്ള കൊട്ടുവാദ്യ)വുമാണ് ഇവർ ഉപയോഗിക്കുന്നത്. വാമൊഴിയായി പകർന്നുകിട്ടിയ പാരമ്പര്യ പാട്ടുകൾ പാടിയും കൈയടിച്ചും പ്രപഞ്ചനാഥന് സ്തുതികൾ ഉയർത്തിയും കീർത്തനങ്ങൾ ആലപിച്ചും അത്താഴത്തിനുള്ള (സുഹൂർ) സമയം വരെ ഇവർ ഗ്രാമവഴികളിലൂടെ സഞ്ചരിക്കും. പ്രഭാതമെത്തും മുമ്പ് നോമ്പ് തുടങ്ങാറായി എന്ന് വിളിച്ചുണർത്തുന്നതും അത്താഴത്തിനായി ഒരുങ്ങാനും പണ്ട് മുതൽക്കേ അൽ അഹ്സയിലെ ഒരോ ഗ്രാമവും ഇത്തരം ചെറു സംഘങ്ങളുടെ കൊട്ടുംപാട്ടുമാണ് ആശ്രയിച്ചിരുന്നത്. സമയം അറിയിച്ച് വിളിച്ചുണർത്തുന്ന ആധുനിക സാങ്കേതിക വിദ്യയോ ഉച്ചഭാഷിണികളോ മൊബൈലുകളോ ഇല്ലാതിരുന്ന പഴയ ഗ്രാമീണ തലമുറയുടെ മാർഗമായിരുന്നു ഇത്തരം ബുത്ബെല സംഘം. റമദാനിലെ 15ാമത്തെ രാത്രിയിൽ ഗാർഗിയാൻ ആഘോഷങ്ങൾക്കൊപ്പം ഇഫ്താർ കഴിയുന്നതോടെ ബുത്ബേല സംഘം ഗ്രാമത്തിലേക്കിറങ്ങും. അന്ന് കുട്ടികൾ പരമ്പരാഗത വേഷം ധരിച്ചും പാട്ടുപാടിയും ബുതബെല സംഘത്തിെൻറ കൂടെക്കൂടും. ഒപ്പം മുതിർന്നവരും കൈയടിയും പാട്ടുംകൊട്ടുമായി സംഘത്തിനൊപ്പം ചേരും ഒരോ വീടുകളിലുമെത്തുന്ന സംഘത്തെ കാത്ത് വീട്ടുകാർ പണവും സമ്മാനങ്ങളും പലഹാരങ്ങളും പണവുമൊക്കെ കൈമാറും.
ബുത്ബെല സംഘാംഗങ്ങളിൽ മിക്കവർക്കും ഇത് തലമുറ കൈമാറിക്കിട്ടിയ അനുഷ്ഠാനമായാണ് കരുതുന്നത്. റമദാനിലെ അവസാന പത്തുനാളുകളിലെത്തുമ്പോഴേക്കും വാദ്യങ്ങളുടെ താളവും മേളവും കൊട്ടുമൊക്കെ വ്യത്യസ്തമായി മാറും. പുണ്യ റമദാൻ വിടപറയുന്നുവെന്ന ഓർമപ്പെടുത്തൽ പോലെയുള്ള ഈരടികളാവും പിന്നീട് അങ്ങോട്ടുള്ള രാവുകളിൽ കേൾക്കുക. റമദാൻ മാസത്തിന്റെ അവസാനം വരെയും പെരുന്നാൾ ദിനങ്ങളിലും അൽ മസ്ഹറാതി റമദാൻ സംഘം പാട്ടുംകൊട്ടുമായി ആഘോഷങ്ങൾക്ക് നിറം പകർന്ന് അൽ അഹ്സയുടെ ഗ്രാമവഴിത്താരകളിൽ തുടരും. വിശുദ്ധിയുടെ വ്രതനാളുകളിലൂടെ ആനുഗ്രഹം ചൊരിയുന്ന റമദാൻ മാസത്തെക്കുറിച്ചുള്ള പാട്ടുകളിലൂടെ തലമുറകളെ ചേർത്തു പിടിക്കുകയാണ് അൽ അഹ്സയിലുള്ള അൽ മസ്ഹറാതി സംഘത്തിലുള്ള ഓരോരുത്തരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.