പാതിയിൽ മുറിഞ്ഞ ആദ്യ നോമ്പ്
text_fields‘പപ്പാ, ഇതല്ലേ പപ്പാന്റെ ആദ്യത്തെ നോമ്പ് മുറിപ്പിച്ച നിയാസ്?’ ഇടിവെട്ടിയത് പോലെയായിരുന്നു മക്കളുടെ ആ ചോദ്യം. അതിന്റെ ആഘാതത്തിൽ, ഇതികർത്തവ്യഥാമൂഢനായി പകച്ചു നിൽക്കുന്ന, എന്റെ ഉമ്മാമ്മയുടെ സഹോദരീപുത്രൻ നിയാസിന്റെ മുഖത്തു നിന്നും തന്ത്രപൂർവം നോട്ടം മാറ്റി.
വിഷയം മാറ്റാനെന്നോണം ഞാൻ പറഞ്ഞു, ‘മക്കളെ നിയാസ്ക്ക എന്ന് പറയണം’. ഒന്നോ രണ്ടോ വയസ്സിനു മൂത്തതാണ് നിയാസെങ്കിലും ബാല്യകാലത്തെ കളിക്കൂട്ടുകാരനായിരുന്നു. ഇപ്പോൾ റെയിൽവേ കാറ്ററിങ്ങിൽ ജോലി ചെയ്യുന്നു.
സംഭവം വർഷങ്ങൾക്കു മുമ്പാണ്. ഒരു അവധിക്കാലത്തു നാട്ടിലെത്തിയപ്പോൾ തറവാട്ടിലെ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു, പത്തു 40വർഷം മുമ്പത്തെ ഈ സംഭവം മക്കൾ എടുത്തിട്ടത്. നമ്മുടെ ബന്ധുക്കളെയും ജനിച്ചു ജീവിച്ചു വന്ന സാഹചര്യങ്ങളെയും കുറിച്ച് ഞാനും സഹധർമിണിയും വിവിധ കഥകളിലൂടെ മക്കൾക്ക് അറിവ് പകർന്നു നൽകുമായിരുന്നു. അതിലൊരു കഥയിലെ, എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ നടന്ന ആദ്യ നോമ്പിന്റെ പരിസമാപ്തിയാണ് മുകളിൽ പറഞ്ഞത്.
എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ് സംഭവമെന്നു പറഞ്ഞുവല്ലോ. ആദ്യ നോമ്പെടുത്തതിന്റെ എല്ലാ അനർഹമായ പരിഗണനയും നൽകി, മഗ്രിബ് ബാങ്കിനു മുമ്പായി എന്നെ ഉമ്മ കുളിപ്പിച്ച് തോർത്തുടുപ്പിച്ചു. നടുത്തളത്തിലുള്ള വലിയ പത്തായത്തിന് മുകളിൽ നിർത്തിട്ടായിരുന്നു, എന്റെ ഡ്രസ്സ് എടുക്കാൻ പോയത്. ആ സമയത്തായിരുന്നു, ചൂടുള്ള ഉന്നക്കായയുമായുള്ള നിയാസിന്റെ വരവ്. ഞാനിങ്ങനെ കുളിച്ചു ശുജായിയായി നിൽക്കുന്ന ആ നിൽപ്പ് അവനത്ര പിടിച്ചു കാണില്ല. എന്നോട് ഉന്നക്കായ വേണോന്നു ചോദിച്ചെങ്കിലും ഞാൻ വേണ്ടെന്നു പറഞ്ഞു. അതുവക വെക്കാതെ അത് എന്റെ വായിൽ തിരുകി നോമ്പ് മുറിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. അവനെയും പൂർണമായും തെറ്റു പറയാനാകില്ല. നെയ്യിൽ കുളിച്ച, ആവി പറക്കുന്ന ഉന്നക്കായ കണ്ടാൽ ഒരു നാല് വയസ്സുകാരന് എത്ര പിടിച്ചു നിൽക്കാൻ പറ്റും!!!
ചുരുക്കത്തിൽ, വസ്ത്രവുമായി ഉമ്മ വരുമ്പോൾ വായിൽ ഉന്നക്കായയുമായി നിൽക്കുന്ന എന്നെയാണ് കണ്ടത്. നിയാസ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. എന്റെ റബ്ബേന്നും വിളിച്ചു, വായിൽനിന്നും ഉന്നക്കായ തോണ്ടിയെടുക്കലും കണ്ണോത്ത് പള്ളിയിൽനിന്നും കോളാമ്പി മൈക്കിൽ വന്ന ബാങ്ക് വിളിയും ഒന്നിച്ചായിരുന്നു. എന്തൊരു ട്രാജഡി!!!!
അതു കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നും പാതിയിൽ മുറിക്കപ്പെട്ട ആദ്യ നോമ്പിന്റെ ഓർമകൾ ഒരു സ്നേഹസ്മരണയായി മനസ്സിൽ കിടക്കുന്നു. തൊണ്ടയോളമെത്തിയ ഉന്നക്കായയും വിശപ്പും മിശ്ര വികാരങ്ങൾ നൽകുമ്പോൾ പക്ഷേ, ഫലസ്തീനിലെ ഗസ്സയിൽ നോമ്പ് തുറക്കാൻ ഭക്ഷണം തേടി കടലിൽ ചാടിയ പതിനേഴുപേരുടെ മുങ്ങിമരണം ഇഫ്താറിന്റെ രുചി കെടുത്തുന്നു.
ദുരന്ത ഭൂമിയിൽ യു.എൻ എയർഡ്രോപ് ചെയ്ത ഭക്ഷണസാധനങ്ങൾ അബദ്ധത്തിൽ കടലിൽ വീണത് കണ്ടെത്താനുള്ള വ്യഗ്രതയിലായിരുന്നു അവർ. കത്തിക്കാളുന്ന വിശപ്പായിരിക്കും ആ നോമ്പുകാരെ, ആഴം നോക്കാതെ കടലിൽ ചാടാൻ പ്രേരിപ്പിച്ചത്. ഇത്തവണ ഫലസ്തീനികൾക്ക് നോമ്പ്, മാസങ്ങൾക്കു മുന്നേ തുടങ്ങിയെന്ന വാർത്തയാണ് വെള്ളിയാഴ്ച ഈയുള്ളവൻ ഒമാൻ ഒബ്സെർവർ പത്രത്തിലെഴുതിയത്.
ഇഫ്താറിനും സുഹൂറിനും ഭക്ഷണം കഴിക്കാഞ്ഞാൽ ആ നോമ്പ് ദൈവം സ്വീകരിക്കുമോ എന്ന് ഒരു ഫലസ്തീനി ചോദിച്ചപ്പോൾ എങ്ങലടിച്ചു കരഞ്ഞുപോയി എന്ന് സിംബാബ് വേയുടെ മുഫ്തി മെങ്ക് പറഞ്ഞത് ഓർത്തു പോകുന്നു. എന്റെ ഈ വർഷത്തെ നോമ്പ് ദിനരാത്രങ്ങൾ എന്തെങ്കിലും തരത്തിൽ സർവശക്തനു സ്വീകാര്യമായിട്ടുണ്ടെങ്കിൽ, അതു ഞാൻ, പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ചെറുത്തുനിൽപ്പ് തുടരുന്ന ഫലസ്തീനികൾക്ക് സമർപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.