തിരയടിക്കുന്ന ഓർമയായി ആഴക്കടലിലെ നോമ്പുതുറ
text_fieldsപരപ്പനങ്ങാടി: ആഴക്കടലിലെ നോമ്പുതുറകൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ സർവസാധാരണമായിരുന്നു. തിരമാലകൾക്ക് നടുവിൽ റമദാനിന്റെ രാവുകളെ മീൻപിടിത്ത സംഘങ്ങൾ ധന്യമാക്കിയത് പ്രാർഥനകൾക്കും നമസ്കാരത്തിനുമൊപ്പം കടൽ ഇഫ്താറുകളും അത്താഴ അനുഭവങ്ങളും പങ്കുവെച്ചായിരുന്നു.
മത്സ്യസമ്പത്ത് കുറഞ്ഞതോടെയാണ് വള്ളങ്ങൾ കരക്കയറിയതും മത്സ്യത്തൊഴിലാളികളിൽ പലരുടേയും കടൽ നോമ്പനുഭവങ്ങൾക്ക് അവധിയായതും. പരപ്പനങ്ങാടി, താനൂർ തീരങ്ങളിൽ നേരത്തേ ധാരാളമുണ്ടായിരുന്ന രാത്രികാല മീൻപിടിത്ത തോണികളായ ‘ഒഴുക്കൽ വള്ളങ്ങൾ’ പലതും സാഹസിക യജ്ഞം മതിയാക്കിയതോടെയാണ് കടലിലെ ഇഫ്താറുകൾ കുറഞ്ഞത്. രണ്ടോ മൂന്നോ പേർ മാത്രം തൊഴിലിനിറങ്ങുന്ന ചെറുവള്ളങ്ങളാണ് ഒഴുക്കൽ വള്ളങ്ങൾ. ഉച്ചക്കുശേഷമാണ് ഇവർ നോമ്പുതുറ വിഭവങ്ങളും അത്താഴ കൂട്ടുകളുമായി മത്സ്യ ബന്ധനത്തിനിറങ്ങാറ്.
യാത്രക്കിടെ അസ്വ്ർ നമസ്കാരം തീർത്ത് നോമ്പുതുറക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതോടെ ലക്ഷ്യസ്ഥാനത്തെത്തി വല വിരിക്കും. അസ്തമയ സൂര്യന്റെ നേർസാക്ഷ്യത്തിൽ നോമ്പുതുറ. പിന്നെ, പ്രാർഥനകൾ തീർത്ത് ഒരാൾ കടൽ നിരീക്ഷണത്തിലേക്കും അപരൻ ഉറക്കിലേക്കും തിരിയുന്നതിന് മുമ്പേ ചൂണ്ടയെറിഞ്ഞ് പിടിച്ച മീൻ കരയിൽനിന്ന് കൊണ്ടുവന്ന മസാലക്കൂട്ടുമായി ചേർത്ത് അത്താഴത്തിനുള്ള ഒരുക്കം പൂർത്തിയാവും. ഇക്കുറി കുടുംബത്തോടൊപ്പം ഇല്ലായ്മകൾക്ക് നടുവിലാണ് ഇവർ വീടുകളിൽ നോമ്പു തുറക്കുന്നത്.
അയക്കൂറ, ആവോലി, സ്രാവ്, ഏട്ട, തെരണ്ടി തുടങ്ങി വിലപിടിപ്പുള്ള മത്സ്യങ്ങളുമായാണ് ‘ഒഴുക്കൽ വള്ളങ്ങൾ’ തീരമണയാറ്. സുബഹി ബാങ്കൊലി മുഴങ്ങുമ്പോഴേക്ക് കരക്കെത്തുന്ന ഒഴുക്കൽ വള്ളങ്ങളെയും കാത്ത് തീരത്തെത്തുന്ന കച്ചവടക്കാരും ആവശ്യക്കാരും കനിവറ്റ കടലിന് മുന്നിൽ ഇപ്പോൾ കാത്തിരിപ്പിനെത്തുന്നില്ല. മത്സ്യസമ്പത്തിൽ ഉണ്ടായ ഗണ്യമായ കുറവാണ് ചെറുവള്ളങ്ങളിലുള്ള രാത്രികാല മീൻപിടിത്തം പാടെ ഇല്ലാതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.