റമദാൻ യാത്ര മൊഴിയുന്നു
text_fieldsറമദാൻ വിടപറയുകയാണ്. നന്മയുടെയും സുകൃതങ്ങളുടെയും വഴിയിൽ ജീവിക്കാൻ ശീലിച്ച പകലിരവുകൾ. ആത്മനിയന്ത്രണം ശീലിച്ച് പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മറികടക്കാനുള്ള കരുത്തു നേടാൻ ശ്രമിച്ച സന്ദർഭം. പടച്ചവനോടും പടപ്പുകളോടുമുള്ള ബന്ധങ്ങളുടെ ഊഷ്മളതയും അനുഭൂതിയും അനുഭവിച്ചറിഞ്ഞൊരു കാലം. ആ അനുഭൂതികൾ വല്ലാതെയൊന്നും നഷ്ടപ്പെടാതെ വരുംകാല ജീവിതത്തോട് ചേർത്തുവെക്കുക.
നോമ്പുകാരൻ വിജയിക്കുന്നത് അവിടെയാണ്. റമദാനിൽ പുതിയ പല നന്മകളും സുകൃതങ്ങളും ശീലിച്ചിട്ടുണ്ടാകും. റമദാൻ കഴിഞ്ഞ് അതെല്ലാം അതുപോലെ കൊണ്ടുനടക്കാൻ എല്ലാവർക്കുമാകണമെന്നില്ല. കാരണം, റമദാനിൽ പടച്ചവൻതന്നെ പ്രത്യേകം ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെക്കുന്നുണ്ട്. എല്ലാം അതുപോലെ കൊണ്ടുനടക്കാനായില്ലെങ്കിലും ചിലതൊക്കെ ഇനിയുള്ള മാസങ്ങളിലും ബാക്കിയാവണം. ‘‘അല്ലാഹുവിന് ഏറ്റവും പ്രിയം കുറച്ചാണെങ്കിലും പതിവായി ചെയ്യുന്ന നൻമകളാണെ’’ന്ന് റസൂൽ.
ഖുർആനായിരുന്നു നോമ്പിന്റെ പൊരുൾ. ജീവിതത്തെക്കുറിച്ച അടിസ്ഥാന അന്വേഷണങ്ങളുടെ ഉത്തരങ്ങളിലേക്ക് വഴികാട്ടുന്ന ഖുർആൻ നൽകിയതിനോടുള്ള കടപ്പാടുകൂടിയാണ് റമദാനിലെ നോമ്പ് . അതിനാൽതന്നെ, ഖുർആനിന്റെ വഴിയിൽ ജീവിക്കാൻ കഴിയുന്ന തഖ്വ ബോധമാണ് നോമ്പ് സമ്മാനിച്ചത്. ജീവിതത്തിലെ ഏറ്റവും ഉത്തമമായ പാഥേയം തഖ്വയാണ്. അത് കൈവിടാതെ കാത്തുവെക്കുക.
നോമ്പ് ഒരു വ്യക്തിയെ മാത്രമല്ല രൂപപ്പെടുത്തിയത്; കൂട്ടായ്മയെക്കൂടിയാണ്. നോമ്പ് ഒരു ആരാധനാ കർമമാകുമ്പോൾ തന്നെയും അത് മനുഷ്യരെ പരസ്പരം ചേർത്തുപിടിച്ച് നീതിയിലും സഹവർത്തിത്വത്തിലുമൂന്നിയ ഒരു സാമൂഹികതയും രൂപപ്പെടുത്തുന്നു. ഇസ്ലാമിലെ അനുഷ്ഠാനങ്ങളിലെല്ലാം ഈ സാമൂഹികത കണ്ടെടുക്കാനാകും. റമദാനിനുശേഷം ക്രിയാത്മകമായ തുടർച്ചകൾ ആ കൂട്ടായ്മകൾക്ക് സാധിച്ചാൽ നാട്ടിൽ നന്മകൾ പടരും. അല്ലാഹുവിൽനിന്നുള്ള കാരുണ്യത്തിന് ധാരാളമായി പ്രാർഥിച്ചവർ അതിനുത്തരം ലഭിക്കുന്നത് ചുറ്റുമുള്ളവരോട് വിട്ടുവീഴ്ച ചെയ്യുമ്പോഴാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ അലിവുള്ളവരായി മാറുക. ഓരോ നോമ്പ് തുറക്കുമ്പോഴുമനുഭവിച്ച സന്തോഷത്തേക്കാൾ ഒരുപാടിരട്ടി സന്തോഷം ലഭിക്കുന്ന പ്രതിഫല നാളിനായുള്ള പ്രതീക്ഷയുടെ കാത്തിരിപ്പുകൂടിയാണ് റമദാൻ ബാക്കിയാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.