മസ്ജിദുൽ ഹറമിലെ നോമ്പുതുറകൾ
text_fieldsനോമ്പോർമകളെ എഴുതാം ഗൾഫ് മാധ്യമത്തിലൂടെ....
300 വാക്കുകളിൽ കവിയാത്ത കുറിപ്പുകൾക്കൊപ്പം എഴുതുന്ന ആളുടെ ഫോട്ടോയും അയക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മാധ്യമം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഇ-മെയിൽ വിലാസം: bahrain@gulfmadhyamam.net
ആദ്യമായി ഉംറക്ക് പോകുന്ന ഒരാളുടെ എല്ലാ ആകാംക്ഷയോടും സന്തോഷത്തോടും കൂടിയാണ് 2019 ലെ റമദാനിൽ ബഹ്റൈനിൽനിന്ന് ഉംറക്ക് പുറപ്പെടുന്നത്. ബഹ്റൈൻ സമസ്തയുടെ ഗ്രൂപ്പിലാണ് കുടുംബത്തോടൊപ്പം ഉംറക്ക് പോയത്. അടുത്തദിവസം അസർ നമസ്കാര സമയത്തോട് അടുത്താണ് ഞങ്ങൾ ഹറമിൽ എത്തിച്ചേരുന്നത്. ആദ്യമായി പരിശുദ്ധ കഅബ കാണുന്നതിന്റെ എല്ലാ ആവേശവും നെഞ്ചിടിപ്പും എനിക്കും അനുഭവപ്പെട്ടു. നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു.
ആദ്യ ഉംറ നിർവഹിച്ചതിന് ശേഷം മഗ്രിബ് ബാങ്കിന് കാതോർത്ത് കൊണ്ട് പരിശുദ്ധ കഅബയെ നോക്കിക്കൊണ്ട് ഞങ്ങളിരുന്നു. റമദാനിൽ ഹറമിൽ മറ്റു മാസങ്ങളെക്കാളും ഒരുപാട് ഇരട്ടി തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഹറമിന്റെ എല്ലാ നിലകളും വിശ്വാസികളെകൊണ്ട് നിറഞ്ഞ് കവിഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പരിശുദ്ധ കഅബയെ നോക്കിയിരുന്ന് കൊണ്ട് നോമ്പ് തുറന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി മാറി. പിന്നെ അങ്ങോട്ട് എല്ലാ ദിവസവും ളുഹർ നമസ്കാരത്തിന് ഹറമിലെത്തിയാൽ പിന്നെ തിരിച്ച് പോകാറില്ല. മത്വാഫിൽ സ്ഥലം ലഭിക്കാൻ പരിശുദ്ധ കഅബയോട് അടുത്തിരുന്ന് നോമ്പ് തുറക്കാൻ ഹറമിൽതന്നെ ഇരിക്കും. ഏതാണ്ട് 13 ദിവസത്തോളം ഹറമിൽനിന്ന് നോമ്പ് തുറക്കാനുള്ള ഭാഗ്യമുണ്ടായി. പെരുന്നാൾ നമസ്കാരം കഴിഞ്ഞാണ് ഞങ്ങൾ മദീനയിലേക്ക് പരിശുദ്ധ പ്രവാചകന്റെ അടുത്തേക്ക് പോയത്.
ജീവിതത്തിലെ ഏറ്റവും നല്ല നോമ്പോർമകൾ ഏതാണെന്ന് ചോദിച്ചാൽ മക്കയിലെ രണ്ടാഴ്ചക്കാലമാണ് മനസ്സിലേക്ക് ഓടിവരിക. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവർ, പല നിറത്തിലുള്ളവർ, പല ഭാഷ സംസാരിക്കുന്നവർ, പലതരം വേഷവിധാനത്തിലുള്ളവർ, വിവിധ ഭക്ഷണ രീതികളുള്ളവർ, ജീവിതത്തിൽ ആദ്യമായി കാണുന്നവർ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്തവർ ഓരോരുത്തരും കൊണ്ടുവരുന്ന വിഭവങ്ങൾ പരസ്പരം പങ്കുവെച്ച് നോമ്പ് തുറക്കുന്നു. അത് തന്നെയാണ് റമദാനിന്റെ സന്ദേശവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.