ഐ.ടി നഗരമായ ബംഗളൂരുവിലെ ആദ്യ നോമ്പ്
text_fieldsബാംഗ്ലൂർ പോലെയുള്ള വലിയ നഗരം. വളരെ വ്യത്യസ്തമായ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിലുള്ള ജനസമൂഹം. ബഹുരാഷ്ട്ര കമ്പനിയിലെ ഉത്തരവാദപ്പെട്ട ജോലി. ഓഫിസിൽ മലയാളികൾ വളരെ കുറവ്. വിവിധ സംസ്ഥാനങ്ങളിലെ അപരിചിതമായ ഭാഷയും സംസ്കാരവുമുള്ള സഹോദര മതസ്ഥരായ സഹപ്രവർത്തകർ.
ഇതിനിടയിൽ കടന്നുവന്ന ആദ്യ നോമ്പുകാലം ശരിക്കും വെല്ലുവിളിതന്നെയായിരുന്നു. വിരലിലെണ്ണാവുന്ന മുസ്‍ലിം സഹപ്രവർത്തകർ മാത്രമായിരുന്നു ഓഫിസിൽ. ജോലിസമയത്തിനിടയിൽ കടന്നുവരുന്ന റമദാനെ എങ്ങനെയാണ് സ്വീകരിക്കാൻ കഴിയുക എന്നോർത്ത് വിഷമിച്ചിരുന്നു. നാട്ടിൻപുറങ്ങളിൽ പരിചയിച്ചു വന്ന നോമ്പുശീലങ്ങളെ മൊത്തത്തിൽ മാറ്റിമറിച്ച നാളുകളായിരുന്നു ബാംഗ്ലൂരിലെ ആദ്യനോമ്പ്.
റമദാനിൽ ജോലിസ്ഥലത്തുതന്നെ, കൊച്ചു ലൈബ്രറി ഒരു നമസ്കാര മുറിയായി സഹോദര മതസ്ഥരായ സുഹൃത്തുക്കൾ എനിക്കായി ഒരുക്കിത്തന്നത് ആശ്വാസത്തേക്കാളേറെ അവരോട് ആദരവ് സമ്മാനിച്ച അനുഭവമായിരുന്നു. പലർക്കും നോമ്പും നമസ്കാരവുമൊക്കെ ആദ്യത്തെ അനുഭവമായിരിക്കും.
ജോലിക്കിടയിലായിരുന്നു നോമ്പുതുറ കടന്നുവരുക. എല്ലാ കോഴിക്കോട്ടുകാരെപ്പോലെയും ഞാനും പാചകത്തിൽ മോശമായിരുന്നില്ല. തൊട്ടടുത്തുതന്നെയുള്ള ഞങ്ങളുടെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ സഹപ്രവർത്തകരും എത്താറുണ്ടായിരുന്നു. സമൂസയും ചട്ടിപ്പത്തിരിയും ഉന്നക്കായയും ഒരുക്കിവെച്ച മേശക്കു മുന്നിൽ നോമ്പു നോറ്റ എന്നേക്കാൾ കൊതിയോടെ ബാങ്ക് വിളിക്കായി കാത്തിരിക്കുന്ന സഹോദര മതസ്ഥരായ സഹപ്രവർത്തകരുടെ കാഴ്ച ഏറെ അത്ഭുതമായിരുന്നു.
കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ രുചി രീതികളടങ്ങിയ നമ്മൾ കൊണ്ടുവരുന്ന പലഹാരങ്ങളും ഓഫിസിൽതന്നെയുള്ള മറ്റു സംസ്ഥാനങ്ങളിലെ മുസ്‍ലിംകൾ കൊണ്ടുവരുന്ന ഭക്ഷണങ്ങൾ കൂടി ചേരുമ്പോൾ ശരിക്കും രുചിഭേദങ്ങൾക്കൊപ്പം സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങൽ കൂടിയായിരുന്നു അത്.
ബാംഗ്ലൂരിലെ മലയാളി മുസ്‍ലിംകൾ നടത്തിവരാറുള്ള ഇഫ്താർ സംഗമങ്ങൾ എടുത്തുപറയേണ്ട ഒന്നാണ്. മലയാളികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന സംഗമമാണത്. തിരക്കേറിയ നഗരജീവിതത്തിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്ന വേദിയാകാൻ ഇത്തരം സംഗമങ്ങൾ വഴിയൊരുക്കും.
കോവിഡ് മഹാമാരിക്ക് ശേഷം വർക്ക് ഫ്രം ഹോം ആയതോടുകൂടി കാര്യങ്ങൾ കുറച്ച് കൂടുതൽ സങ്കീർണമായി. അമേരിക്കൻ സഹപ്രവർത്തകരുടെ സൗകര്യാർഥം നോമ്പുതുറ സമയത്തുള്ള മീറ്റിങ്ങുകളും നോമ്പു തുറന്നുകൊണ്ടുള്ള കോളുകളുമെല്ലാം പതിവായി. മീറ്റിങ് സമയം മാറ്റിവെക്കാൻ മറ്റുള്ളവർ സന്നദ്ധരായിരുന്നെങ്കിലും എനിക്ക് ആവശ്യപ്പെടാൻ എന്തുകൊണ്ടോ മടിയായിരുന്നു. ഇപ്പോൾ അതും ഒരു ശീലവുമായി. ഇക്കുറിയും എല്ലാ തിരക്കിനിടയിലും നോമ്പിനെയും സ്വീകരിക്കാൻ ഞാനൊരുങ്ങിക്കഴിഞ്ഞു.
പെരുന്നാളിന് ബിരിയാണിയും ശീർ കുറുമ എന്ന നേരിയ സേമിയ പായസവും പ്രതീക്ഷിച്ചിരിക്കുന്ന സഹപ്രവർത്തകർക്ക് നമ്മുടെ ഈദ് ഒഴിവാക്കാൻ പറ്റാത്ത ഒരു ചേരുവയായി മാറിയത് ആഘോഷങ്ങൾ സമ്മാനിക്കുന്ന ബഹുസ്വരതയുടെ അടയാളം കൂടിയാണ്.
അന്യമാവുന്ന പാരമ്പര്യങ്ങൾ
കൗമാരത്തിൽ നോമ്പുകാലത്തിനു മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുന്ന ‘നനച്ചുകുളി’യിൽ വീട്ടുകാരോടൊപ്പം ഞാനും മുന്നിലുണ്ടാകും. ഈ സംസ്കാരമൊന്നും ബംഗളൂരു പോലുള്ള നഗര ജീവിതത്തിനിടക്ക് നമ്മുടെ മക്കൾക്ക് കൈമാറാൻ സാധിക്കില്ല എന്നത് സങ്കടമാണ്. റമദാൻ കാലത്ത് പ്രത്യേകിച്ച് മക്കളെയും കൂട്ടി തറാവീഹ് നമസ്കാരങ്ങൾക്കൊക്കെ പള്ളികളിലേക്കു കൊണ്ടുപോവണമെങ്കിലും ഏറെ ദൂരം യാത്രചെയ്യണം.
നേരത്തേ വീടു ദൂരെയാകുമ്പോൾ ബാംഗ്ലൂർ നഗരത്തിലെ കടുത്ത ട്രാഫിക് േബ്ലാക്കിനിടെ പലപ്പോഴും ബസിൽ നിന്നുതന്നെ നോമ്പുതുറക്കേണ്ടിവന്നിട്ടുണ്ട്. ജോലിക്കിടെ കൊറോണക്കാലത്തടക്കം റമദാനിൽ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പണ്ട് ഹോസ്റ്റലിൽനിന്ന് ലഭിച്ച അനുഭവങ്ങളും നോമ്പ് പഠിപ്പിക്കുന്ന ത്യാഗവും ചേർത്ത് ഇതെല്ലാം മറികടക്കാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
-തയാറാക്കിയത്; സാലിഹ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.