സൗഹൃദത്തിന്റെ പൂക്കാലം
text_fieldsഎന്റെ രണ്ടാമത്തെ വയസ്സിൽ ഞാൻ ഒമാനിലെ ശർഖിയ പ്രദേശമായ അൽകാമിൽ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അന്നത്തെ കാര്യങ്ങൾ ഉമ്മയിലൂടെ ഞാൻ കേട്ടിട്ടുണ്ട്. സ്പോൺസറുടെ വീടിന്റെ കോമ്പൗണ്ടിൽ ആയിരുന്നു താമസിച്ചിരുന്നത്.
സ്പോൺസറുടെ മക്കളുമായി മലയാളം മാത്രം അറിയുന്ന ഞാൻ കുറച്ചു കാലം കളിച്ചു. ഫലത്തിൽ ഞാൻ അറബി ഭാഷ സംസാരിക്കാൻ പഠിക്കുകയായിരുന്നു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. ഞങ്ങൾ താമസിച്ചിരുന്ന കോമ്പൗണ്ടിൽ എന്നും ഫ്രഷ് മട്ടൺ, ചിക്കൻ ബിരിയാണി, അരി, കാരക്ക, ഫ്രൂട്സ് എല്ലാം ഫ്രീ ആയി കിട്ടുമായിരുന്നു.
സ്പോൺസർക്ക് കൊടുക്കുമ്പോൾ ഞങ്ങൾക്കും കിട്ടുമായിരുന്നു. നോമ്പ് തുറ എന്നും അറബി വീടുകളിലായിരുന്നു. രണ്ടാം ക്ലാസ് മുതൽ പഠനം നാട്ടിലെ അൻസാർ ഇംഗ്ലീഷ് സ്കൂളിലേക്ക് പറിച്ചുനട്ടു. പുതിയ അന്തരീക്ഷം. എന്നെപ്പോലെ വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നും പഠിക്കാൻ വന്ന കുട്ടികൾ അവിടെയുണ്ടായിരുന്നു. പ്ലസ് ടു വരെയായിരുന്നു ആ ഇരട്ടിമധുരമുള്ള കാലം. കാസർകോട്, മാഹി, തലശ്ശേരി, കോഴിക്കോട് അങ്ങനെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ കുട്ടികൾ തിങ്ങി താമസിക്കുന്ന കോളജ് അന്തരീക്ഷം. ഹോസ്റ്റൽ അധ്യാപകർ, വാർഡൻ, ബാങ്ക്, പള്ളി അവിടുത്തെ നോമ്പും, നോമ്പ് തുറയും അതൊന്നു വേറെതന്നെയാണ്. എത്ര പറഞ്ഞാലും തീരാത്തതാണ്. സമൂഹത്തിലെ ഉന്നതരായ മതരംഗത്തുള്ളവർ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക നായകന്മാർ ഇവരൊക്കെ ഒത്തൊരുമിക്കുന്ന ഇഫ്താർ സദസ്സുകൾ വേറിട്ട കാഴ്ചയാണ്. പിന്നീട് കമ്മൂനിറ്റി സാമൂഹിക നോമ്പ് തുറക്കൽ ഇവയൊക്കെയും സൗഹൃദത്തിന്റെ പൂക്കാലമായിരുന്നു.
പ്ലസ് ടു വരെയുള്ള കോളജ് കാലങ്ങളിൽ പ്രത്യേകിച്ചും നോമ്പിന് ലഭിച്ചിരുന്ന സൗകര്യങ്ങളുടെ പകരംവീട്ടൽ പോലെയായിരുന്നു മെഡിസിൻ പഠന കാലത്തെ കോളജ് ഹോസ്റ്റൽ ജീവിതം. ഏകദേശം ആറുവർഷ കാലം നോമ്പിന് ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കേണ്ടിവരിക. നോമ്പിന്റെ ആധ്യാത്മിക ചിട്ടവട്ടങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയാത്തതായിരുന്നു ആ കാലം.
ഇപ്പോൾ രണ്ടു കൊല്ലത്തെ ജീവിതം ഒമാനി സ്വദേശികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ആയതിനാൽ നോമ്പ്കാലം വീണ്ടും എന്റെ കുട്ടിക്കാലത്തിലെക്ക് തിരിച്ചുപോകുന്നതുപോലെ അനുഭവപ്പെടും. മെഡിക്കൽ ജോലിക്കിടയിലാണെങ്കിലും ഇടക്കൊക്കെ ലഭിക്കുന്ന തറാവീഹ് നമസ്കാരം, നമസ്കാരത്തിലെ ഖിറാഅത് ഇതെല്ലാം ഒരുതരം ആത്മസംതൃപ്തി തരുന്നതാണ്.
ക്ലിനിക്കിലെ സഹജീവനക്കാരുമായി ചേർന്നൊരുക്കുന്ന ഇഫ്താർ പുതിയ അനുഭവങ്ങൾ തന്നെയാണ്. ഒമാനിലെ മലയാളികൾക്കിടയിൽ വിവിധ സാംസ്കാരിക സംഘടനകൾ ഒരുക്കുന്ന സാമൂഹിക ഇഫ്താർ പാർട്ടികൾക്ക് പങ്കെടുക്കാൻ ജോലിക്കിടയിൽ സമയം ഇല്ലാത്തതിനാൽ ഒട്ടും സാധിക്കാറില്ല. എങ്കിലും നാട്ടിലെ കൊടുംചൂടിലെ പൊള്ളുന്ന നോമ്പും ഒമാനിൽ ഇളം തണുപ്പിലനുഭവപ്പെടുന്ന നോമ്പും ഒന്നുവേറെ തന്നെയാണ്. എങ്കിലും ഈ അറബി നാട്ടിൽ മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹവും, സഹവർത്തിത്വവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.