സന്തോഷ മുഹൂർത്തം
text_fields1994 മുതൽ പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരിയിലെ അൽ ഫലാഹ് ഗേൾസ് ഓർഫനേജിലെ കുട്ടികൾക്കൊപ്പമാണ് വർഷങ്ങളായി പെരുന്നാൾ ആഘോഷിക്കാറ്. പെരുന്നാളിന് തലേദിവസം തന്നെ ഓർഫനേജിൽ ആഘോഷം തുടങ്ങും. രാത്രി മൈലാഞ്ചിയണിയലിന്റെ തിരക്കാവും. പെരുന്നാൾ ദിവസം ആഘോഷങ്ങളിൽ എല്ലാവരും പങ്കാളികളാകും. മൂന്നു പതിറ്റാണ്ടായി അവരോടൊപ്പമുള്ള കൂടിച്ചേരൽ മുടക്കാറില്ല. പൂർണ അനാഥരായ കുട്ടികളാണ് ഓർഫനേജിൽ എന്നതിനാൽ അവരുടെ സ്നേഹം ഒരു പിതാവിനെ പോലെ തന്നെയാണ് അനുഭവപ്പെടാറ്.
ഓർഫനേജിൽനിന്ന് വിവാഹം കഴിഞ്ഞുപോയ 150ഓളം കുട്ടികളും പെരുന്നാൾ ദിവസം ഫോണിൽ വിളിച്ച് സന്തോഷം പങ്കുവെക്കൽ പതിവാണ്. ആ കുട്ടികൾ സന്തോഷ ദിനത്തിൽ നമ്മളെയും ഓർത്തെടുക്കുന്നു എന്നത് ജീവിതത്തിന്റെ പുണ്യമായി കണക്കാക്കുന്നു. ഇത്തവണ ചെറിയ പെരുന്നാൾ കുവൈത്തിൽ ആയതിനാൽ ആ മധുരമൂറുന്ന കൂടിച്ചേരൽ നഷ്ടപ്പെടുമെന്ന വേദനയുണ്ട്. വൈകാതെ അവിടേക്ക് മടങ്ങിയെത്തി അവർക്കൊപ്പം ചേരണം.
ജനിച്ചത് ഈരാട്ടുപേട്ടയിലാണെങ്കിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കോട്ടയം ടൗൺ, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലെല്ലാം ബന്ധപ്പെട്ടിരുന്നതുകൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ആഘോഷങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
ദാരിദ്ര്യത്തിന്റെ കാഴ്ചകൾ നാട്ടിലും വീട്ടിലും നിറഞ്ഞുകണ്ടിരുന്ന കുട്ടിക്കാലത്ത് സന്തോഷം കൊണ്ടുവരുന്ന ഏതാനും ആഘോഷദിനങ്ങളിൽ പെരുന്നാളുകൾ ഒന്നാം സഥാനത്താണ്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിലേക്ക് എത്തിപ്പെടാതിരുന്ന ആ കാലത്ത് പുത്തനുടുപ്പും പ്രത്യേക വിഭവങ്ങളും ലഭിക്കുന്ന ദിവസമായിരുന്നു ഭൂരിപക്ഷത്തിനും പെരുന്നാൾ. ബന്ധുക്കളും കൂട്ടുകാരും അയൽക്കാരുമെല്ലാം സന്തോഷത്തോടെ ഒത്തുചേരുന്നതും സമ്മാനങ്ങൾ കൈമാറുന്നതും ഓർമകളിലുണ്ട്. എന്നാൽ, ഇതൊന്നും ഇല്ലാത്തവരും അന്നുണ്ടായിരുന്നു. അവരെക്കുറിച്ചും ഇന്ന് ഓർക്കുന്നു.
ആഘോഷങ്ങൾക്കുവേണ്ടിയുള്ള ആഘോഷമല്ല പെരുന്നാൾ. സ്രഷ്ടാവിന്റെ സ്മരണയിൽ നിറഞ്ഞുനിൽക്കുന്ന ആഘോഷം എന്ന രീതിയിൽ ജാതി,വർഗ,വർണ ഭേദമന്യേ എല്ലാ സഹജീവികളോടും കരുണയും ആർദ്രതയും നിലനിർത്താൻ പ്രവാചകൻ ആവശ്യപ്പെടുന്നുണ്ട്.
പെരുന്നാൾ പ്രാർഥനക്കുപോകുമ്പോൾ ഒരു വഴിയിലുടെ പോകാനും തിരിച്ചുവരവ് മറ്റൊരു വഴിയിലൂടെ ആക്കാനും നിർദേശിക്കുന്നു. ഇത് പെരുന്നാളിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെയും പങ്കുവെക്കലിന്റെയും സ്നേഹ വ്യാപനത്തിന്റെയും വിശാലമായ കാഴ്ചപ്പാടാണ്.
ഈരാട്ടുപേട്ടയിൽ ഇസ്‍ലാം മത വിശ്വാസികൾ മാത്രമല്ല, മറ്റു സമൂഹങ്ങളും എല്ലാ ആഘോഷങ്ങളിലും പാരസ്പര്യം നിലനിർത്തി സന്തോഷത്തോടെ സ്നേഹം പങ്കുവെക്കുന്നു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ കൈമാറുന്നതും മധുരം നൽകുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം, വൈവിധ്യം എന്നിവ നിലനിർത്തുന്നതിൽ ഏറെ സഹായകരമാണെന്ന് പറയേണ്ടതില്ലല്ലോ. മറ്റുള്ളവരെ കൂടി തങ്ങളുടെ ആഘോഷങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുപ്പിക്കുക എന്നത് കേരളത്തിലെ ജനങ്ങൾക്കിടയിലെ പ്രത്യേകത കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.