മനസ്സ് നിറക്കുന്ന പുണ്യമാസം
text_fieldsഎന്റെ ജീവിതത്തിൽ നടന്ന ഒരു യാഥാർഥ്യം ഈ പുണ്യ മാസത്തിൽ പങ്കുവെക്കുകയാണ്. ഞാൻ നാട്ടിൽ കുറച്ചുകാലം അമുൽ പാൽ ഉൽപന്നങ്ങളുടെ വാൻ സെയിൽസ്മാനായി ജോലി ചെയ്യുന്ന കാലം. എന്റെ കൂടെ വരുന്ന ഡ്രൈവർ, ഹെൽപർ എന്നിവർ മുസ്ലിം സഹോദരങ്ങളാണ്. രാവിലെ ഓഫിസിൽനിന്നും സാധനങ്ങൾ ലോഡ് ചെയ്ത് ഞങ്ങൾ പുറപ്പെടും.
രാവിലെയും ഉച്ചഭക്ഷണവും പുറത്ത് ഹോട്ടലുകളിൽനിന്ന് കഴിക്കും. നോമ്പായതിനാൽ ഇവർ രണ്ടുപേരും ഭക്ഷണം കഴിക്കില്ല. ഞാനും ഭക്ഷണം കഴിക്കില്ല. വൈകീട്ട് നോമ്പുതുറക്ക് മുമ്പേ ഞങ്ങൾ ഓഫിസിലെത്തും. കണക്കുകൾ എല്ലാം നൽകിയതിനുശേഷം ഓഫിസിലുള്ള റിഷാദ് എന്ന സുഹൃത്തിന്റെ വീട്ടിൽ ഞങ്ങൾ എല്ലാവരും അവിടേക്ക് പോകും. അവരുടെ നോമ്പ് തുറയിലും ഞാനും പങ്കുചേരും. സ്വാദിഷ്ടമായ തരിക്കഞ്ഞി മുതൽ പത്തിരിയും ബീഫ് കറിയും അതൊരു വേറിട്ട അനുഭവമായിരുന്നു. അവരുടെ ആ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് നിറയും.
അവരുടെ സ്നേഹത്തിന് എത്ര വില കൊടുത്താലും മതിവരില്ല. ഓലമേഞ്ഞ വീടായിരുന്നു. ഇന്ന് ആസ്ഥാനത്ത് വലിയൊരു വീടാണ്. കാരണം റിഷാദ് എന്ന സുഹൃത്ത് ഇന്നൊരു സ്ഥാപനത്തിന്റെ മുതലാളിയാണ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നല്ല മനസ്സിന് ദൈവം നൽകിയ പ്രതിഫലമാണത്. ഈ ബഹ്റൈനിൽ എത്തിയതിനുശേഷം ഒട്ടു മുക്കാൽ സംഘടനയുടെ ഇഫ്താറുകളിൽ പങ്കെടുക്കാനും ലേബർ ക്യാമ്പുകളിൽ ഇഫ്താർ നടത്താനും സാധിച്ചു. ലേബർ ക്യാമ്പിൽ ഇഫ്താർ അവരുടെ കൂടെ ഇരുന്ന് നോമ്പുതുറ വിഭവങ്ങൾ കഴിക്കുമ്പോൾ അവരുടെ ആ സന്തോഷത്തിൽ നമുക്കും പങ്കുചേരാൻ കഴിയുന്നു എന്നുള്ളത് ദൈവാനുഗ്രഹമാണ്.
ഇവിടത്തെ പ്രത്യേകത നാനാ ജാതി മതസ്ഥർ ഒറ്റക്കെട്ടായി ഒന്നിച്ചിരുന്ന് നോമ്പുതുറ നടത്തുന്നതാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ തലമുറക്ക് ഇതൊരു പാഠമാണ്. ഈ നോമ്പുകാലം എല്ലാവർക്കും നന്മകൾ ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. ഒപ്പം എല്ലാ ആശംസകളും സ്നേഹപൂർവം നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.