മനം നിറക്കുന്ന ഇഫ്താർ സന്തോഷങ്ങൾ
text_fieldsമനസ്സും ശരീരവും ആത്മസംസ്കരണം ചെയ്തെടുക്കാനും, വിശക്കുന്നവരുടെ ദുരിതമറിയാനും തുടങ്ങി ഒട്ടേറെ മഹത്തായ ലക്ഷ്യങ്ങളുടെ സാക്ഷാത്കരണത്തിനായ് പ്രായഭേദമെന്യേ റമദാൻ നോമ്പനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങളുടെ ഒത്തൊരുമ എനിക്ക് വിസ്മരിക്കാനാവുന്നതല്ല.
ലക്ഷ്യബോധത്തോടെ എല്ലാവരും ഒരേ പാതയില്‍ റമദാന് നോമ്പിന്റെ പ്രതിഫലം തേടി മാത്രം സഞ്ചരിക്കുന്നുവെന്ന പ്രത്യേകതയും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. മറ്റു പ്രലോഭനങ്ങളിലേക്കൊന്നും വഴുതിവീഴാതെ പ്രഭാതം മുതല്‍ പ്രദോഷംവരെ അന്നപാനീയങ്ങളുപേക്ഷിച്ച്, ജീവിതത്തിൽ സൂക്ഷ്മത പുലർത്തി.
അല്ലാഹുവിന്റെ അനുഗ്രഹം തേടുന്ന ഒരു വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ പരിവർത്തന വിധേയനാവുകയാണ്. വ്രതം എന്ന ജാഗ്രത നിറഞ്ഞ പ്രാർഥനയോടൊപ്പംതന്നെ അശരണർക്ക് സാന്ത്വനമേകിയും, ദാനധർമങ്ങളില്‍ മുഴുകിയും നന്മയുടെ പ്രതീകങ്ങളായി മാറാൻ പരിശ്രമിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.
വാക്കിലും, പെരുമാറ്റത്തിലും കരുതലോടെയാണ് നോമ്പെടുത്തവർ സഞ്ചരിക്കുന്നത്. ഈ നന്മയുടെ ഭാഗമാകാൻ ആഗ്രഹിച്ച് ഇത്തവണത്തെ റമദാനിൽ നോമ്പെടുക്കുന്ന സഹോദരങ്ങള്‍ക്കായി ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ട്.
ഒമാന്‍ എന്റെ ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്ക് സാധ്യതകളേറെ തുറന്നു തന്നൊരു രാജ്യമാണ്. ‘കുടുംബം ഇസ്ലാമില്‍’ എന്ന ശീർഷകത്തില്‍ തനിമ ഒമാന്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ എനിക്ക് പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. ഇസ്ലാം വിശ്വാസത്തിന് കുടുംബത്തിൽ എത്രമാത്രം പവിത്രമായ സ്ഥാനമാണുള്ളതെന്ന് ഇതര മതസ്ഥര്‍ക്കും ബോധ്യമാവുന്ന തരത്തിലുള്ള ഒരു ക്വിസ് പ്രോഗ്രാമായിരുന്നു അത്.
സാംസ്കാരിക സദസ്സുകൾ, സ്നേഹ സൗഹാർദം വളർത്തുന്ന ഇഫ്താർ വിരുന്നുകൾ എല്ലാ അർഥത്തിലും മനം നിറക്കുന്ന സന്തോഷം മാത്രമാണ് ഒമാനിൽനിന്ന് ലഭിച്ചിട്ടുള്ളത്. എന്റെ മനസ്സിൽ മഴവില്ലഴകോടെ വർണശോഭയേകി നിലനില്ക്കുന്നതിപ്പോഴും ഒമാനിലെ ഇഫ്താര്‍ സംഗമങ്ങളും, കലാ സാംസ്കാരിക മേളകളും തന്നെയാണ്.
യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷങ്ങളോളം ചെലവഴിച്ച എനിക്ക് ഒരുപാട് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചെങ്കിലും അധികവും ഒമാനിലാണ് അത്തരം സദസ്സുകളിൽ പങ്കെടുക്കാൻ കഴിഞ്ഞത്.
ഇതു പോലുള്ള ഒട്ടേറെ കാരണങ്ങളാൽ എന്റെ മാതൃരാജ്യം കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഒമാൻ തന്നെയാണ്. ഞാൻ പങ്കെടുത്ത ഇഫ്താര്‍ സദസ്സുകളി ലൂടെത്തന്നെ പ്രായഭേദമെന്യേ, വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാനെനിക്ക് സാധിച്ചിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.