തമിഴ്‌നാട്ടിലെ റമദാനും സ്നേഹത്തിന്‍റെ നോമ്പുകഞ്ഞിയും
text_fieldsകേരളം അല്ലെങ്കിൽ മലബാറിലെ നോമ്പ് താരതമ്യേന ആഡംബരവും സുഭിക്ഷതയും നിറഞ്ഞതാണെന്ന് പറയാതിരിക്കാൻ വയ്യ. എന്നാൽ, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നോമ്പ് തികച്ചും വ്യത്യസ്തമാണ്. ശുദ്ധ ദ്രാവിഡ സംസ്കാരത്തിലുള്ള മനുഷ്യർ ഇസ്‍ലാമിനകത്തു വന്ന് ദ്രാവിഡ സംസ്കാരം കൈവിടാതെ തന്നെ പ്രവാചകന്റെ വിശ്വാസവും അനുഷ്ഠാനവും മുറുകെ പിടിച്ചു ജീവിക്കുന്നതിന്റെ ഒരു സോഷ്യോളജിയെ അവരിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.
2008 മുതൽ പഠനവും ഗവേഷണവുമായി പല നോമ്പുകാലവും അവരുടെ കൂടെ ചെലവഴിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടിയ ചൂടുള്ള ഒരുപാട് നോമ്പുകാലം. എത്ര കൊടിയ ചൂടിനെയും ശമിപ്പിക്കാൻ കഴിവുള്ളതാണ് ആ നാട്ടിലെ മനുഷ്യരുടെ സ്നേഹം.
മലബാറുകാർ നോമ്പുകാലത്ത് നോമ്പുതുറക്കായി ഉപയോഗിക്കുന്ന പ്രധാന ഭക്ഷണമാണ് പത്തിരിയും മാംസക്കറിയും. തരിക്കഞ്ഞിയും ജ്യൂസും അതിന്റെ കൂടെയുണ്ടാകുന്ന ഏറ്റവും ചെറിയ നോമ്പുകാല വിഭവങ്ങളിൽപെട്ടതാണ്. എന്നാൽ, തമിഴ്നാട്ടിലെ പ്രധാന നോമ്പ് വിഭവമാണ് നോമ്പുകഞ്ഞി. റമദാൻ മാസമായാൽ എല്ലാ മഹല്ല് ജമാഅത്ത് മസ്ജിദുകൾക്കും തമിഴ്‌നാട് സർക്കാർ തന്നെ നേരിട്ട് അരി സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകാറുണ്ട്.
അതുപയോഗിച്ച് മഹല്ല് ജമാഅത്ത് പള്ളികൾ കഞ്ഞി പാചകം ചെയ്ത് വിതരണം ചെയ്യുന്നു. പ്രശസ്തമായ ഇവിടത്തെ നോമ്പുകഞ്ഞി ഉലുവ, നെയ്യ്, ഏലക്കായ, മല്ലിച്ചെപ്പ്, പുതിനയില, പച്ചമുളക്, ജീരകം, കറിവേപ്പില, സവാള, തേങ്ങ, തക്കാളി തുടങ്ങി അനേകം പദാർഥങ്ങൾ ചേർത്ത് വേവിച്ചെടുക്കുന്നതാണ്. നമ്മുടെ കർക്കടക കഞ്ഞിപോലെ നല്ല ഔഷധഗുണമുള്ള ഒന്നാണിത്. നല്ല വരുമാനമുള്ള കമ്മിറ്റികളാണെങ്കിൽ ചിക്കൻ കഷ്ണങ്ങളോ മട്ടൻ കഷ്ണങ്ങളോ ഒക്കെ ചേർക്കുന്നതും പതിവാണ്.
ഇഫ്താറിന് സമയമായാൽ എന്നും സഹോദര മതസ്ഥരായ അതിഥികളും മസ്ജിദിലെത്തും. അവരിലെ സ്ത്രീകളുൾപ്പെടെയുള്ളവർ മസ്ജിൽനിന്ന് കഞ്ഞി കുടിക്കുകയും പലരും കഞ്ഞി വീട്ടിൽ കൊണ്ടുപോവുകയും ചെയ്യും. അവർക്ക് അതൊരു പുണ്യപ്രവൃത്തിയാണ്. ഈ കലുഷിത കാലത്ത് ഇതിലൂടെ വലിയ സാമൂഹിക ദൗത്യമാണ് അവർ നിർവഹിക്കുന്നത്. തമിഴ്നാട്ടിൽ കൂടുതൽ ഹനഫി മദ്ഹബ് ചിന്താധാര ഉൾക്കൊള്ളുന്നവരാണ്. അവിടങ്ങളിൽ ഹിന്ദു, മുസ്‍ലിം വിഭാഗീയത പുലർത്തുകയോ അതിന്റെ പേരിൽ അസഹിഷ്ണുത മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യുന്നവർ കുറവാണ്. തമിഴ്നാടിന്റെ സാമൂഹിക ഘടന ഒരിക്കലും വർഗീയതക്ക് അനുകൂലമായതല്ല.
പള്ളിക്കകത്ത് ഓരോ ആവശ്യം നിർവഹിക്കാൻവേണ്ടി വരുന്ന സഹോദര മതസ്ഥരായ സ്ത്രീകളെയും പുരുഷന്മാരെയും കണ്ടാൽ മലയാളികൾക്ക് അത്ഭുതം തോന്നും. മുസ്‍ലിം- മുസ്‍ലിമേതര ഐക്യം അവരെ കണ്ടു പഠിക്കണം.അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല നൂറ്റാണ്ടുകൾക്ക് മുമ്പേ സൂഫി ഇസ്‍ലാമും ദ്രാവിഡ സംസ്കാരവും ചേർന്ന് ഉരുത്തിരിഞ്ഞുവന്ന ഒന്നാണത്. നോമ്പു പോലുള്ള വിശുദ്ധ കാലങ്ങൾ ഇത്തരം സംസ്കാരങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.