ജീവിതമാണ് സമ്മാനം
text_fieldsവാടാനപ്പള്ളി യതീംഖാനയിൽ നിന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് പെരുന്നാൾ അവധിക്ക് പോകുമ്പോൾ വലിയ ഒരു തറവാട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് യാത്ര പോകുന്നതു പോലെയാണ് തോന്നിയിരുന്നത്. ചെറുപ്പത്തിൽ പിതാവിനെ നഷ്ടമായ എന്നെ വിരൽപിടിച്ച് കൂട്ടിക്കൊണ്ടുപോയ ആ ഇടം തറവാട് തന്നെയായിരുന്നു. ‘‘വീട്ടിൽ പോയി ഉമ്മായെക്കണ്ട് മിടുക്കരായി വേഗം തിരിച്ചുവാ മക്കളേ’’ എന്ന് ചേർത്തുപിടിച്ച് ആശീർവദിച്ചാണ് സ്വൽപം കർക്കശക്കാരനായിരുന്ന ഹനീഫ മൗലവി ഞങ്ങളെ ഓരോരുത്തരെയും യാത്രയാക്കിയിരുന്നത്.
വീട്ടിൽ ഉമ്മയും പ്രിയപ്പെട്ടവരുമുണ്ട് എന്ന സന്തോഷവും തണുപ്പും ഉള്ളിൽ നിറയുമെങ്കിലും വാടാനപ്പള്ളിയിലെ ‘തറവാട്ടിൽ’ പെരുന്നാൾ കൂടാനാവാത്തത് ഒരു മിസ്സിങ് ആയി തോന്നുമായിരുന്നു. പഠനം പാതിവഴിയിൽ മുറിഞ്ഞ് പലപല ജോലികൾ ചെയ്യുകയും പിന്നീട് സംരംഭകനാവുകയും ചെയ്തതോടെ യൂറോപ്പിലും അമേരിക്കയിലും അറബ് നാടുകളിലുമെല്ലാം യാത്രചെയ്യാനും പെരുന്നാള് കൂടാനും, സ്വാഭാവികമായും വിവിധ രുചിഭേദങ്ങൾ ആസ്വദിക്കാനും അവസരമുണ്ടായിട്ടും ആ നഷ്ടം മനസ്സിൽ ബാക്കി നിന്നു. എന്തെന്നാൽ, കുഞ്ഞുനാളിൽ വിശപ്പാറ്റിയ ഭക്ഷണമാണ് ഏറ്റവും വിശിഷ്ടമായ പെരുന്നാൾ ചോറ്. ദാരിദ്ര്യം ദുരിതമാണ്, കുട്ടിക്കാലത്തെ ദാരിദ്ര്യം അതീവ ദുരിതവും! വളരണം, വിജയിക്കണം എന്നുള്ള ആഗ്രഹങ്ങൾക്ക് അന്നനുഭവിച്ച ജീവിത സാഹചര്യം ഒരു കാരണമായിട്ടുണ്ടെങ്കിലും ഉസ്താദുമാരും ജീവനക്കാരും പകർന്ന സ്നേഹപരിചരണങ്ങളാണ് അതിനെ പരിപോഷിപ്പിച്ചത്.
യതീംഖാനക്കാലത്ത് പെരുന്നാൾ കോടി മുടങ്ങാതെ കിട്ടിയിരുന്നു, അവിടെ നിന്നിറങ്ങിയശേഷം പുതുവസ്ത്രം ലഭിക്കാത്ത പെരുന്നാളുകളും ജീവിതത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ചെറുപ്പത്തിൽ ചേർത്തുവെച്ച ആ പെരുന്നാൾ കോടിയുടെ മണം ആ ഇല്ലായ്മയെ അതിജീവിക്കാൻ ധാരാളമായിരുന്നു. ഇന്നും തക്ബീർ കേൾക്കുമ്പോൾ കൂടാൻ കഴിയാതെ പോയ യതീംഖാനയിലെ പെരുന്നാളാണ് മനസ്സിൽ, നിലാവ് എന്ന് പറയുമ്പോൾ ഹനീഫ മൗലവിയുടെ മുഖവും. ഏറ്റവും വലിയ മാനേജ്മെന്റ് പാഠശാല ഏതാണെന്നറിയുമോ? ഇന്ത്യ പോലുള്ള രാജ്യങ്ങളിലെങ്കിലും അത് യതീംഖാനകളാണ്- യതീംഖാനയെന്നോ, അനാഥാലയമെന്നോ, ബാലമന്ദിരമെന്നോ, മാതൃസദനമെന്നോ എന്തു പേരിട്ടുവിളിച്ചാലുമതെ. ഉയർന്ന സമ്പത്തും കുടുംബ മഹിമയുമുള്ള യുവജനങ്ങളെ വമ്പൻ മാനേജ്മെന്റ് വിദഗ്ധരും ഉഗ്രൻ സംരംഭകരുമായി പരിശീലിപ്പിച്ചെടുക്കാൻ ഐ.ഐ.എമ്മുകൾക്ക് സാധിക്കുന്നുണ്ടാവും, പക്ഷേ ചവിട്ടിനിൽക്കാൻ ഒരുതരി മണ്ണുപോലുമില്ലെന്ന അവസ്ഥയിൽ നിൽക്കുന്ന മക്കളെ സ്നേഹം നൽകി ജീവിത സംരംഭകരാക്കി വളർത്തിയെടുക്കുക എന്ന ദൗത്യം അതിലേറെ ശ്രമകരം തന്നെ. അവിടെ നിന്നുള്ള പെരുന്നാൾ സമ്മാനമാണ് ഞാനുൾപ്പെടെ ഒരുപാടൊരുപാടാളുകളുടെ ജീവിതം.
(ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന The Chai Walah എന്ന സ്റ്റാർട്ട്അപ് സംരംഭത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.