വിശ്വാസികൾക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മസ്ജിദിൽ
text_fieldsകായംകുളം: വ്രതാനുഷ്ഠാന നാളിൽ സൗഹൃദ സന്ദേശവുമായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മസ്ജിദ് സന്ദർശിച്ചത് മാതൃകയായി. കൊറ്റുകുളങ്ങര കിഴക്ക് മർകസുൽ ഹിദായത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് അപ്രതീക്ഷിത അതിഥിയായി മന്ത്രി എത്തിയത്. കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ കൂട്ടേത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു മന്ത്രി. ഈ സമയത്ത് സമീപത്തെ മസ്ജിദ് ശ്രദ്ധയിൽപെട്ടതോടെ അവിടേക്ക് കയറുകയായിരുന്നു. വിശ്വാസികളുമായി സൗഹൃദ സംഭാഷണവും നടത്തി. ഇസ്ലാമിന്റെ വിശ്വാസമൂല്യം ഉയർത്തിയായിരുന്നു സംസാരം.
മിതവാദവും സൗഹാർദവമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിന്മയെ നന്മകൊണ്ട് നേരിടുകയെന്നതാണ് ഇസ്ലാം നൽകുന്ന സന്ദേശം. സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യമാണ് വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികൾ നടത്തുന്നത്. ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രസക്തിയാണ് റമദാനിൽ ഉയർന്ന് നിൽക്കുന്നത്. ദാനവും നിർബന്ധ ദാനവും ഒട്ടേറെ പേരുടെ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഉപകരിക്കുന്നു. പരസ്പര വിശ്വാസവും ബന്ധങ്ങളും നിലനിർത്തുന്നതിലും ഊന്നൽ നൽകുന്നു. ജനങ്ങളോട് കരുണ കാണിക്കുക, തൊഴിലാളികളോട് ആർദ്രതയോടെ പെരുമാറുക തുടങ്ങിയ പ്രവാചക സന്ദേശം സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കാരണമായത്. പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുമ്പോഴും പാവങ്ങളോടുള്ള കരുതൽ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദിൽ എത്തിയ മന്ത്രിയെ ഭാരവാഹികളായ സത്താർ പ്ലാമൂട്ടിൽ, എ. അബ്ദുൽ സമദ് പുത്തൻകണ്ടത്തിൽ, ഇമാം ഷാഹിദ് ഹുസ്നി പത്തനാപുരം, മൗലവി ഖൈസ് അൽ ഖാസിമി കണ്ണൂർ എന്നിവർ ഖുർആൻ പരിഭാഷ നൽകി സ്വീകരിച്ചു. കോൺഗ്രസ് എസ് സംസ്ഥാന നേതാക്കളായ സി.ആർ. വത്സൻ, ഐ. ഷിഹാബുദ്ദീൻ, വി.വി. സന്തോഷ് ലാൽ, മണ്ഡലം നേതാക്കളായ ഷെരീഫ് നെടിയാത്ത്, ടി.കെ. ഉമൈസ്, ഷെരീഫ് പത്തിയൂർ, നൗഷാദ് ആലപ്പുഴ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.