ഉമ്മമാരുടെ കണ്ണിലെ തിളക്കം ഇപ്പോഴും മനസ്സിലുണ്ട്
text_fieldsകുറച്ച് വർഷങ്ങൾക്കു മുമ്പ് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറായ സുഹൃത്തിനെ കാണാൻ പോയി. ഞങ്ങൾ ദീർഘമായി സംസാരിച്ചിരിക്കെ നോമ്പുതുറയുടെ സമയമായി. പുറത്തെ കടയിൽ പോയി വിഭവങ്ങളാവശ്യപ്പെട്ട് ബാങ്കിനായി കാത്തിരുന്നു. പ്രായമായ രണ്ട് ഉമ്മമാർ കടയിലേക്ക് വന്നു. നാണയം എണ്ണിപ്പെറുക്കി നൽകി നാരങ്ങ വെള്ളം ആവശ്യപ്പെട്ടു.
എന്നിട്ട്, ഞങ്ങൾ ഇരിക്കുന്നതിനടുത്തിരുന്നു. എന്റെ നോട്ടം അവരുടെ മുഖത്തേക്ക് നീങ്ങിയപ്പോൾ അതിലൊരു ഉമ്മ ചിരിച്ചു. ഞാനും ചിരിച്ചു. ആ പ്രായത്തിലുള്ളവരെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്റെ ഉമ്മയെ ഓർമവരും. സൗഹൃദത്തോടെ അവരുമായി സംസാരിച്ചു തുടങ്ങി. കടക്കാരൻ അവർക്കു മുമ്പിൽ ജ്യൂസ് കൊണ്ടുവെച്ചു.
ഞാൻ ചോദിച്ചു.‘ഒന്നും കഴിക്കേണ്ടേ’? അവർ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. ഞങ്ങൾ വാങ്ങിച്ച എല്ലാം അവർക്കും കൊടുക്കാൻ കടക്കാരനോട് പറഞ്ഞു.
അഭിമാനികളായ ഉമ്മമാർ വേണ്ടെന്നു പറഞ്ഞു. നിർബന്ധപൂർവം ഞാൻ അവർക്ക് എല്ലാം വാങ്ങിച്ചുനൽകി. കൂടുതൽ പ്രായമായ ഉമ്മക്ക് ഭർത്താവും മക്കളുമില്ല. അവരുടെ അനിയത്തിയാണ് കൂടെ. ആ അനിയത്തിയുടെ ഭർത്താവാണ് മെഡിക്കൽ കോളജിൽ കിടക്കുന്നത്. അവർക്കും കുട്ടികളില്ല. അവരുടെ ജീവിത സാഹചര്യം പരിതാപകരമായിരുന്നു. ആശ്രയിക്കാൻ ആരുമില്ല.
അസുഖങ്ങളും പ്രായത്തിന്റെ പ്രയാസങ്ങളും. എന്നിട്ടും അവരുടെ മുഖം പ്രസന്നമായിരുന്നു. അവർക്ക് എന്റെ സുഹൃത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇത് ഡോക്ടർ മൻസൂർ. എന്ത് കാര്യമുണ്ടെങ്കിലും ഇദ്ദേഹത്തെ കണ്ടാൽ മതി എന്നും പറഞ്ഞു. അതൊരു വലിയൊരു ആശ്രയംപോലെ അവരുടെ മുഖത്തെ പ്രകാശത്തിൽ എനിക്ക് മനസ്സിലായി.
ബാങ്ക് വിളി മുഴങ്ങി. ഞങ്ങളും അവരും നോമ്പുതുറന്നു. ആ ഉമ്മയുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നോമ്പുതുറയായിരുന്നു അത്. തുറക്കുശേഷം, പിന്നീട് കഴിക്കാനുള്ള ഭക്ഷണവും വാങ്ങിക്കൊടുത്തപ്പോൾ ഉമ്മമാർ പറഞ്ഞു: ‘മക്കളേ, നിങ്ങളെ മറക്കില്ല! ഞങ്ങൾ പ്രാർഥിക്കും’. അവർ നടന്നുമറയുന്നത് നോക്കിനിൽക്കെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അത്രമേൽ ഹൃദ്യവും ശ്രേഷ്ഠവുമായ ഒന്നായിരുന്നു ആ നോമ്പുതുറ. ദിവസങ്ങളോളം തൊണ്ടയിൽനിന്ന് ഒരിറ്റു വെള്ളം ഇറങ്ങാതെ കിടന്ന എന്റെ ഉമ്മയെയാണ് ഞാനപ്പോൾ ഓർത്തത്. ‘ ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവർ നിങ്ങളോട് കരുണ കാണിക്കും’ എന്ന ആശയം ലോകത്തിലെ ഏറ്റവും വലിയ വിപ്ലവമായി അപ്പോഴെനിക്ക് തോന്നി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.