വേരിലക്കാട് പള്ളിയില്‍ നാരായണനെത്തി, നോമ്പുതുറ വിഭവങ്ങളുമായ്
text_fieldsപുളിക്കല്‍: സ്നേഹ സന്ദേശത്തിന്റെ വിഭവക്കൂട്ടുകളുമായി മുടങ്ങാതെ ഇക്കുറിയും നാരായണനെത്തി, പുളിക്കല്‍ ചെറുമുറ്റം അട്ടവളപ്പ് വേരിലക്കാട് മസ്ജിദു റഹ്മാനില്‍. നോമ്പുതുറക്കാവശ്യമായ തണ്ണിമത്തന്, മുന്തിരിക്കുലകള്‍, ഈത്തപ്പഴം, പൈനാപ്പിള്‍ തുടങ്ങിയവക്കൊപ്പം വീട്ടില്‍ തയാറാക്കിയ പൊക്കവടയും സമൂസയും പഴംപൊരിയും ശീതള പാനീയങ്ങളുമായെത്തിയ നാരായണനെ പള്ളികമ്മിറ്റി ഭാരവാഹികള്‍ സ്നേഹാദരവോടെ സ്വീകരിച്ചു. അഞ്ചുവര്‍ഷം മുമ്പാണ് മസ്ജിദുറഹ്മാൻ നിർമാണം നടന്നത്. അന്നുമുതൽ പരസ്പര സാഹോദര്യത്തിന്റെ നിറ സന്ദേശവുമായി മുതുവല്ലൂര്‍ പഞ്ചായത്തിലെ നിർമാണ തൊഴിലാളിയായ വെട്ടുകാട് നാരായണന്റെ നോമ്പുതുറ വിഭവങ്ങളെത്താറുണ്ട്.
പള്ളി നിർമാണത്തില്‍ സജീവമായിരുന്ന നാരായണന് ജീവിത വ്രതം പോലെയാണ് ദൗത്യം തുടരുന്നത്. ഒരു ദിവസത്തേക്കുള്ള മുഴുവന്‍ നോമ്പുതുറ വിഭവങ്ങളുമെത്തിച്ച് ഇഫ്ത്താറില്‍ പങ്കെടുത്ത് മടങ്ങുന്ന രീതിക്ക് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അദ്ദേഹം കോട്ടം വരുത്തിയിട്ടില്ല.
വിശ്വാസങ്ങളോടുള്ള പരസ്പര ആദരവ് മാനവരാശിയുടെ ഐക്യത്തിനാകണമെന്ന ചിന്തയാണ് ഈ ഒരു ഉദ്യമത്തിലേക്ക് നയിച്ചതെന്ന് നാരായണന് പറയുന്നു. ഓരോ വര്‍ഷവും നാരായണന്റെ നോമ്പുതുറ വിഭവങ്ങളോടെയുള്ള ഇഫ്ത്താറില്‍ പങ്കാളികളാകാന്‍ നിരവധിപേരാണ് എത്താറുള്ളത്. വിഭവങ്ങളുമായെത്തിയ നാരായണനെ ഇമാം റമീസ് ഫൈസി, കമ്മുക്കുട്ടി മാസ്റ്റര്‍, കെ.എ. ഉസ്മാന് മാസ്റ്റര്‍, കുഞ്ഞു അട്ടവളപ്പില്‍, അയക്കോടന്‍ യൂസഫ് മാസ്റ്റര്‍, പി. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.