നവയ്ത്തു സ്വൗമ ഹദിൻ....
text_fieldsനവയ്ത്തു, നവയ്ത്തു , സ്വൗമ ഹദിൻ, സ്വൗമ ഹദിൻ....സഹോദരിമാർ ചൊല്ലിത്തരുന്ന നിയ്യത്ത് ഏറ്റുചൊല്ലിയായിരുന്നു കുഞ്ഞുന്നാളിലെ എന്റെ നോമ്പുനോല്‍ക്കല്‍. ചെറുപ്പത്തിൽ കുട്ടികളെടുക്കുന്ന നോമ്പിന്റെ എണ്ണത്തിൽ മത്സരമാണ്. മദ്റസകൾ പെരുന്നാളിനുശേഷം തുറക്കുമ്പോൾ ഉസ്താദ് ആദ്യം അന്വേഷിക്കുക ഒരോരുത്തരും എടുത്ത നോമ്പിന്റെ എണ്ണമാണ്. ഉസ്താദിനോട് നുണ പറഞ്ഞാല്‍ പടച്ചോന് നരകത്തിലിടും. അതുകൊണ്ട് നോറ്റ നോമ്പുകളുടെ എണ്ണം മാത്രമെ പറയാന്‍ പാടുള്ളൂ. കുറച്ച് നോമ്പാണെങ്കില്‍ കൂട്ടുകാരുടെ മുന്നില്‍ കുറച്ചിലാകും. ഓരോരുത്തരും അവിടെ പറയുന്ന കണക്കും, നേരത്തേ പറഞ്ഞ കണക്കും തമ്മിലുള്ള പൊരുത്തക്കേടുകളും മനസ്സിലാകും.
അതിനാല്‍ എന്ത് സഹിച്ചാണെങ്കിലും കൂടുതല്‍ നോമ്പ് പിടിക്കാനാണ് അന്നത്തെ കുട്ടികള്‍ ശ്രമിച്ചിരുന്നത്.
എന്നാല്‍, പല ദിവസവും പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ ഉമ്മ വാത്സല്യം കൊണ്ട് വിളിക്കില്ല. നോമ്പ് നോറ്റ് സ്കൂളിലൊക്കെ പോകാനുള്ളതാണ്. ക്ഷീണിച്ചുപോകുമെന്നാണ് ഉമ്മയുടെ ആധി. കുത്തരിച്ചോറിൽ തേങ്ങാപ്പാലും പഴവും, പഞ്ചസാരയും കൂട്ടിക്കുഴച്ച് ഇടയത്താഴം കഴിക്കാനുള്ള കൊതിയോടെ രാത്രി കിടന്നിട്ട് പുലര്‍ച്ചെ വിളിക്കാത്ത ദിവസങ്ങളിലെ രാവിലെകള്‍ ലഹളയുടേതാകും. ആ വാശിക്ക് നോമ്പെടുക്കും. ഈ വര്‍ഷം റമദാനിൽ ആദ്യം ഉമ്മയെ വിളിച്ചപ്പോള്‍, പണ്ട് ഒന്നും കഴിക്കാതെ നോമ്പെടുത്തതിന്റെ ശുജായിത്തരം ഉമ്മ പറയുകയുണ്ടായി.
നോമ്പെടുത്ത് സ്കൂളിലേക്ക് പോകുന്നത് രസമാണ്. ക്ലാസില്‍ സാറമ്മാരും ടീച്ചര്‍മാരും പഠിപ്പിക്കുന്നതിനിടക്ക് ഓരോരുത്തരായി തുപ്പാന്‍ പുറത്തേക്ക് പോകും. ആ പോക്കിലൊരു ഞെളിയലും അഭിമാനവുമുണ്ട്. നോമ്പുകാരനാണെന്ന അഭിമാനം. മാത്രമല്ല, അന്നൊക്കെ ഉമ്മയും, ഇത്തമാരും പറഞ്ഞിരുന്നത്, നോമ്പ് നോറ്റാൽ തുപ്പല് പോലും ഇറക്കാന്‍ പാടില്ലെന്നാണ്. ഇക്കാരണത്താലാണ് തുപ്പാന്‍ പുറത്തേക്ക് പോയിരുന്നത്. ഉമിനീര് ഇറക്കുന്നതില്‍ കുഴപ്പമില്ലെന്നും അതില്‍ രക്തത്തിന്റെയോ കഫത്തിന്റെയോ മറ്റെന്തിന്റെയോ അംശം ഉണ്ടാകരുതെന്നും വലുതായപ്പോഴാണ് മനസ്സിലായത്.
അന്നൊക്കെ നോമ്പിന്റെ പ്രധാന ആകർഷണം നോമ്പ് തുറക്കൽ തന്നെയാണ്.സ്കൂള്‍ വിട്ടുവന്നാല്‍ മഗ്രിബ് ആകുന്നത് വരെയുള്ള രണ്ട്, രണ്ടര മണിക്കൂര്‍ പോയിക്കിട്ടാന്‍ വലിയ പാടാണ്. സമയമായോ സമയമായോയെന്ന് പലതവണ വലിയവരോട് ചോദിക്കും. ഒടുവില്‍ ദൂരെനിന്ന് ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ആശ്വാസമാകും. തുറക്കാന്‍ വെള്ളമാണ് ഉണ്ടാകുക. വിരുന്നുകാരുണ്ടെങ്കില്‍ കാരക്കയുണ്ടാകും. ഈത്തപ്പഴമല്ല അസ്സല് കാരക്ക. കരിച്ചതും പൊരിച്ചതും പഴങ്ങളും ജ്യൂസും ഒന്നുമുണ്ടാകില്ല. വെള്ളം കുടിച്ചോ കാരക്ക തിന്നോ നോമ്പ് തുറന്ന് നേരെ പ്രധാന ഭക്ഷണത്തിലേക്ക് കടക്കും. പത്തിരിയും കറിയും കഞ്ഞിയുമൊക്കെയാണ് കഴിക്കാന്‍.വീട്ടിലുള്ള ഉമ്മയും സഹോദരിമാരുമെല്ലാം ഉണ്ടാക്കുന്ന പത്തിരിയും അത് ഉണ്ടാക്കാൻ പെടുന്നപാടുമെല്ലാം ഓർക്കുമ്പോൾ വലിയൊരു നോവ് തന്നെയാണ് മനസ്സിൽ.
അസർ നമസ്കാരം കഴിഞ്ഞാൽ അടുക്കളയിൽ കയറുന്ന ഇവർ വലിയ പായയിലാണ് പത്തിരിക്കുള്ള പൊടി വാട്ടിയെടുക്കുക. ഓരോ പത്തിരിയും പരത്തിയെടുത്ത് ചുട്ടെടുക്കുമ്പോൾ ബാങ്ക് വിളിക്കാനുള്ള നേരമായിരിക്കും .ആഡംബര വിഭവം എന്ന് പറയാവുന്നത് ജീരകക്കഞ്ഞി ആയിരിക്കും .
സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള പോക്കാട്ടുചിറയില് പോയി കുളിക്കും. അന്നത്തെ മുങ്ങിക്കുളിയിലൂടെയും മുങ്ങാംകുഴിയിലൂടെയും എത്രനോമ്പ് പോയോ ആവോ? നോമ്പുകാരന് മുങ്ങിക്കുളിക്കാന്‍ പാടില്ലല്ലോ.
പിന്നീടുള്ള വിനോദം സൈക്കിള്‍ വാടകക്കെടുത്ത് ചവിട്ടലാണ്. നോമ്പ് നോറ്റ് സൈക്കിളോടിക്കുന്നത് ക്ഷീണം ഇരട്ടിയാക്കുമെങ്കിലും അതൊരു ഹരമായിരുന്നു.
അതുപോലെ വാപ്പയുടെ കൂടെ എല്ലാ ദിവസവും ആരെങ്കിലും നോമ്പ് തുറക്കാനായി വീട്ടിലെത്തുന്നത് നല്ലൊരു ഓർമയാണ്. അത് പള്ളിയിൽ നിന്നുള്ള ആളുകളോ, സമീപവാസികളോ ആയിരിക്കും.
എന്നാൽ നോമ്പ് ഇന്ന് ആഘോഷമായി മാറുന്ന കാഴ്ചയാണ് എവിടെയും. പള്ളികളിലെ നോമ്പ് തുറ എന്നത് തന്റെ വലുപ്പം കാണിക്കാനുള്ള ഒരു മത്സരവേദിയായി മാറി എന്നു പറയേണ്ടി വരും. പ്രവാസലോകത്താകട്ടെ സമൂഹനോമ്പ് തുറകൾ സംഘടിപ്പിക്കാൻ റമദാൻ മാസം മാത്രം പോരാ എന്ന സ്ഥിതിയാണ്.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്, മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും എന്നാൽ നോമ്പിന്റെ ചൈതന്യം എന്ന് പറഞ്ഞാൽ അത് പ്രാർഥന തന്നെയാണ്. അതിനെ കെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.