‘മധുരനൊമ്പര റമദാൻ’; സിദ്ദീഖിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് നോവലിസ്റ്റ് അസി
text_fieldsഅസി സിദ്ദിഖിനൊപ്പം
‘റമദാൻ നാട്ടിലെക്കാൾ ദുബൈയിലാണ് നല്ലത്. ഞാൻ ആദ്യമായാണ് റമദാൻ മാസം പൂർണമായും ദുബൈയിൽ നിൽക്കുന്നത്...അടുത്ത റമദാനിലും ദുബൈയിൽ വരണം’. മലയാളികളുടെ പ്രിയ സംവിധായകൻ സിദ്ദീഖ് സാറിന്റെ ഹൃദയസ്പർശിയായ വാക്കുകളാണിത്. ഇത് പറയുമ്പോൾ ഈ റമദാൻ, അദ്ദേഹത്തിന്റെ അവസാനത്തെ റമദാനാകുമെന്ന് കരുതിയില്ല. അത്യധികം സന്തോഷം കൊണ്ടുവന്ന ഒരു റമദാൻ ഏറ്റവും വേദനിപ്പിക്കുന്ന ഒന്നായി മാറിയതാണ് 2023ലെ റമദാനെക്കുറിച്ചുള്ള എന്റെ ഓർമകൾ! സിദ്ദീഖ് സാറിന്റെ കൂടെ ചെലവഴിച്ച ആ റമദാൻ എന്റെ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും.
നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദീഖ് സാറിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ‘ക്യാമ്പ് ക്രോപ്പർ’ എന്ന വിവിധ ഭാഷകളിലുള്ള വെബ്‌സീരീസ് പ്രോജക്ട്. ഈ പ്രോജക്ടിന്റെ എഴുത്തിന്റെ ഭാഗമായാണ് അദ്ദേഹം ദുബൈയിലെത്തിയത്. ഞാൻ എഴുതിയ ‘ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
പ്രശസ്തമായ സിദ്ദീഖ് -ലാൽ കൂട്ടുകെട്ടിനുശേഷം സിദ്ദീഖ് സാറിന്റെ കൂടെ തിരക്കഥ ചെയ്യുന്ന എഴുത്തുകാരനെന്ന അപൂർവമായ ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ്എനിക്ക്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങൾ. ഏറ്റവും വലിയ സ്വപ്നമാണ് സഫലമാകുന്നത്. ദുബൈ ഖിസൈസിലെ ‘ലാവെണ്ടർ’ ഹോട്ടലിൽ വെച്ചാണ് ഞങ്ങൾ എഴുതുന്നത്. ‘ക്യാമ്പ് ക്രോപ്പറിന്റെ’ അറബിക് -ഇംഗ്ലീഷ് പതിപ്പിന്റെ തിരക്കഥയുടെ അവസാന മിനുക്കുപണിയിലായിരുന്നു.

സിദ്ദീഖ് സാർ എന്നും നോമ്പെടുക്കും. അദ്ദേഹത്തിന് കരൾരോഗമുണ്ടെന്ന് കൂടെയുള്ള എനിക്ക് അന്ന് അറിയില്ലായിരുന്നു. അദ്ദേഹം ആരുമായും ഈ വിവരം പങ്കുവെച്ചിരുന്നില്ല. നോമ്പായതിനാൽ ലഞ്ച് ബ്രെക്കില്ലാതെ എഴുത്ത് തുടരാനാകും. രാവിലെ ഒമ്പതിന് തുടങ്ങുന്ന എഴുത്ത് വൈകീട്ട് നോമ്പ് തുറക്കുന്ന സമയംവരെ നീളും.
ദുബൈയിലെ നോമ്പുതുറ അദ്ദേഹം മനസ്സ് തുറന്നു ആസ്വദിച്ചു. ഖിസൈസിലെ മലയാളി റസ്റ്റാറന്റുകളിൽ കൊച്ചിയിൽപോലും ലഭ്യമാകാത്ത വിധം നോമ്പുതുറ വിഭവങ്ങൾ ലഭ്യമാണ്. നോമ്പ് തുറക്കാൻ പോകുന്ന റസ്റ്റാറന്റുകളൊക്കെ സാറിനെ സ്നേഹപൂർവം സ്വീകരിക്കും. മിക്കവരും കാഷ് വാങ്ങാൻ തയാറാകില്ല. പക്ഷേ, അദ്ദേഹം നിർബന്ധമായും നൽകും. നോമ്പ് തുറക്കുശേഷം റസ്റ്റാറന്റ് സ്റ്റാഫും കസ്റ്റമേഴ്‌സുമൊക്കെ ഫോട്ടോയെടുക്കാൻ വന്നാൽ എത്രപേരുണ്ടെങ്കിലും മുഷിയാതെ നിന്നുകൊടുക്കും.
സ്വാഭാവികമായും ഞങ്ങളുടെ ഒഴിവുസമയങ്ങളിലൊക്കെ ഞാൻ സാറിന്റെ സിനിമ അനുഭവങ്ങളെക്കുറിച്ച് ചോദിക്കും. സാറിന് കഥ പറയാൻ നല്ല കഴിവാണ്. ചിലർക്ക് മനോഹരമായി കഥകളെഴുതാൻ പറ്റും. പക്ഷേ, ഹൃദയത്തിൽ തട്ടുന്നവിധം പറയാൻ പ്രയാസമായിരിക്കും. സാറിന്റെ വിവരണങ്ങൾ നമ്മളെ മനസ്സ് തുറന്ന് ചിരിപ്പിക്കും. സിനിമാ സെറ്റുകളിൽ നടക്കുന്ന സംഭവങ്ങൾ സാറൊരു സിനിമയാക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ. നയൻതാരയെക്കുറിച്ച് പറയുമ്പോൾ വളരെ സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്. ആത്മാർഥതയുള്ള, വന്നവഴി മറക്കാത്ത നടിയാണ് അവരെന്ന് പറയുമായിരുന്നു.
എന്നോട് എപ്പോഴും ഒരു ജ്യേഷ്ഠന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. സാറിന്റെ വീട്ടിലെ വിശേഷദിവസങ്ങളിൽ എന്നെയും ക്ഷണിക്കും. സാറിന്റെ രണ്ടു പെൺകുട്ടികളും യു.എ.ഇയിലാണ് താമസിക്കുന്നത്. ബന്ധുക്കൾ മാത്രം ഉണ്ടായിരുന്ന കുടുംബ നോമ്പുതുറയിലും എന്നെ കൂടെക്കൂട്ടി.
അദ്ദേഹം ദുബൈയിലെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ഭാര്യ ഷെഹിയുണ്ടാക്കുന്ന ബിരിയാണിയൊക്കെ വളരെ ഇഷ്ടമായിരുന്നു. ചിലപ്പോൾ നോമ്പുതുറ വിഭവങ്ങളും ബിരിയാണിയുമായി ഷെഹി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തും. ഇടക്കിടെ സാറിന്റെ ചില സുഹൃത്തുക്കൾ ക്ഷണിക്കുന്ന നോമ്പുതുറ ഉണ്ടാകാറുണ്ട്. ദുബൈയിലെ റമദാനിനെ അദ്ദേഹം വളരെ ഇഷ്ടപ്പെട്ടു. തടസ്സമില്ലാതെ രാവിലെ മുഴുവൻ എഴുതാം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സന്തോഷം. കൊച്ചിയിലെപോലെ സന്ദർശകരോ ചാനൽ പരിപാടികളോ ടി.വി ഇന്റർവ്യൂകളോ ഇല്ലെന്നതും ആശ്വാസം.
മാർച്ച് 25നു നോമ്പ് തുറന്ന് വീട്ടിലെത്തിയ എനിക്ക് സിദ്ദീഖ് സാറിന്റെ വിളി വന്നു ‘അസിയൊന്ന് ബർദുബായിൽ വരണം. സിദ്ദി ലൊക്കേഷൻ ഇട്ടു തരും’. സിദ്ദീഖ് സാറിന്റെ അബൂദബിയിലുള്ള സുഹൃത്താണ് സിദ്ദി. സിദ്ദി തന്ന ലൊക്കേഷൻ അനുസരിച്ച് സാറിന്റെ മറ്റൊരു സുഹൃത്തായ സുലൈമാന്റെ അപ്പാർട്ട്മെന്റിൽ ഞാനെത്തി. മമ്മൂക്കയുടെ സഹചാരിയായ നസീർ ഭായും സാറും കൂടെ സിദ്ദിയും അവിടെയിരിക്കുന്നു. അവർ സാറിന്റെ ബർത്ത് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ബർത്ത് ഡേ കേക്ക് മുറിച്ച് ആദ്യം എനിക്ക് നീട്ടി. ആ നിമിഷം എന്റെ ജീവിതത്തിൽ മറക്കാനാകാത്ത നിമിഷമാണ്. മഹാനായ കലാകാരന്റെ, എന്റെ ഗുരുവിന്റെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം അടയാളപ്പെടുത്തിയ നിമിഷം.
അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഞാൻ ശ്രദ്ധിച്ച വേറൊരു കാര്യം അടുക്കും ചിട്ടയാണ്. ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽപോലും ഗ്ലാസ് കഴുകി തിരിച്ച് അതിന്റെ സ്ഥാനത്ത് വെച്ചാലേ അദ്ദേഹത്തിന് സമാധാനമാകൂ. സോഫയുടെ തുണി ഇളകിക്കിടന്നാൽപോലും അദ്ദേഹം അസ്വസ്ഥനാകും. അറിയാതെ നമ്മൾ വെള്ളം കുടിച്ച ബോട്ടിൽ കുറച്ചുനേരം താഴെ വെച്ചാൽ സാർ അതെടുത്ത് വേസ്റ്റിലിടും. ഗ്ലാസാണെങ്കിൽ എടുത്ത് കൊണ്ടുപോയി കഴുകിവെക്കും. സാറിനെകൊണ്ട് ഇത് ചെയ്യിക്കരുതെന്ന് കരുതി നമ്മൾ നല്ല സ്വഭാവക്കാരാകും. ഒരുദിവസം നോമ്പിന് അത്താഴമെത്തിക്കുവാൻ റസ്റ്റാറന്റുകാർ വിട്ടുപോയി. ഒരു പരാതിയും പറയാതെ അന്നും നോമ്പെടുത്തു.
സിദ്ദീഖ് സാറിന്റെ മകൾ സുമി, അവരെഴുതിയ ഇംഗ്ലീഷ് നോവലിന്റെ ആദ്യ കോപ്പി തന്റെ വാപ്പച്ചിക്ക് നൽകാനായി ഒരുദിവസം ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. അഭിമാനത്തോടെ മകളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. വാപ്പയുടെയും മകളുടെയും സ്നേഹചിത്രം മൊബൈലിൽ പകർത്തുവാൻ എനിക്ക് ഭാഗ്യമുണ്ടായി.
സിദ്ദീഖ് സാർ അമേരിക്കൻ യാത്ര കഴിഞ്ഞു വരുമ്പോൾ മൂന്നര വയസ്സുള്ള ഞങ്ങളുടെ മകളെ ഓർത്ത് അവിടെനിന്ന് അവൾക്ക് ഒരു ഫ്രോക്ക് വാങ്ങിക്കൊണ്ടു വന്നിരുന്നു. ആ ഡ്രസ്സാണ് എന്റെ മകൾ പെരുന്നാളിന് അണിഞ്ഞത്. അദ്ദേഹത്തെപോലെ തിരക്കുള്ളയാൾ ഇത്രയും ആഴത്തിൽ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതമാണ്.
തിരിച്ച് നാട്ടിലേക്ക് പോകാൻ വെറും രണ്ടുദിവസം മാത്രമുള്ളപ്പോഴാണ് എന്നോട് ആ രഹസ്യം സാർ പറഞ്ഞത് .
‘അസി ..എനിക്ക് ലിവറിന് ഒരു പ്രോബ്ലമുണ്ട് ...ലിവർ ഫൈബ്രോയിഡാണ്’
ഞാൻ സ്തബ്ധനായിപ്പോയി . ‘സാറെന്താ ഇത്ര കൂളായി പറയുന്നത്? ട്രീറ്റ്‌മെന്റ് ചെയ്യുന്നില്ലേ’? ഞാൻ ചോദിച്ച .
‘അതൊക്കെ ചെയ്യുന്നുണ്ട് .. പ്രശ്നോന്നുമില്ല ..ഒരു എട്ട് ഒമ്പതു കൊല്ലം ഒരു പ്രശ്നമുണ്ടാകില്ലെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട് . അതിനിടക്ക് എന്തെങ്കിലും ചെയ്താൽ മതി’. ഈ എന്തെങ്കിലും എന്നത് ട്രാൻസ്‌പ്ലാന്റ് ആയിരിക്കും സാർ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ ഖിസൈസിലെ ഒരു ക്ലിNovelist Asyനിക്കിൽ പോയി ബ്ലഡ് ടെസ്റ്റ് ചെയ്തു. റിസൾട്ട് വന്നപ്പോൾ സാറിന്റെ കൊളസ്ട്രോളും ഷുഗറുമൊക്ക നോർമലാണ്. ലിവറിന്റെ പരാമീറ്റേഴ്സ് മാത്രം കുറച്ച് വ്യത്യാസമുണ്ട്. അദ്ദേഹം മരുന്നുകളൊക്കെ വളരെ കൃത്യമായി കഴിക്കുന്ന ഒരാളായിരുന്നു.
അദ്ദേഹത്തെപോലെ ഒരു വ്യക്തിത്വത്തെ ഇനി ജീവിതത്തിൽതന്നെ കണ്ടുമുട്ടുമെന്ന് തോന്നുന്നില്ല. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ആളുകളോട് പെരുമാറുന്ന സിദ്ദീഖ് സാറിനെക്കുറിച്ച് എല്ലാവർക്കും പറയാനുണ്ടാവും. തെളിഞ്ഞുനിൽക്കുന്ന ജലാശയത്തെപോലെ ഒരു മനുഷ്യൻ! അദ്ദേഹത്തിന്റെ ശബ്ദവും ശരീരഭാഷയുമൊക്കെ അലിവിന്റേതാണ്.
അദ്ദേഹത്തിൽ നിന്ന് ലോക സിനിമയിൽതന്നെ ചർച്ച ചെയ്യാൻ സാധ്യതയുള്ള ചിത്രങ്ങൾ പിറക്കാനിരിക്കെയാണ് വിധി നമ്മളിൽനിന്ന് അദ്ദേഹത്തെ തട്ടിയെടുത്തത്. അദ്ദേഹത്തെ കുറിച്ചുള്ള സ്നേഹം നിറഞ്ഞ ഓർമകൾ അദ്ദേഹം തന്ന സിനിമകൾപോലെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.