‘പൈങ്ങാമഠം’ തറവാട്ടിലെ ഒത്തുചേരൽ; ആസിയ ബീവിക്ക് മറക്കാനാവാത്ത നോമ്പോർമ
text_fieldsമണ്ണഞ്ചേരി: 84കാരിയായ ആസിയ ബീവിക്ക് പഴയ നോമ്പുതുറയുടെ ഓർമകളാണ് ആദ്യം മുന്നിലെത്തുക. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തിൽ സാർ എന്ന പരേതനായ അബ്ദുൽ ഖാദറിന്റെ സഹധർമിണിക്ക് പറയാനുള്ളത് പൈങ്ങാമഠം തറവാടിലെ നോമ്പോർമകളാണ്. 18ാം വയസ്സിലാണ് മണ്ണഞ്ചേരിയിൽ എത്തിയത്. രാജഭരണ കാലത്തോളം ചരിത്രമുണ്ട് പൈങ്ങാമഠം തറവാടിന്. കോഴിക്കോട്ടെ കോയ കുടുംബക്കാരിൽനിന്ന് കുറെപ്പേരെ രാജാ കേശവദാസ് ആലപ്പുഴയിലേക്ക് ക്ഷണിച്ച് എത്തിച്ചതാണെന്നാണ് ചരിത്രം. ഇവിടെ താമസമാക്കി തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും കച്ചവടം നടത്താനും ഇവർക്ക് രാജാവ് അവസരമൊരുക്കി. അക്കാലത്ത് നിർമിച്ച വീടുകളിലൊന്നാണ് നഗരത്തിൽ കല്ലുപാലത്തിനു സമീപത്തുള്ള പൈങ്ങാമഠം.
ആലപ്പുഴ നെൽപുര പള്ളിയിലെ മഗ്രിബ് ബാങ്ക് വിളിക്കായി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾക്കായി നോമ്പുതുറ വിഭവങ്ങൾ നേരത്തേ ഒരുക്കിയിരിക്കും. നാരങ്ങ വെള്ളം, കോഴി അട, വാഴക്ക അട, മുട്ടയും കായും വറുത്തത്, ഉന്നക്കായ് തുടങ്ങി വിഭവസമൃദമായ ചെറിയ നോമ്പുതുറ. എല്ലാവരും ചേർന്നുള്ള നമസ്കാരശേഷം വലിയ നോമ്പുതുറ. നോമ്പ് കഞ്ഞിയാണ് വിഭവങ്ങളിലെ പ്രധാനം. മൂന്നുതരം കഞ്ഞിയാണ് അന്ന് വെക്കുന്നത്. ഗോതമ്പ്, റവ, ജീരക കഞ്ഞി.
റമദാനിന്റെ എല്ലാ വെള്ളിയാഴ്ചയും തറാവീഹ്, തസ്ബീഹ് നമസ്കാരങ്ങൾ സ്ത്രീ അംഗങ്ങൾ ഒന്നിച്ച് ചെയ്യും. തലശ്ശേരിയിലെ മുതിർന്ന അമ്മായിയാണ് പ്രാർഥനക്ക് നേതൃത്വം നൽകിയിരുന്നത്. ഇടയത്താഴത്തിന് ഉപ്പും കഞ്ഞിവെള്ളവും നെയ്യിൽ താളിച്ചത് ചോറിൽ ഒഴിക്കും. പപ്പടം, ചേന ഉൾപ്പെടെ പൊരിച്ചതും ലക്ഷദ്വീപിൽനിന്ന് വരുന്ന മാസ് കൊണ്ടുള്ള ചമ്മന്തിയും പാൽ വാഴക്കയുമായിരുന്നു പ്രധാന വിഭവം. റമദാൻ നാളിൽ മീൻ പൂർണമായും മാറ്റിനിർത്തും.
ഓർമകൾ പുതുക്കാൻ കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ എത്തിയ കുടുംബാംഗങ്ങൾ കഴിഞ്ഞ രണ്ടുമാസം മുമ്പ് ഒത്തുചേർന്നിരുന്നു. 329 ബീവിമാരാണ് അന്ന് കൂടിയത്. ഏഴ് മക്കളിൽ ഇളയവനായ സക്കീർ ഹുസൈന്റെ കുടുംബത്തിനൊപ്പമാണ് ആസിയ ബീവിയുടെ താമസം. കണ്ണടയില്ലാതെ ഖുർആൻ പാരായണം ചെയ്യുന്ന ആസിയ ബീവി ഓമവെച്ചനാൾ മുതൽ വ്രതാനുഷ്ഠാനം മുടക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.