റമദാൻ യാത്ര മൊഴിയുന്നു
text_fieldsറമദാൻ വിടപറയുകയാണ്. നന്മയുടെ വഴിയിൽ ജീവിക്കാൻ ശീലിച്ച പകലിരവുകൾ. പടച്ചോനോടും പടപ്പുകളോടുമുള്ള ബന്ധങ്ങളുടെ ഊഷ്മളതയും അനുഭൂതിയും അനുഭവിച്ചറിഞ്ഞൊരു കാലം. ആ അനുഭൂതികൾ വല്ലാതെയൊന്നും നഷ്ടപ്പെടാതെ വരുംകാല നാളുകളിലെ ജീവിതത്തോട് ചേർത്തുവെക്കുക എന്നിടത്താണ് നോമ്പുകാരൻ വിജയിക്കുന്നത്. റമദാനിൽ പുതിയ പല നന്മകളും സുകൃതങ്ങളും ശീലിച്ചിട്ടുണ്ടാകും വിശ്വാസികൾ. റമദാൻ കഴിഞ്ഞ് അതെല്ലാം അതുപോലെ കൊണ്ടുനടക്കാൻ എല്ലാവർക്കുമാകണമെന്നില്ല. കാരണം റമദാനിൽ പടച്ചോൻതന്നെ പ്രത്യേകം ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെക്കുന്നുണ്ട്. എല്ലാം അതുപോലെ കൊണ്ടുനടക്കാനായില്ലെങ്കിലും ചിലതൊക്കെ ഇനിയുള്ള മാസങ്ങളിലും ബാക്കിയാവണം. അല്ലാഹുവിന് ഏറ്റവും പ്രിയം, കുറച്ചാണെങ്കിലും പതിവായി ചെയ്യുന്ന നന്മകളാണെന്ന് റസൂൽ പഠിപ്പിക്കുന്നു.
പടച്ചോന്റെ കാരുണ്യം നമ്മെ പൊതിഞ്ഞുനിന്ന ദിനരാത്രങ്ങളാണ് വിടപറയുന്നത്. ആ കാരുണ്യത്താൽ ഞാനെന്ന വ്യക്തി മാത്രമല്ല, നമ്മളെന്ന സാമൂഹികബോധംകൂടിയാണ് സുകൃതങ്ങളാൽ തളിർത്തത്. നോമ്പ് ഒരു ആരാധനകർമമാകുമ്പോൾതന്നെയും അത് മനുഷ്യരെ പരസ്പരം ചേർത്തുപിടിച്ച് നീതിയിലും സഹവർത്തിത്വത്തിലുമൂന്നിയ ഒരു സാമൂഹികത രൂപപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിലെ അനുഷ്ഠാനങ്ങളിലെല്ലാം ഈ സാമൂഹികത നമുക്ക് കണ്ടെടുക്കാനാകും. റമദാനിന് ശേഷം ക്രിയാത്മകമായ തുടർച്ചകളുണ്ടാകുമ്പോൾ ആ കൂട്ടായ്മകൾ നാട്ടിൽ നന്മകൾ പടർത്തും.
അല്ലാഹുവിൽനിന്നുള്ള കാരുണ്യത്തിനും വിട്ടുവീഴ്ചക്കും ധാരാളമായി പ്രാർഥിച്ചവർ അതിനുത്തരം ലഭിക്കുന്നത് ചുറ്റുമുള്ളവരോട് കരുണയും വിട്ടുവീഴ്ചയും ചെയ്യുമ്പോഴാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ അലിവുള്ളവരായി മാറിയിട്ടുണ്ട്. ഖുർആനായിരുന്നു നോമ്പിന്റെ പൊരുൾ. ഖുർആനിന്റെ വഴിയിൽ ജീവിക്കാൻ കഴിയുന്ന തഖ്വ ബോധമാണ് നോമ്പ് സമ്മാനിക്കേണ്ടത്. ജീവിതത്തിലെ ഏറ്റവും ഉത്തമമായ പാഥേയം തഖ്വയായി മാറുന്നതങ്ങനെയാണ്.
ജീവിതത്തിൽ ഇനിയൊരു റമദാൻ വന്നെത്തുമെന്നൊരുറപ്പുമില്ലാതെയാണ് ഓരോ വിശ്വാസിയും റമദാനിനോട് വിടപറയുന്നത്. ഇനിയും സുകൃതങ്ങളുടെ സുഗന്ധവുമായി തിരിച്ചുവരണമെന്ന ആഗ്രഹത്തോടൊപ്പം പടച്ചോൻ നൽകിയ ഒടുവിലത്തെ അവസരമായിരിക്കുമെന്ന ചിന്തയിൽ പെറുക്കിയെടുത്ത നന്മകളെല്ലാം സ്വീകാര്യമായ സത്കർമങ്ങളായി മാറണമെന്ന മനം നിറഞ്ഞ പ്രാർഥനയോടെയാണ് അവർ റമദാനിന് വിട പറയുന്നത്. ഓരോ നോമ്പ് തുറക്കുമ്പോഴുമനുഭവിച്ച സന്തോഷത്തേക്കാൾ ഒരുപാടിരട്ടി സന്തോഷം ലഭിക്കുന്ന പ്രതിഫല നാളിനായുള്ള പ്രതീക്ഷയുടെ കാത്തിരിപ്പുകൂടിയാണ് റമദാൻ ബാക്കിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.