എന്റെ കുഞ്ഞുങ്ങളെനിക്കായ് തുറന്ന റയ്യാൻ കവാടം
text_fieldsജീവിത വിശുദ്ധി തേടിയുള്ള ആരാധനയാണ് റമദാൻ നോമ്പുകൾ. അതിൽ വ്യക്തികളും, സമൂഹവും ചേർന്നുള്ള ഒരുമയുടേയും, ഒത്തുചേരലിന്റെയും അങ്ങിനെ ഒട്ടേറെ പുണ്യപ്രവൃത്തികൾ ചെയ്യുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ അനുഭവത്തിലെ റമദാൻ, തികച്ചും വേറിട്ടതായിരുന്നെന്ന് എടുത്ത് പറയേണ്ടതുണ്ട്. റമദാൻ മാസമായപ്പോൾ സ്കൂളിലെ എന്റെ ക്ലാസ് മുറികളിൽ ചെറിയ കുട്ടികൾപോലും നോമ്പു പിടിച്ചിരിക്കുന്നുണ്ടെന്നെനിക്ക് മനസിലായി.
എന്റെ അന്നത്തെ മാനസികാവസ്ഥയിൽ അവരെ കാണുമ്പോൾ തന്നെ മനസിൽ സങ്കടം തോന്നിയിരുന്നു. അവരുടെ മുഖത്തെ ക്ഷീണം എന്റെ ഹൃദയത്തിനൊരു അസ്വസ്ഥതയായിരുന്നു. പക്ഷെ, ആ കുഞ്ഞു കണ്ണുകളിൽ ഞാൻ ദൈവസ്നേഹത്തിന്റെ തിളക്കം കാണാറുണ്ടായിരുന്നു. ഒരു ദൃഢ പ്രതിജ്ഞയുടെ കരുത്ത് പോലൊരു ആത്മീയ തിളക്കം. അവരുടെ ഈ നിശബ്ദമായ അർപ്പണ ബോധം എന്റെയുള്ളിന്റെ ആഴങ്ങളെ തൊട്ടപ്പോൾ, ഞാനും അവരോടൊപ്പം നോമ്പെടുത്ത് തുടങ്ങി. എന്റെ ആത്മാവിലതൊരു സ്നേഹ തലോടലായി.
ദൈവസ്നേഹത്തിന്റെ വിഹായസിലേക്ക് കുഞ്ഞുങ്ങൾ കൈ പിടിച്ചു നടത്തിയത് പോലെ. നോമ്പുകാരിയായപ്പോൾ ദാഹത്തിന്റെ ഓരോ നിമിഷവും ഞാൻ ക്ഷമയുടെ മധുരം നുകരുകയായിരുന്നു. അച്ചടക്കത്തിന്റെ മനോഹാരിതയിൽ അഭിമാനം തോന്നി. ദൃഢനിശ്ചയത്തിന്റെ കരുത്ത് എന്റെ ഉള്ളിൽ വിരിഞ്ഞു. നോമ്പ് അനുഷ്ഠിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.
ഒരു മാസത്തെ നോമ്പിന് ശേഷം സ്കൂളിൽ ഗംഭീരമായ പെരുന്നാൾ ആഘോഷമാണ്. മധുര പലഹാരങ്ങൾ പങ്കുവെക്കൽ, മൈലാഞ്ചിയിടൽ, സമ്മാനപ്പൊതികൾ കൈമാറൽ... ഇങ്ങനെയുള്ള ഒട്ടനവധി പരിപാടികൾ.
രക്ഷാകർത്താക്കളും, കുട്ടികളും, അധ്യാപകരും ഒത്ത് ചേർന്ന് സ്കൂളിന് സമീപത്തെ വ്യദ്ധസദനത്തിലെത്തി സക്കാത്ത് കൊടുക്കാറുണ്ട്. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമാണ്. സ്നേഹവും കരുണയും സഹാനുഭൂതിയും നന്മയും ഒക്കെ നിറഞ്ഞ ഒരു അന്തരീക്ഷം.
സ്കൂളിലെ അധ്യാപകരുടെ വീടുകളിൽ വൈകുന്നേരങ്ങളിൽ ഇഫ്താർ വിരുന്നിന് ക്ഷണിക്കാറുണ്ട്. സ്കൂൾ വിട്ട് വന്ന ശേഷം വൈകുന്നേരം എല്ലാവരും കുടുംബസമേതം ഒത്ത് ചേരും. പിന്നെ നോമ്പുതുറക്കലായി ..പ്രാർഥനയായി....കുട്ടികൾ പാട്ടും, പറച്ചിലുമായി നോമ്പ് സന്തോഷം പങ്കുവെക്കലാണ്. സുഹൃത്തുകളുമായുള്ള ഇതുപോലുള്ള കൂടിച്ചേരലുകൾ അപൂർവ്വമാണ്. ഇതാണ് ജീവിതത്തിൽ ഒത്തുചേരലിന്റെ സന്തോഷം. ഇതാണ് ദിവ്യ സ്നേഹം നിറഞ്ഞ ലോകം എന്ന് തോന്നി പോയ നിമിഷങ്ങൾ!
അടുത്ത വീട്ടിലെ ഷക്കീലയുമ്മയുടേയും, കുടുംബത്തിന്റെയും സൽക്കാരം ഒട്ടും മറക്കാനാകില്ല. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ആകുമ്പോൾ നോമ്പു കഞ്ഞിയുമായി വിളിക്കും. ഉമ്മയുടെ “വാ, നോമ്പുതുറക്കാം” എന്ന വിളി എന്റെ ഹൃദയത്തിൽ തൊടുന്ന സ്നേഹമാണ്. ആ വിളിക്കായി കാത്തിരിക്കുന്ന ദിവസങ്ങളുമുണ്ട്.
നോമ്പ് കാലമാകുമ്പോൾ ഉമ്മായുടെ കഞ്ഞിയുടെ രുചി നാവിൽ വരും... ചില ദിവസങ്ങളിൽ എണ്ണ പലഹാരങ്ങളും ഉണ്ടാകും. സമൂസ, വട, ചമ്മന്തി, പഴംപൊരി അങ്ങിനെ പലതും കാണും. ഇതൊക്കെ ജീവിതത്തിൽ മറവിപറ്റാത്ത റമദാൻ സ്നേഹം തന്നെ. പെരുന്നാൾ ദിവസം ഷക്കീലയുമ്മ വീട്ടിലേക്ക് ക്ഷണിക്കും. ഞങ്ങൾ മാത്രമല്ല, ചുറ്റുമുള്ള അയൽക്കാരൊക്കെ ഉണ്ടാകും. എല്ലാവരും ഒത്തുചേർന്നാണ് പാചകം. ഉമ്മ നിറചിരിയോടെ രുചികരമായ ബിരിയാണി നിറയുവോളം വിളമ്പി തരും. ഇതൊക്കെയാണ് ഈദ് പെരുന്നാൾ ദിനങ്ങൾ.
ഇസ്ലാം വിശ്വാസത്തിലെ പ്രധാന പ്രാർഥനയായ റമദാൻ നോമ്പ് എന്നുമെനിക്ക് നൽകിയിട്ടുള്ളത്. നോമ്പിന്റെ രുചിയറിഞ്ഞയാളെന്ന നിലക്ക് പറയട്ടെ, നോമ്പുകാരുടെ ലക്ഷ്യം ഹൃദയവിശുദ്ധി തന്നെയാണ്. ഒരു ദിവ്യാനുഭവമാണ്. മനസിന്റെയും, ശരീരത്തിന്റെയും ശുദ്ധീകരണത്തിനുള്ള നിശബ്ദ പ്രാർഥനയാണ്. റമദാനിലെ നോമ്പുകാർ കടന്നുപോവുന്ന സ്വർഗകവാടമാണ് റയ്യാൻ. എന്റെ കുഞ്ഞു വിദ്യാർഥികളെന്റെ ആത്മാവിൽ പകർന്നൊരു ദിവ്യ ആനന്ദമാണ് റമദാനിലെ ഈ റയ്യാൻ. സമാധാനത്തിന്റെതും സന്തോഷത്തിന്റെതും അനുഭവങ്ങൾ സമ്മാനിച്ചു കടന്നുപോവുന്ന റമദാന് എന്റെ സ്നേഹ ഭാവുകങ്ങൾ. എല്ലാവർക്കും ഈദ് ആശംസകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.