റമദാനും എന്റെ റബ്ബും
text_fieldsബഷീർ കാവിൽ
നിങ്ങളൊക്കെ അല്ലാഹുവിനെ കണ്ടതുപോലെ ‘സുബ്ഹാനല്ലാഹ്’ എനിക്കും അല്ലാഹുവിനെ കാണാൻ കഴിഞ്ഞു. മൂന്നു തവണ ഞാനെന്റെ റബ്ബിനെ കണ്ടിട്ടുണ്ട്. ഒരിക്കൽ കണ്ടത് നോമ്പിനായിരുന്നു. എനിക്കന്ന് ഖത്തർ കൾചറൽ അറ്റാച്ചിലായിരുന്നു ജോലി. എന്റെ ജോലി സ്ഥലത്തുനിന്ന് ഖത്തർ എംബസി ഏകദേശം 150 മീറ്റർ അകലെയാണ്. അവിടെനിന്ന് 200 മീറ്ററകലെയാണ് മസ്ജിദുത്തൗഹീദ്. 2006ലെ റമദാൻ. ആദ്യ നോമ്പ് തുറക്കാനായി ഞാൻ പള്ളിയിലേക്കു നടന്നു. പോകുന്ന വഴി ഖത്തർ എംബസി സെക്യൂരിറ്റിയെ കണ്ടപ്പോൾ ദൂരെ നിന്ന് കൈപൊക്കി ചിരിച്ചുകൊണ്ട് സലാം പറഞ്ഞു. അദ്ദേഹം മിസ്രിയാണ്, നല്ല മനുഷ്യൻ.
നോമ്പുതുറ നടത്താനായി തലേദിവസം ഒരു വലിയ മനസ്കൻ (അറബി) 20 ദീനാറിന്റെ നോട്ടുകൾ പള്ളി ഇമാമിനെ ഏൽപിക്കുന്നത് ഞാൻ കണ്ടിരുന്നു. നാളെ മുതൽ വമ്പിച്ച നോമ്പുതുറയായിരിക്കും പള്ളിയിൽ എന്നറിഞ്ഞ ഞാൻ വളരെ സന്തോഷത്തോടെയും ഏറെ പ്രതീക്ഷയോടെയുമാണ് പള്ളിയിലെത്തിയത്. എന്നാൽ, നോമ്പുതുറ അടയാളങ്ങളൊന്നും കാണാതായപ്പോൾ മനസ്സൊന്ന് പിടഞ്ഞു. ഉടനെ ബാങ്ക് വിളി തുടങ്ങി. ഏതാനും ആളുകൾ നോമ്പ് തുറക്കാനൊരുങ്ങിയെങ്കിലും അൽപം ഈത്തപ്പഴവും വെള്ളവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരോടൊന്നിച്ച് ഞാനും നോമ്പ് തുറന്നു. നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ കഴിക്കാനൊന്നുമില്ല, വെള്ളമല്ലാതെ. റൂമിലേക്കുള്ള ഓരോ കാൽവെപ്പും എന്നെ ഒരുപാട് സങ്കടപ്പെടുത്തി. ഇന്നത്തെപ്പോലെ കൈയിൽ കാശോ ഭക്ഷണം ഓർഡർ ചെയ്യുന്ന സൗകര്യങ്ങളോ അന്നുണ്ടായിരുന്നില്ല.
18 വർഷം മുമ്പാണല്ലോ. അങ്ങനെ സങ്കടമനസ്സോടെ റൂമിലേക്കു പോകുന്നവഴി, ഞാൻ എംബസിക്കടുത്തെത്തിയപ്പോൾ ദൂരെനിന്നും മിസ്രി പൊലീസ് എന്നെ വിളിക്കുന്നു. അദ്ദേഹം ഭക്ഷണം കഴിക്കാതെ ഞാൻ പള്ളിയിൽനിന്നു തിരിച്ചുവരുന്നതും കാത്തിരിക്കുകയായിരുന്നു. ഉടനെ ഞാൻ പൊലീസിനടുത്തെത്തിയപ്പോൾ അദ്ദേഹം എനിക്കൊരു ഭക്ഷണപ്പൊതി തന്നിട്ടുപറഞ്ഞു എന്റെ കൈയിൽ രണ്ടാൾക്കുള്ള ഭക്ഷണമുണ്ട്, ആയതിനാൽ ഇത് നിങ്ങൾ വാങ്ങിക്കണമെന്ന്. ഇദ്ദേഹം പറയുന്നത് വെറുതെയായിരിക്കും, കാരണം ആരും നോമ്പുതുറ ഭക്ഷണം കൂടുതൽ കൈയിൽ കരുതാൻ സാധ്യതയില്ല എന്ന് കരുതി എനിക്കു വേണ്ട എന്ന് പലതവണ പറഞ്ഞിട്ടും അദ്ദേഹം വിസമ്മതിക്കുകയും നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ ഞാൻ ആ ഭക്ഷണപ്പൊതിയും വാങ്ങി റൂമിലേക്കു നടക്കുമ്പോൾ എന്റെ മനസ്സിൽ അല്ലാഹു തെളിഞ്ഞുവന്നു. അതെ, അല്ലാഹുതന്നെയാണ് എനിക്ക് ഈ ഭക്ഷണമെത്തിച്ചുതന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.