യുവാക്കളും റമദാനും
text_fieldsസത്യത്തിന്റെയും നീതിയുടെയും പതാകയുടെ മുന്നിൽ ആദ്യം അണിനിരക്കുക യുവാക്കളാണ്. ചരിത്രത്തിൽ എല്ലാ കാലത്തും അതാണ് പൊതുവെയുള്ള പ്രതിഭാസം. ഇസ്ലാമിന്റെ സന്ദേശവുമായി മുഹമ്മദ് നബി മക്കയിൽ എഴുന്നേറ്റുനിന്ന ഘട്ടം. നബിയെ പിന്തുണച്ച് സർവതും സമർപ്പിച്ച് ആദ്യമായി കടന്നുവന്നവരിൽ അധികവും ചെറുപ്പക്കാരായിരുന്നു. നബിയുടെ അണിയിലേക്ക് ഉമർ കയറിവന്നത് 26ാമത്തെ വയസ്സിലാണ്. അബൂബക്റിന് 37 വയസ്സ്. ഉസ്മാൻ (34), അലി (8), അബൂ ഉബൈദ (27), സഅ്ദുബ്നു അബീവഖാസ് (18), അബ്ദുർറഹ്മാനിബ്നു ഔഫ് (30), സുബൈറുബ്നു അവാം (16), മിസ്അബ് (24), ഇബ്നു മസ്ഊദ് (14)... റസൂലിന്റെ ദൗത്യസംഘത്തിൽ സ്വഹാബികൾ ചേർന്ന പ്രായമാണിത്.
ലോകത്തെവിടെയെല്ലാം സാമൂഹിക പരിവർത്തനം നടന്നിട്ടുണ്ടോ അവിടെയെല്ലാം അതിന്റെ മുൻനിരയിൽ ഭൂരിഭാഗവും ഉണ്ടായിരുന്നത് യുവാക്കളായിരുന്നു. യുവാക്കളാണ് സാമൂഹിക മാറ്റത്തിന്റെ ചാലകശക്തി. ചരിത്രത്തിലുടനീളം ദീനിനെ മുന്നിൽനിന്ന് നയിച്ചതും ദീനിന്റെ സഞ്ചാരഗതി നിയന്ത്രിച്ചതും ചെറുപ്പക്കാരായിരുന്നു. സാഹസിക മനസ്സും കാമ്പും കരുത്തും ഉന്മേഷവും ആരോഗ്യവും ഊർജസ്വലതയുമുള്ള ഘട്ടമാണ് യൗവനം. അതിനോടൊപ്പം ഈമാനിക ശക്തിയും ധാർമിക കരുത്തുംകൂടി സമ്മേളിച്ചാലോ! അത്ഭുതങ്ങൾ സംഭവിക്കും. സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. നീതിയുടെ പോരാട്ടങ്ങൾ വിജയത്തിലേക്കെത്തും. അവരെ പരാജയപ്പെടുത്താൻ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഗസ്സയിൽ നാം കാണുന്നത്. അവിടെ പോരാട്ട ഭൂമിയിൽ നിറഞ്ഞുനിൽക്കുന്നത് ചെറുപ്പക്കാരാണ്.
അതുകൊണ്ടുതന്നെയാണ് യുവാക്കൾക്കും യൗവനത്തിനും ഇസ്ലാം വലിയ പ്രാധാന്യം നൽകിയത്. വാർധക്യം വരുന്നതിനു മുമ്പുള്ള യൗവനകാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ മുഹമ്മദ് നബി പ്രത്യേകം നിർദേശിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ചെറുപ്പക്കാർക്ക് നാളെ മഹ്ശറിൽ പ്രത്യേകം തണൽ ലഭിക്കുമെന്നും നബി വാഗ്ദാനം ചെയ്തു.
യൗവനം ശാരീരികമായി കരുത്തുള്ളതാകണം. അതിനാവശ്യമായ ജീവിതശൈലികൾ രൂപപ്പെടുത്തണം. അതോടൊപ്പം യൗവനം ആത്മീയതകൊണ്ട് പ്രകാശപൂരിതമാകണം. ആത്മീയ കരുത്തും ധാർമിക ശക്തിയും സംഭരിക്കാൻ സഹായിക്കുന്ന സുപ്രധാനമായ ദിനരാത്രങ്ങളാണ് റമദാൻ. ആഴത്തിലുള്ള ആത്മീയ കരുത്ത് ഉണ്ടെങ്കിൽ മാത്രമേ തെറ്റിലേക്ക് വഴുതിവീഴാതെ അല്ലാഹുവിന്റെ മാർഗത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കൂ. ആത്മീയ കരുത്ത് സമ്മാനിക്കാൻ റമദാൻ നമ്മുടെ കൂടെയുണ്ട്. ഉപയോഗപ്പെടുത്തുക പരമാവധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.