ധർമപാത
text_fieldsഫിത്വർ സകാത്
ഈദുൽ ഫിത്റിനോടനുബന്ധിച്ച് മുസ്ലിംകൾ നൽകുന്ന നിർബന്ധ ദാനമാണ് ഫിത്വർ സകാത്. വ്രതം അവസാനിപ്പിക്കുക എന്നാണ് ഫിത്വർ എന്ന വാക്കിനർഥം. റമദാൻ വ്രതം അവസാനിക്കുന്നതോടെ നിർബന്ധമാകുന്ന ദാനമായത് കൊണ്ടാണ് അതിന് ആ പേര് സിദ്ധിച്ചത്.
പെരുന്നാൾ ദിവസത്തെ ചെലവ് കഴിച്ച് ഫിത്വർ സകാത് നൽകാൻ സാമ്പത്തിക ശേഷിയുള്ള എല്ലാവർക്കും അത് നിർബന്ധമാണ്. സാധാരണ സകാത് നിർബന്ധമാകുന്നത് ഒരാളുടെ സാമ്പത്തികശേഷി പരിഗണിച്ചാണെങ്കിൽ ഫിത്വർ സകാത് ആളുകളുടെ എണ്ണം അനുസരിച്ചാണ്. പ്രവാചക ശിഷ്യനായ അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു: അല്ലാഹുവിന്റെ റസൂൽ മുസ്ലിംകളിൽപെട്ട അടിമക്കും സ്വതന്ത്രനും പുരുഷനും സ്ത്രീക്കും ചെറിയവനും വലിയവനും ഒരു സ്വാഅ് കാരക്കയോ ഒരു സ്വാഅ് യവമോ ഫിത്വർ സകാത് ആയി നിർബന്ധമാക്കിയിരിക്കുന്നു.
സാധാരണ സകാതിൽനിന്ന് വ്യത്യസ്തമായി ഫിത്വർ സകാത്തിന്റെ ഒരു ലക്ഷ്യം നോമ്പുകാരന്റെ നോമ്പ് വേളയിൽ സംഭവിച്ചേക്കാവുന്ന വീഴ്ചകൾക്ക് പരിഹാരമാവുക എന്നതാകുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ് പറയുന്നു: ‘നോമ്പുകാരന് അനാവശ്യങ്ങളിൽനിന്നും മ്ലേച്ഛകാര്യങ്ങളിൽനിന്നുമുള്ള പരിശുദ്ധിയായും അഗതികൾക്ക് ആഹാരമായും നബി (സ) ഫിത്വർ സകാത് നിർബന്ധമാക്കി’
ഒരു നാട്ടിലെ പ്രധാന ഭക്ഷ്യവസ്തുവാണ് ഫിത്ർ സകാത്തായി നൽകേണ്ടത്.പ്രവാചകന്റെ കാലത്ത് കാരക്ക, ഉണക്ക മുന്തിരി, ഗോതമ്പ്, യവം, പാൽക്കട്ടി മുതലായ വസ്തുക്കൾ ആയിരുന്നു നൽകിയിരുന്നതെന്ന് വിവിധ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ പ്രധാന ഭക്ഷണധാന്യമായ അരിയാണ് കേരളീയർ ഫിത്വർ സകാത് ആയി നൽകേണ്ടത്. ഓരോ ആൾക്കും വേണ്ടി ഓരോ സ്വാഅ് അരി നൽകണം. നബി(സ) യുടെ കാലത്തുണ്ടായിരുന്ന ഒരു അളവ് പാത്രമാണ് സ്വാഅ്. ഏകദേശം രണ്ടരക്കിലോ തൂക്കം വരും ഒരു സ്വാഅ് അരി. പെരുന്നാൾ ദിവസം പാവങ്ങളുടെ പട്ടിണി അകറ്റുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഭക്ഷണസാധനം നൽകുന്നത് പോലെ അതിന്റെ വില നൽകിയാലും അത് സാധിക്കുന്നതാണ്. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകുന്ന കാലത്ത് അതുതന്നെ നൽകണമെന്നും ക്ഷാമം ഇല്ലാത്ത കാലത്ത് വില നൽകിയാൽ മതിയെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.
ഫിത്വർ സകാത് നിർബന്ധമാകുന്നത് റമദാനിലെ അവസാനത്തെ വ്രതം പൂർത്തിയായതിന് ശേഷമാണ്. പെരുന്നാൾ നമസ്കാരത്തിന് മുമ്പാണ് ഫിത്വർ സകാത് നൽകേണ്ടത്. പെരുന്നാൾ നമസ്കാരത്തേക്കാൾ അത് പിന്തിക്കുകയാണെങ്കിൽ അതൊരു സാധാരണ ദാനമായിട്ടേ പരിഗണിക്കപ്പെടുകയുള്ളൂ. സകാത്തിന്റെ അവകാശികൾതന്നെയാണ് ഫിത്വർ സകാത്തിന്റെ അവകാശികളും. എന്നാൽ, ദരിദ്രർക്ക് മുൻഗണന നൽകി ആവശ്യമനുസരിച്ചു മറ്റ് വിഭാഗങ്ങളിലും അത് ചെലവഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.