വഴി തെറ്റിയ ദിനത്തിലെ നോമ്പ് തുറ!
text_fieldsനോമ്പുകാലം എന്നോർക്കുമ്പോൾ മനസ്സിലേക്ക് നിരവധി കാര്യങ്ങൾ ഓടി വരാറുണ്ട്. ഗൾഫിലെ ഒരു നോമ്പുകാലം, ചൂട് കൂടുതലുള്ള ഒരു സമയം. എത്ര ചൂടുള്ള കാലമാണെങ്കിലും നോമ്പ് കാലത്ത് ഒരു വിശ്വാസിയെ സംബന്ധിച്ച് അതൊന്നും ഒരു ചൂടായി അനുഭവപ്പെടാറില്ല. മനസ്സും ശരീരവും അല്ലാഹുവിൽ അർപ്പിച്ചുള്ള ഒരു തപസ്യയാണ് ഓരോ നോമ്പുകാലവും. പുണ്യ മാസത്തിലെ ഒരു വെള്ളിയാഴ്ച, അന്നായിരുന്നു നോമ്പുതുറപ്പിക്കൽ വെച്ചത്, ഒരു കടൽ തീരത്തുള്ള റിസോട്ടിലായിരുന്നു അത്. ഭർത്താവ് ഉച്ച കഴിഞ്ഞപ്പോൾ തന്നെ റിസോട്ടിലേക്ക് പോയി. എന്നോടും കുട്ടികളോടും ആറ് മണിയോടുകൂടി എത്തിയാൽ മതിയെന്നു പറഞ്ഞു. വീട്ടിൽനിന്നും അരമണിക്കൂർ ദൂരമേയുള്ളു റിസോർട്ടിലേക്ക്. അതനുസരിച്ചു ഞങ്ങൾ അഞ്ചരയോടെ പരിചിതമായ റിസോർട്ടിലേക്ക് പുറപ്പെട്ടു.
മെയിൻ റോഡിൽനിന്നും പോക്കറ്റ് റോഡിലേക്ക് കയറിയാൽ പിന്നെ 10മിനിറ്റ് ദൂരമേയുള്ളു. എന്നാൽ, ഞങ്ങൾ പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു 15മിനിറ്റ് കഴിഞ്ഞിട്ടും റിസോർട്ട് കാണുന്നില്ല. ഒഴിഞ്ഞ ഒരു പ്രദേശത്താണ് ഈ റിസോർട്ടുള്ളത്. അവിടെ മറ്റു വീടുകളോ കടകളോ ഒന്നുമില്ല. ഇന്നത്തെ പോലെ ഗൂഗ്ൾ മാപ്പ് ഒന്നുമില്ലല്ലോ. പെട്ടെന്ന് എനിക്ക് മനസ്സിലായി വഴി തെറ്റിയെന്ന്, ആറുമണിയാവാറായി. ആറരക്കാണ് മഗ്രിബ് ബാങ്ക് കൊടുക്കുന്നത്, അതിന് മുന്നേ അവിടെയെത്തണം. മൊബൈൽ ഫോൺ പ്രചാരത്തിൽ വരാത്ത ഒരു കാലമാണെന്നോർക്കണം. എന്റെ ഉള്ളിലെ വിഭ്രാന്തി ഒന്നും കുട്ടികളെ കാണിച്ചില്ല. ഞാൻ ഉടൻ വണ്ടി തിരിക്കാൻ നോക്കിയപ്പോൾ, അതാ ഒട്ടകക്കൂട്ടങ്ങൾ മുന്നിൽ നിൽക്കുന്നു. ഒട്ടകങ്ങൾ കടന്നുപോകാതെ ഇനി വണ്ടിയെടുക്കാൻ പറ്റില്ല. അങ്ങനെ കുറച്ച് സമയം കൂടി പാഴായി.
വണ്ടി തിരിച്ചു വീണ്ടും വന്ന വഴിയിലൂടെ. 15മിനിറ്റ് എടുത്തു മെയിൻ റോഡിലെത്താൻ. അവിടെനിന്ന് മുന്നോട്ടാണോ പിറകോട്ടാണോ പോകേണ്ടത് എന്ന് ആലോചിച്ചു. രണ്ടും കൽപിച്ചു മുന്നോട്ട് എടുത്തു. ഓരോ മിനിറ്റ് കഴിയുന്തോറും ടെൻഷനായി, നോമ്പ് തുറക്കുന്നതിനു മുന്നേ അവിടെ എത്താൻ കഴിയില്ലേ എന്ന ആശങ്ക തോന്നി. എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ റിസോർട്ടിലേക്കുള്ള വഴി കണ്ടു. ഏഴ് മിനിറ്റ് കൊണ്ട് അവിടെ എത്തി. റിസോർട്ടിന്റെ മുന്നിൽ ഭർത്താവ് നിൽക്കുന്നു. എന്താ ഇത്ര വൈകിയത് കുറച്ച് നേരത്തേ ഇറങ്ങാമായിരുന്നില്ലേ എന്ന് ഒരു ശാസന സ്വരത്തിൽ അദ്ദേഹം പറഞ്ഞു, ഞാൻ ഒന്നും മിണ്ടാതെ ഒന്നു പുഞ്ചിരിച്ചു സ്രഷ്ടാവിനു സ്തുതി പറഞ്ഞ് ഞാൻ മെല്ലെ നടന്നു നീങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.